

തെന്നിന്ത്യൻ സിനിമാലോകത്തെ ഒരു കാലത്തെ പ്രണയനായികയും ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ തിളങ്ങിനിൽക്കുന്ന താരവുമാണ് സിമ്രാൻ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമായ താരം, തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധികളെക്കുറിച്ചും സിനിമാ കരിയറിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. സഹോദരി മോണലിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ചും, ആ വേദനയിൽ നിന്നും മുന്നോട്ട് പോകാൻ കരുത്ത് നേടിയതിനെക്കുറിച്ചും സിമ്രാൻ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നു
'ആ ഒരു സംഭവത്തോടെ ഞാൻ പൂർണ്ണമായും ഒരു ഷെല്ലിലേക്ക് ഒതുങ്ങിപ്പോയി. കുറച്ചുകാലം എല്ലാറ്റിൽ നിന്നും ഓടിയൊളിക്കാൻ ഞാൻ ആഗ്രഹിച്ചു. ആ വേദന എന്നെ മാത്രമല്ല, എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും അത്രമേൽ തളർത്തിക്കളഞ്ഞിരുന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ, അതും നമ്മളേക്കാൾ പ്രായം കുറഞ്ഞ ഒരു സഹോദരി നമ്മളെ വിട്ടുപിരിയുമ്പോൾ ഉണ്ടാകുന്ന വേദന ഒരിക്കലും മറികടക്കാൻ കഴിയില്ല. ആ വേദനയോടൊപ്പം തന്നെ ജീവിക്കാൻ നമ്മൾ പഠിക്കുകയാണ് ചെയ്യുന്നത്. അക്കാലത്ത് എനിക്ക് താങ്ങായി നിന്നത് എന്റെ ഭർത്താവ് ദീപക് ആയിരുന്നു. ആ ഒരു കഠിനമായ ഘട്ടത്തിലാണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതും വിവാഹിതരാകുന്നതും. സങ്കടപ്പെടാൻ നമുക്ക് ഒരു മാസവും ഒരു വർഷവും വേണമെങ്കിൽ കളയാം. പക്ഷേ വെറും അഞ്ച് മിനിറ്റുകൊണ്ട് ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാനുള്ള ഊർജ്ജം നമ്മൾ ആർജ്ജിച്ചെടുക്കണം'- എന്നാണ് സിമ്രാന്റെ വാക്കുകൾ
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് വളരെ പോസിറ്റീവ് ആയ മറുപടിയാണ് താരം നൽകിയത്
സിനിമയിൽനിന്ന് ഒരിക്കലും പൂർണ്ണമായി മാറിനിന്നിട്ടില്ല, സിനിമ എന്നെ തഴഞ്ഞിട്ടുമില്ല. വിവാഹശേഷവും ഞാൻ അഭിനയിച്ചിരുന്നു, പിന്നീട് ടെലിവിഷൻ മേഖലയിൽ സജീവമായി. കോവിഡിന് ശേഷവും ഞാൻ ചില സിനിമകളുടെ ഭാഗമായി. ഇപ്പോൾ ഇതാ വീണ്ടും നല്ല അവസരങ്ങളുമായി നിങ്ങളുടെ മുന്നിലിരിക്കുന്നു. അന്ന് അത്രയും തിരക്കായിരുന്നു. എന്നാൽ ഇന്ന് ഞാൻ എന്റെ പ്രൊഫഷനോട് കൂടുതൽ ബോധവതിയാണ്. നമ്മൾ ചെയ്യുന്ന ജോലിയിൽ 100% ആത്മാർത്ഥത കാണിക്കുക, അത്രമാത്രം. ഞാൻ ഈ ഇൻഡസ്ട്രിയിൽ 25 വർഷത്തിലധികമായി ഉള്ള ആളാണ്. എന്റെ 'ബോഡി ഓഫ് വർക്ക്' എന്താണെന്ന് കൃത്യമായി മനസ്സിലാക്കി വേണം അവർ എന്നെ ഒരു കഥാപാത്രത്തിനായി സമീപിക്കാൻ.
സിനിമയിൽ താൻ ഒരിക്കലും ലൈംലൈറ്റിനോ ശ്രദ്ധയ്ക്കോ വേണ്ടി ആഗ്രഹിക്കുന്ന ആളല്ലെന്ന് സിമ്രാൻ പറയുന്നു. ഒരു അറ്റൻഷൻ സീക്കർ അല്ല. സോഷ്യൽ മീഡിയയിലോ സൂപ്പർമാർക്കറ്റിലോ ആളുകൾ ശ്രദ്ധിക്കണം എന്ന് വിചാരിക്കാറില്ല. പകരം നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരിൽ എത്രത്തോളം സ്വാധീനം ഉണ്ടാക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകുന്നത്. 'ധ്രുവ നച്ചത്തിരം' പോലുള്ള ചിത്രങ്ങളിൽ ചെയ്തത് പോലെ ചെറുതാണെങ്കിലും ശക്തമായ, പ്രേക്ഷകർ ഓർക്കുന്ന ഇംപാക്ട് ഉണ്ടാക്കുന്ന റോളുകൾ ചെയ്യാനാണ് എനിക്കിനി താല്പര്യമെന്ന് വ്യക്തമാക്കി.
ഇന്ന് അവസരങ്ങളും എക്സ്പോഷറും ഒരുപാടാണ്. ഒരേസമയം പല ഭാഷകളിൽ അഭിനയിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ അതിനൊപ്പം തന്നെ ഇവിടെ മത്സരവും കഠിനമാണ്. അത് അഭിനേതാക്കളുടെ കരിയറിലെ ആയുസ്സ് കുറയ്ക്കുന്നു. അതുകൊണ്ട് വെറുതെ ഒരുപാട് സിനിമകൾ ചെയ്യുന്നതിന് പകരം, കഥാപാത്രങ്ങളും തിരക്കഥകളും വളരെ വിവേകത്തോടെ വേണം തിരഞ്ഞെടുക്കാൻ. സ്ക്രിപ്റ്റ് മികച്ചതാണെങ്കിൽ മാത്രമേ നമ്മൾ ചെയ്യുന്ന കഥാപാത്രത്തിനും നിലനിൽപ്പുണ്ടാകൂ എന്ന് സിമ്രാൻ പറഞ്ഞു.
Actress Simran has opened up about the emotional impact of her sister Monal's death and how she found the strength to move forward. She also reflected on her return to films, her evolving career choices, and the importance of selecting meaningful roles.