

ആഗോളതലത്തിൽ വൻ വിജയം നേടി മുന്നേറുന്ന 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'ക്ക് പിന്നാലെ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായുള്ള പദ്ധതികൾ വെളിപ്പെടുത്തി മാർവൽ സ്റ്റുഡിയോസ് മേധാവി കെവിൻ ഫൈഗി. പീറ്റർ പാർക്കറുടെ അടുത്ത സിനിമാ അധ്യായത്തിനായുള്ള ചർച്ചകളും ആദ്യഘട്ട തയ്യാറെടുപ്പുകളും അണിയറയിൽ ആരംഭിച്ചതായി ഫൈഗി 'വെറൈറ്റി' മാസികയോട് സംസാരിക്കവെ വ്യക്തമാക്കി.
"മാർവലിൽ എപ്പോഴും ഭാവി ചിത്രങ്ങൾക്കായുള്ള പദ്ധതികൾ തയ്യാറായിരിക്കും,'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ വാർത്തകൾ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലായെങ്കിലും ടോം ഹോളണ്ട് ഉടൻ തന്നെ സൂപ്പർഹീറോ വേഷത്തിലേക്ക് തിരികെയെത്തില്ലെന്നാണ് നിർമാതാക്കൾ നൽകുന്ന സൂചന.
സിനിമയുടെ ആഗോള പ്രചാരണ പരിപാടികൾക്ക് ശേഷം താരം തൽക്കാലം അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കുകയാണെന്ന് കെവിൻ ഫൈഗി പറഞ്ഞു. "ചിത്രത്തിന്റെ വലിയ പ്രമോഷൻ ടൂറുകൾക്ക് ശേഷം ടോം ഹോളണ്ട് തൽക്കാലം വിശ്രമത്തിലാണ്. ടോമും സെൻഡയയും അർഹിച്ച ഒരു വലിയ വിജയാഘോഷവും വിശ്രമവുമാണ് ഇപ്പോൾ ആസ്വദിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
'ബ്രാൻഡ് ന്യൂ ഡേ' സംവിധാനം ചെയ്ത ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ തന്നെയാകും അഞ്ചാം ഭാഗവും ഒരുക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഡെസ്റ്റിന്റെ പങ്കാളിത്തത്തെക്കുറിച്ച് 'ഡെഡ്‌ലൈന്' നൽകിയ അഭിമുഖത്തിൽ ആമി പാസ്കലും ശുഭപ്രതീക്ഷയാണ് നൽകിയത്. "കാര്യങ്ങൾ ഞങ്ങളുടെ ആഗ്രഹപ്രകാരം നടക്കുകയാണെങ്കിൽ, ഡെസ്റ്റിൻ തന്നെയാകും അടുത്ത ഭാഗവും സംവിധാനം ചെയ്യുക,"എന്നും അവർ വ്യക്തമാക്കി. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം സ്‌പൈഡർമാൻ ഫ്രാഞ്ചൈസിയുടെ പുതിയ അധ്യായത്തിനായി ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ചിത്രം ഇന്ത്യൻ ബോക്സ്ഓഫിസിലും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ ഇന്ത്യയിൽ നിന്നും സ്‌പൈഡർമാൻ വാരിയത് 300 കോടിക്കു മുകളിലെ ഗ്രോസാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സോണി പിക്ചേഴ്സ് തന്നെയാണ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണ് ‘സ്പൈഡർമാൻ: ബ്രാൻ ന്യൂ ഡേ’. കേരളത്തിലും ചിത്രം ചരിത്രം സൃഷ്ടിക്കുകയാണ്. ഇതുവരെ 20 കോടിയാണ് കേരള ബോക്സ്ഓഫിസിലെ സിനിമയുടെ കളക്ഷന്‍.
Marvel Studios has officially begun early planning for Spider-Man 5 following the global success of Spider-Man: Brand New Day. Marvel President Kevin Feige confirmed Peter Parker's story will continue, while Tom Holland is expected to take a short break before returning.