

തമിഴ് ബോക്സോഫീസിൽ ഇത്തവണ ശ്രദ്ധേയമായ ക്ലാഷിനാണ് തിയറ്ററുകൾ സാക്ഷ്യം വഹിച്ചത്. കാർത്തി നായകനായ വൻ ബജറ്റ് ചിത്രം ‘സർദാർ 2’വിനെ മറികടന്ന് സൂരി നായകനായ ‘മണ്ടാടി’ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. സെപ്റ്റംബർ 10ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾക്കുള്ളിൽ ആഗോള ബോക്സോഫീസിൽ 65 കോടി രൂപ സ്വന്തമാക്കി വിജയക്കുതിപ്പ് തുടരുകയാണ്. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
30 മുതൽ 40 കോടി രൂപ വരെ ബജറ്റിൽ ഒരുക്കിയ ‘മണ്ടാടി’ നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തിയിരുന്നു. വിനായക ചതുർത്ഥി അവധിദിനത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് 11.25 കോടിയും ഓവർസീസ് മാർക്കറ്റിൽ നിന്ന് 1.25 കോടിയും ചിത്രം നേടി. നിലവിൽ തമിഴ്നാട്ടിലെയും വിദേശത്തെയും പ്രധാന കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളോടെയാണ് ‘മണ്ടാടി’ പ്രദർശനം തുടരുന്നത്.
മറുവശത്ത്, വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ കാർത്തി ചിത്രം ‘സർദാർ 2’ ബോക്സോഫീസിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. 2022ൽ പുറത്തിറങ്ങി 100 കോടിയിലധികം കളക്ഷൻ നേടിയ ‘സർദാർ’ന്റെ രണ്ടാം ഭാഗമായ ചിത്രം ഏകദേശം 120 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. പി.എസ്. മിത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ എസ്.ജെ. സൂര്യയും പ്രധാന വേഷത്തിലെത്തിയിരുന്നു.
എന്നാൽ റിലീസിന് പിന്നാലെ ലഭിച്ച സമ്മിശ്ര പ്രതികരണം ചിത്രത്തിന്റെ കളക്ഷനെയും ബാധിച്ചു. അഞ്ച് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സോഫീസിൽ 19.85 കോടി രൂപ മാത്രമാണ് ‘സർദാർ 2’ന് നേടാനായത്. വിനായക ചതുർത്ഥി ദിനത്തിൽ ഇന്ത്യയിൽ നിന്ന് 1.5 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. കാർത്തിയുടെ മുൻചിത്രമായ ‘വാ വാധ്യാർ’ന് പിന്നാലെ ബോക്സോഫീസിൽ തിരിച്ചടി നേരിടുന്ന ചിത്രമായിരിക്കുകയാണ് ‘സർദാർ 2’.
ഹാസ്യനടനായാണ് സൂരി സിനിമയിൽ കരിയർ ആരംഭിച്ചത്. പിന്നീട് വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ’യിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. ‘മണ്ടാടി’യാണ് സൂരിയുടെ കരിയറിലെ പുതിയ വിജയമായി മാറുന്നത്.
ഒരുകാലത്ത് ‘നാൻ മഹാൻ അല്ലൈ’യിൽ കാർത്തിക്കൊപ്പം കോമഡി വേഷത്തിലെത്തിയ സൂരി, വർഷങ്ങൾക്കിപ്പുറം അതേ കാർത്തിയുടെ ചിത്രത്തോട് ബോക്സോഫീസ് ക്ലാഷിൽ സ്വന്തം സിനിമയുമായി എത്തി വിജയം നേടുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തമിഴ് സിനിമയിൽ സൂരിയുടെ വളർച്ചയും ഈ ബോക്സോഫീസ് നേട്ടവും ഒരുപോലെ ചർച്ചയാവുകയാണ്.
നവാഗതനായ മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ‘മണ്ടാടി’ തമിഴ്നാട്ടിലെ തീരദേശമേഖലയിൽ നിലനിൽക്കുന്ന സവിശേഷമായ ഒരു കായികയിനത്തെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. സൂരിക്കൊപ്പം സത്യരാജ്, മഹിമ നമ്പ്യാർ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, സുഹാസ്, ബാല ശരവണൻ, സ്റ്റൺ ശിവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Soori’s Mandadi is making a strong impact at the Tamil box office, outperforming Karthi’s big-budget Sardar 2 after their clash release. The success marks a major career milestone for Soori, who once appeared alongside Karthi as a comedian