'ടി-സീരീസും സീ മ്യൂസിക്കും വിലക്കി'; പകർപ്പവകാശ പോരാട്ടത്തെക്കുറിച്ച് സോനു നിഗം

പകർപ്പവകാശ തർക്കവും പിന്നാലെ കരിയറിലെ തിരിച്ചടിയെക്കുറിച്ചും മനസ്സു തുറന്ന് ഗായകൻ സോനു നിഗം
'ടി-സീരീസും സീ മ്യൂസിക്കും വിലക്കി'; പകർപ്പവകാശ പോരാട്ടത്തെക്കുറിച്ച് സോനു നിഗം
Published on

ഗായകർക്ക് അർഹമായ പകർപ്പവകാശവും ലാഭവിഹിതവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ പ്രമുഖ സംഗീത കമ്പനികൾ തന്നെ വിലക്കിയിരുന്ന കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായകൻ സോനു നിഗം. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ഏറ്റവും വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നത്. എന്നാൽ കാലം മാറിയതോടെ ഒരിക്കൽ തനിക്കെതിരെ നിലകൊണ്ടിരുന്ന അതേ കമ്പനികൾ തനിക്ക് അവസരങ്ങളുമായി മുന്നോട്ട് വരികയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സിനിമാ ട്രേഡ് അനലിസ്റ്റ് കോമൽ നാഹ്തയുടെ 'ഗെയിം ചേഞ്ചേഴ്സ്' പോഡ്‌കാസ്റ്റിലായിരുന്നു സോനു നിഗത്തിന്റെ വെളിപ്പെടുത്തൽ.

"എന്റെ സമയം വന്നു, പോയി. ഇപ്പോൾ ഇതാ ഞാൻ വീണ്ടും വന്നിരിക്കുന്നു. എല്ലാം സമയത്തിന്റെ കളിയാണ്. ഒരുകാലത്ത് ഞാൻ ജനപ്രീതിയുടെ കൊടുമുടിയിലായിരുന്നു. എന്റെ ആൽബങ്ങൾ പുറത്തിറങ്ങുമ്പോൾ ആരാധകർ ആവേശംകൊണ്ട് തുള്ളിച്ചാടും. എന്റെ പോസ്റ്ററുകൾ വരെ വിറ്റഴിഞ്ഞിരുന്ന കാലമായിരുന്നു അത്. എന്നാൽ ഗായകരുടെ പകർപ്പവകാശ വിഷയങ്ങൾ ഉന്നയിച്ചതോടെ സാഹചര്യം മാറി. ടി സീരീസ് എന്നെ വിലക്കി. സീ മ്യൂസിക്കും എന്നോട് സഹകരിക്കാതായി. 'അവൻ ഇപ്പോൾ ഒരു ആക്ടിവിസ്റ്റായി മാറി' എന്നായിരുന്നു അവർ പറഞ്ഞിരുന്നത്," സോനു വ്യക്തമാക്കി.

'ടി-സീരീസും സീ മ്യൂസിക്കും വിലക്കി'; പകർപ്പവകാശ പോരാട്ടത്തെക്കുറിച്ച് സോനു നിഗം
ജെൻ സീയുടെ പ്രതിഷേധമുഖം; ആരാണ് സോനം വാങ്ചുക് ?

ആദ്യഘട്ടത്തിൽ ഇത്തരമൊരു വിലക്ക് നേരിടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദിവസങ്ങൾ കടന്നുപോകുംതോറും കാര്യങ്ങൾ കൂടുതൽ വഷളായി. സംഗീത കമ്പനികൾക്ക് തനിക്ക് പുതിയ ഗാനങ്ങൾ നൽകുന്നത് തടയാൻ കഴിയുമായിരിക്കും, എന്നാൽ സ്റ്റേജ് ഷോകളിൽ നിന്ന് തന്നെ തടയാൻ ആർക്കും സാധിക്കില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞു എന്നും സോനു കൂട്ടിച്ചേർത്തു.

ഗായകർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടം തന്റെ ജീവിതത്തിലെ പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലതാ മങ്കേഷ്‌കർ ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനാകാതെ പോയ ആ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ദൈവം തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

'ടി-സീരീസും സീ മ്യൂസിക്കും വിലക്കി'; പകർപ്പവകാശ പോരാട്ടത്തെക്കുറിച്ച് സോനു നിഗം
പിതാവിന്റെ തല്ലുപേടിച്ച് പേരുമാറ്റിയ നടന്‍; യൂസഫ് ഖാന്‍ എങ്ങനെ ദിലീപ് കുമാറായി?

"സ്വന്തം കരിയർ പണയം വെച്ച് ഇത്തരമൊരു പോരാട്ടത്തിന് ഇറങ്ങാൻ അധികം പേർ തയ്യാറാകുമായിരുന്നില്ല. എന്നാൽ ഇന്ന് എന്നെ മാറ്റിനിർത്തിയ അതേ സംഗീത കമ്പനികൾ തന്നെ ഇന്ന് ഗായകർക്ക് കൃത്യമായി ലാഭവിഹിതം നൽകുന്നുണ്ട്. ഇപ്പോൾ ഞങ്ങൾ പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയുമാണ് കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. നിയമങ്ങൾ മാറിയതോടെ എന്റെ ആവശ്യങ്ങൾ ന്യായമായിരുന്നുവെന്ന് അവർക്കും മനസ്സിലായി. അതുകൊണ്ടാണ് അവർ വീണ്ടും എന്നെ തേടിയെത്തിയത്," സോനു പറഞ്ഞു.

2013-ലാണ് സംഗീതമേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച സോനു നി​ഗത്തിന്റെ പോരാട്ടം ആരംഭിച്ചത്. നിർമ്മാതാക്കളും മ്യൂസിക് ലേബലുകളും മാത്രമാണ് ഗാനങ്ങളുടെ വരുമാനത്തിൽ നിന്ന് പ്രയോജനം നേടുന്നതെന്ന രീതിക്കെതിരെ സോനു നിഗം ശക്തമായി പ്രതികരിച്ചിരുന്നു. ഗായകർക്കും ഗാനരചയിതാക്കൾക്കും അവരുടെ സൃഷ്ടികൾക്ക് അർഹമായ പകർപ്പവകാശവും റോയൽറ്റിയും ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗായകർക്ക് അനുകൂലമല്ലാത്ത കരാറുകളിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് ടി-സീരീസ്, സീ മ്യൂസിക് തുടങ്ങിയ പ്രമുഖ കമ്പനികൾ അദ്ദേഹത്തോട് സഹകരണം അവസാനിപ്പിക്കുകയും, അദ്ദേഹം ആലപിച്ചിരുന്ന ചില ഗാനങ്ങൾ മറ്റ് ഗായകരെക്കൊണ്ട് വീണ്ടും റെക്കോർഡ് ചെയ്ത് പുറത്തിറക്കുകയും ചെയ്യുകയായിരുന്നു.

'ടി-സീരീസും സീ മ്യൂസിക്കും വിലക്കി'; പകർപ്പവകാശ പോരാട്ടത്തെക്കുറിച്ച് സോനു നിഗം
'എരിതീയിൽ എണ്ണയൊഴിക്കരുത്'; ഹൃത്വിക് റോഷനോട് വീണ്ടും പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത്

അതേസമയം, ലൈവ് സംഗീതപരിപാടികളുമായി വീണ്ടും ആഗോളതലത്തിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് സോനു നിഗം. ഓഗസ്റ്റ് 23ന് ലണ്ടനിലെ വെംബ്ലി ഒ വി ഒ അരീനയിൽ നടക്കുന്ന 'റവല്യൂഷൻ' സംഗീതനിശയിലൂടെ സോനു പുതിയ പര്യടനത്തിന് ഒരുങ്ങുകയാണ്. തുടർന്ന് ഒക്ടോബറിൽ 'റവല്യൂഷൻ ഇന്ത്യ ടൂർ 2026' ആരംഭിക്കും.

Singer Sonu Nigam revealed that T-Series and Zee Music stopped working with him after he raised his voice for singers' copyright and royalty rights. Looking back, he says the industry has changed, and the same companies now collaborate with him again.

Madism Digital
madismdigital.com