

പുരുഷാധിപത്യം നിലനിൽക്കുന്ന ഇന്ത്യൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര നടിമാരോട് ഫെമിനിസത്തെക്കുറിച്ച് ചോദിക്കുന്നത് അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം ഫെമിനിസത്തെക്കുറിച്ച് നടി ശ്രുതി ഹാസൻ നടത്തിയ പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫെമിനിസത്തിന്റെ പേരിൽ പുരുഷാധിപത്യത്തെ എതിർക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ശ്രുതിയുടെ നിലപാട്. ഫെമിനിസം എന്നാൽ തന്റെ സ്ത്രീത്വവും, ജീവിതവുമാണെന്നാണ് വിശ്വാസമെന്നും പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ തന്റെ ജോലി പൂർണമായി ചെയ്യാനാവില്ലെന്നും താരം അഭിപ്രായപ്പെട്ടിരുന്നു.
ഫെമിനിസം എന്നാൽ പുരുഷാധിപത്യത്തെ എതിർക്കലല്ലെന്നാണ് ശ്രുതിയുടെ നിലപാട്. കമൽഹാസന്റെ മകളെന്ന നിലയിൽ സിനിമയിൽ ലഭിച്ച നെപ്പോട്ടിസം ആനുകൂല്യങ്ങളെല്ലാം അനുഭവിച്ചിട്ടും ഇത്തരമൊരു പ്രസ്താവന നടത്താൻ ശ്രുതി തയ്യാറായതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ, ഒരു സ്ത്രീ എന്ന നിലയിൽ ഇത്രയേറെ പ്രിവിലേജുകൾക്കിടയിലും അവർ നേരിട്ടിട്ടുണ്ടാകാവുന്ന വെല്ലുവിളികൾ കൂടി പരിഗണിച്ചുകൊണ്ടുതന്നെ ഈ വിഷയം ചർച്ച ചെയ്യാം.
ഫെമിനിസം എന്നാൽ പുരുഷാധിപത്യത്തെ എതിർക്കലല്ലെന്നാണ് ശ്രുതിയുടെ നിലപാട്. കമൽഹാസന്റെ മകളെന്ന നിലയിൽ സിനിമയിൽ ലഭിച്ച നെപ്പോട്ടിസം ആനുകൂല്യങ്ങളെല്ലാം അനുഭവിച്ചിട്ടും ഇത്തരമൊരു പ്രസ്താവന നടത്താൻ ശ്രുതി തയ്യാറായതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ, ഒരു സ്ത്രീ എന്ന നിലയിൽ ഇത്രയേറെ പ്രിവിലേജുകൾക്കിടയിലും അവർ നേരിട്ടിട്ടുണ്ടാകാവുന്ന വെല്ലുവിളികൾ കൂടി പരിഗണിച്ചുകൊണ്ടുതന്നെ ഈ വിഷയം ചർച്ച ചെയ്യാം.
പുരുഷാധിപത്യവും പുരുഷനോട്ടവും ശക്തമായി നിലനിൽക്കുന്ന സിനിമാ മേഖലയിലാണ് ശ്രുതി പ്രവർത്തിക്കുന്നതെന്ന കാര്യം മനസ്സിലാക്കാനാകും. ഇന്ത്യൻ സിനിമയിലും പ്രേക്ഷകർക്കിടയിലും പലർക്കും ഫെമിനിസം എന്നത് ഒരു തെറിവാക്കിന് തുല്യമാണ്. പുരുഷാധിപത്യ വ്യവസ്ഥിതികളെ എതിർക്കുന്നതാണ് ഫെമിനിസമെന്ന് തുറന്നുപറഞ്ഞാൽ ഒരുപക്ഷേ ശ്രുതിക്ക് സിനിമാ മേഖലയിൽനിന്ന് മാറ്റിനിർത്തപ്പെടേണ്ടിവന്നേക്കാം. അതിനേക്കാൾ വലിയ പ്രശ്നം, 'പെദ്ദി' എന്ന ചിത്രത്തിലെ ഐറ്റം സോങ്ങിനെക്കുറിച്ച് ഫെമിനിസ്റ്റുകളോട് വിശദീകരിക്കേണ്ടിവരുമെന്നതാണ്. ഒരു ഫെമിനിസ്റ്റ് എന്ന നിലയിൽ ആ ബുദ്ധിമുട്ടുകൾ എനിക്ക് മനസ്സിലാകും.
തനിക്കറിയാവുന്ന ഫെമിനിസ്റ്റുകളിൽ ഒരു സ്ത്രീയുടെ പേര് പോലും ഓർത്തെടുക്കാൻ ശ്രുതിക്കായില്ലെന്ന കാര്യവും നമുക്ക് തള്ളിക്കളയാം. അതുകൊണ്ടുതന്നെ, അച്ഛനാണ് തനിക്കറിയാവുന്നതിൽ ഏറ്റവും വലിയ ഫെമിനിസ്റ്റെന്ന് പറഞ്ഞ് ശ്രുതിക്ക് അവസാനിപ്പിക്കാമായിരുന്നു. പകരം, ഫെമിനിസം ഒരു ക്യാൻസറാണെന്ന് കരുതുന്നവരെ തൃപ്തിപ്പെടുത്താൻ അതിനെ പുനർനിർവചിക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം, ഫെമിനിസം അടിസ്ഥാനപരമായി പുരുഷാധിപത്യത്തിനെതിരാണ്.
ശ്രുതിയുടെ മുൻകാമുകനെ രൂപത്തിന്റെ പേരിൽ പുരുഷന്മാർ പരിഹസിച്ചപ്പോൾ അദ്ദേഹത്തിനും, അദ്ദേഹത്തെ പങ്കാളിയായി തിരഞ്ഞെടുത്ത ശ്രുതിയുടെ തീരുമാനത്തിനും പിന്തുണയുമായി എത്തിയത് ഫെമിനിസ്റ്റുകളായിരുന്നു. ബന്ധം വേർപെടുത്തിയതിന്റെ പേരിൽ ശ്രുതിക്കെതിരെ അധിക്ഷേപങ്ങൾ ഉയർന്നപ്പോഴും അവൾക്കൊപ്പം നിന്നത് ഫെമിനിസ്റ്റുകൾ തന്നെ. ശ്രുതിയുടെ വ്യക്തിജീവിതത്തെയും തീരുമാനങ്ങളെയും ചോദ്യം ചെയ്തവർ ഉയർത്തിപ്പിടിച്ചത് പുരുഷാധിപത്യത്തിന്റെ നിലപാടുകളായിരുന്നെങ്കിൽ, അവൾക്ക് പിന്തുണ നൽകിയത് ഫെമിനിസ്റ്റുകളായിരുന്നു.
ഫെമിനിസം എന്നത് പുരുഷാധിപത്യത്തിനെതിരായ പ്രസ്ഥാനമാണ്. പതിനേഴാം നൂറ്റാണ്ടിൽ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ വ്യക്തിയാണ് സോർ ജുവാന ഇനേസ് ദെ ലാ ക്രൂസ്. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സെക്കൻഡറി വിദ്യാഭ്യാസവും സർവകലാശാലാ പഠനവും ഇന്നും നിഷേധിക്കപ്പെടുന്നു. ഇന്ത്യയിൽ ദലിത് സ്ത്രീകൾ ജാതിയുടെ പേരിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നു. 18 വയസ്സ് തികയുംമുമ്പ് പെൺകുട്ടികൾ വിവാഹിതരാകേണ്ടിവരുന്ന സാഹചര്യവും തുടരുന്നു. അങ്ങനെ, പുരുഷാധിപത്യത്തിനെതിരായ പോരാട്ടം ഇന്നും തുടരുകയാണ്. ഫെമിനിസത്തെ ഒരു സ്ത്രീയെന്ന നിലയിൽ താൻ എങ്ങനെ ജീവിക്കുന്നു എന്നതിലേക്ക് മാത്രം ചുരുക്കുന്നത് പ്രിവിലേജിന്റെ പ്രതിഫലനവും മറ്റുള്ളവരുടെ യാഥാർഥ്യങ്ങളോടുള്ള കടുത്ത സഹാനുഭൂതിയില്ലായ്മയുമാണ്.
എന്നാൽ, ശ്രുതി അറിയാതെ തന്നെ സിനിമയിലെയും സമൂഹത്തിലെയും പുരുഷാധിപത്യത്തിന്റെ യാഥാർഥ്യങ്ങൾ തുറന്നുകാട്ടുകയാണ് ചെയ്തത്. ഒരു ഫെമിനിസ്റ്റ് എന്ന നിലയിൽ പുരുഷാധിപത്യത്തെ എതിർത്താൽ താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ തന്റെ കരിയർ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് ശ്രുതി പറഞ്ഞത്. സിനിമാ മേഖലയിൽ പുരുഷാധിപത്യം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് തുറന്നുപറയാൻ പോലും കലാകാരികൾക്ക് എത്രത്തോളം പരിമിതികളുണ്ടെന്നും ഈ വാക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടാകാം പുരുഷാധിപത്യത്തെക്കുറിച്ച് പറയാതെ ഫെമിനിസത്തെ വ്യക്തിപരമായ നിലപാടായി മാത്രം അവതരിപ്പിക്കാൻ ശ്രുതി ശ്രമിച്ചത്.
എന്നാൽ ശ്രുതി അംഗീകരിച്ചാലും, ഫെമിനിസ്റ്റ് വിരുദ്ധർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, 2026ലും ഫെമിനിസത്തിന്റെ പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. ഫെമിനിസം കേവലം വ്യക്തിപരമായ കാഴ്ചപ്പാടല്ല, സാമൂഹിക മാറ്റത്തിനായുള്ള പ്രസ്ഥാനമാണ്. സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളാണ്. 40-ാം വയസ്സിലും അവിവാഹിതയായി തുടരാനും സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനും ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ സ്വയം എടുക്കാനും ശ്രുതിക്ക് കഴിയുന്നുണ്ടെങ്കിൽ അതിനു പിന്നിൽ പുരുഷാധിപത്യത്തെ പൊളിച്ചെഴുതാൻ ഫെമിനിസം നടത്തിയ പോരാട്ടങ്ങളുടെ കൂടി പങ്കുണ്ട്. ആ പോരാട്ടങ്ങൾ നേടിയെടുത്ത അവകാശങ്ങളുടെ ഗുണഫലങ്ങൾ അനുഭവിച്ചുകൊണ്ടുതന്നെ, പുരുഷാധിപത്യത്തെ എതിർത്താൽ തനിക്ക് തന്റെ തൊഴിൽ മുന്നോട്ട് കൊണ്ടുപോകാനാവില്ല എന്ന് ശ്രുതി പറഞ്ഞതിലെ വൈരുധ്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ശ്രുതി വലിയൊരു പ്രതിസന്ധിക്കിടയിലായിരുന്നുവെന്ന് മനസിലാക്കാം. സ്ത്രീകൾക്ക് അപകടകരമായ ഒരു അന്തരീക്ഷത്തിലാണ് അവർ ജോലി ചെയ്യുന്നത്. പ്രതികരിച്ചതിന്റെ പേരിൽ ചിന്മയിക്ക് എന്താണ് സംഭവിച്ചത്? ചിലപ്പോഴെങ്കിലും മൗനം പാലിക്കുന്നതായിരിക്കണം ഏറ്റവും ഉചിതം. അതുകൊണ്ട് ഫെമിനിസത്തിന്റെ അടിസ്ഥാന നിലപാടുകൾ തുറന്നുപറയുന്നത് തൊഴിൽ നഷ്ടപ്പെടുത്താൻ ഇടയാക്കുമെങ്കിൽ ഒന്നും പറയാതിരിക്കാനുള്ള മര്യാത കാണിക്കുക.
ആദ്യം തന്നെ, പ്രിവിലേജുകളുള്ള സവർണ പശ്ചാത്തലത്തിൽ നിന്നുള്ള, ജാതീയ മുൻവിധികൾ പുലർത്തുന്ന ഇന്ത്യൻ നടിമാരെ മൈക്കിന് മുന്നിലിരുത്തി ഫെമിനിസത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് ദയവായി അവസാനിപ്പിക്കുക. അത്തരമൊരു സാഹചര്യമുണ്ടായാൽ 'അഭിപ്രായമില്ല' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഈ നടിമാരോട് അഭ്യർഥിക്കുകയാണ്. പ്രത്യേകിച്ച്, നിരവധി വിഷയങ്ങളെ ഉൾക്കൊള്ളുന്ന ഇന്റർസെക്ഷണൽ ഫെമിനിസം നടത്തുന്ന മുന്നേറ്റങ്ങളെ തകർക്കരുത്. ഇത് അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടലല്ല. പതിനേഴാം നൂറ്റാണ്ട് മുതൽ ഫെമിനിസ്റ്റുകൾ നടത്തിയ പോരാട്ടങ്ങളെയും മുന്നേറ്റങ്ങളെയും പിന്നോട്ടടിക്കരുതെന്ന അഭ്യർഥന മാത്രമാണ്.
Activist Hema Krishna responds to Shruti Haasan’s remarks on feminism, questioning her understanding of the movement and its relationship with patriarchy. She argues that feminism goes beyond individual choices, highlighting its role in challenging systemic oppression, caste discrimination and gender inequality, while urging celebrities to avoid diluting its larger purpose