

'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ, സ്പൈഡർമാനും എംജെയും കേരളീയ പശ്ചാത്തലത്തിൽ വിവാഹിതരാകുന്ന എ ഐ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യഥാർഥ ജീവിതത്തിലും പ്രണയത്തിലായ ടോം ഹോളണ്ടും സെൻഡയയും വരനും വധുവുമായി എത്തുന്ന വീഡിയോ ഇതിനോടകം ഇൻസ്റ്റഗ്രാമിൽ 40 ദശലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കി. 'ശ്യാമ'യിലെ 'പൂങ്കാറ്റേ പോയി ചൊല്ലാമോ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ, പഴയ കേരളീയ വിവാഹ വീഡിയോ ആൽബങ്ങളുടെ ശൈലിയിലാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
സ്വർണക്കരയുള്ള മറൂൺ പട്ടുസാരിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ്, മുടിയിൽ മുല്ലപ്പൂ ചൂടി കേരളീയ വധുവിന്റെ വേഷത്തിലാണ് എ ഐ വീഡിയോയിൽ സെൻഡയയെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, ഓഫ് വൈറ്റ് ഷർട്ടും വെള്ള മുണ്ടും ധരിച്ച് പഴയകാല മലയാളി വരന്റെ ലുക്കിലാണ് സ്പൈഡർമാനെയും വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.
യൂണിവേഴ്‌സിലെയും നിരവധി താരങ്ങളും വീഡിയോയിൽ അതിഥികളായി എത്തുന്നുണ്ട്. സ്കാർലറ്റ് ജോഹാൻസൺ, എലിസബത്ത് ഓൾസൺ, എമ്മ സ്റ്റോൺ എന്നിവരെ കസവ് സാരിയണിഞ്ഞ കേരളീയ അതിഥികളുടെ വേഷത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ്, ക്രിസ് ഹെംസ്‌വർത്ത്, ടോബി മഗ്വെയർ, ആൻഡ്രൂ ഗാർഫീൽഡ് എന്നിവരും വിവാഹച്ചടങ്ങിന്റെ ഭാഗമാകുന്നുണ്ട്.
ടോബി മഗ്വയറിന്റെയും ആൻഡ്രൂ ഗാർഫീൽഡിന്റെയും സ്പൈഡർമാൻമാർ വിവാഹപ്പന്തലിലേക്ക് മുല്ലപ്പൂ കെട്ടുന്നതും, വോൾവറിൻ അതിഥികൾക്ക് സാമ്പാർ വിളമ്പുന്നതും, ബ്ലാക്ക് പാന്തർ കസേരകൾ ചുമന്നുനടക്കുന്നതും, ഹൾക്ക് വലിയ പാത്രത്തിൽ സാമ്പാർ ഇളക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിവാഹവീട്ടിലെ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കാരണവരുടെ വേഷത്തിൽ ടോണി സ്റ്റാർക്ക് എത്തുന്നതും വീഡിയോയിലെ മറ്റൊരു ശ്രദ്ധേയമായ രംഗമാണ്.
കൂടാതെ ആന്റണി മാക്കി, സെബാസ്റ്റ്യൻ സ്റ്റാൻ, മാർക്ക് റഫലോ എന്നിവർ വിവാഹവീട്ടിൽ ചായ കുടിച്ചും സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെട്ടും നിൽക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. അതേസമയം, ജീൻ ഗ്രേയായി എത്തുന്ന സാഡി സിങ്ക് ഹൃദയം തകർന്ന ഭാവത്തിൽ ചടങ്ങുകൾ നോക്കിനിൽക്കുന്നതും ശ്രദ്ധേയമാണ്. വീഡിയോയിലെ ഇത്തരം രസകരമായ നിമിഷങ്ങളാണ് ആരാധകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.
ഇതിനു പുറമേ, വാഴയിലയിലെ സദ്യ, മുല്ലപ്പൂമാലകൾ, വെള്ള അംബാസഡർ കാർ, പരമ്പരാഗത വിവാഹപ്പന്തൽ തുടങ്ങി പഴയ കേരളീയ വിവാഹങ്ങളുടെ എല്ലാ തനിമകളും ഉൾപ്പെടുത്തിയാണ് എ ഐ വീഡിയോ ഒരുക്കിയിരിക്കുന്നത്.
An AI-generated video imagining Spider-Man and MJ's wedding in a traditional Kerala setting has gone viral on Instagram. Featuring Tom Holland, Zendaya, and Marvel characters in classic Kerala wedding roles, the nostalgic video has crossed 40 million views, delighting fans with its creative blend of pop culture and local traditions.