

ഇന്ത്യൻ ഇതിഹാസങ്ങൾ സിനിമയിൽ അവതരിപ്പിച്ചുവരുന്ന രീതിയിൽ പൂർണ തൃപ്തിയില്ലെന്നും അവയ്ക്ക് കൂടുതൽ ആഴത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടിലും ആവിഷ്കാരം നൽകണമെന്നുമാണ് സംവിധായകൻ എസ് എസ് രാജമൗലിയുടെ നിലപാട്. മഹേഷ് ബാബു നായകനാകുന്ന 'വാരണാസി'യിലൂടെ രാമായണത്തിലെ ഒരു പ്രധാന ഭാഗത്തെ വേറിട്ട രീതിയിൽ അവതരിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. 'ബാഹുബലി', 'ആർആർആർ' തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ ദൃശ്യവിസ്മയങ്ങൾ തീർത്ത രാജമൗലിയുടെ പുതിയ പരീക്ഷണത്തെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ഇന്ത്യൻ ഇതിഹാസങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചത്.
മഹേഷ് ബാബുവിനെ ശ്രീരാമനായി അവതരിപ്പിക്കുന്ന 'വാരണാസി'യിലെ രംഗമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഈ വേഷത്തിലെ നടന്റെ രൂപം കണ്ടപ്പോൾ രോമാഞ്ചമുണ്ടായെന്ന് രാജമൗലി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഏകദേശം 60 ദിവസം നീണ്ട ചിത്രീകരണത്തിലൂടെയാണ് ഈ ദീർഘരംഗം പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. രാമായണത്തിന്റെ പൂർണമായ ചലച്ചിത്രാവിഷ്കാരമല്ല 'വാരണാസി'. ഇതിഹാസത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അറിവില്ലാത്ത പ്രേക്ഷകർക്കുപോലും രംഗത്തിലെ സംഭവങ്ങളും വൈകാരികതയും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് അവതരണമെന്ന് രാജമൗലി വ്യക്തമാക്കിയിരുന്നു. ദൃശ്യവിസ്മയത്തിനൊപ്പം കഥാപാത്രങ്ങളുടെ വികാരങ്ങൾക്കും പ്രാധാന്യം നൽകാനാണ് സംവിധായകന്റെ ശ്രമം.
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര ജോനാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘വാരണാസി’. സാഹസികതയും വമ്പൻ ആക്ഷൻ രംഗങ്ങളും ഇന്ത്യൻ പുരാണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഘടകങ്ങളും ചേർന്നാണ് ചിത്രമൊരുങ്ങുന്നത്. 2027 ഏപ്രിൽ ഏഴിന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ഇതിഹാസത്തെ തന്റെ സവിശേഷമായ ചലച്ചിത്രശൈലിയിലൂടെ അവതരിപ്പിക്കാനാണ് രാജമൗലി ഈ ചിത്രത്തിൽ ശ്രമിച്ചിരിക്കുന്നത്.
സിനിമയുടെ ഡബ്ബിങ്ങിനായി വിപുലമായ തയ്യാറെടുപ്പുകളാണ് രാജമൗലി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മഹേഷ് ബാബുവിനും പ്രിയങ്ക ചോപ്രയ്ക്കും അനുയോജ്യമായ ശബ്ദങ്ങൾ കണ്ടെത്താൻ ഏകദേശം 1,500 കലാകാരന്മാരെ ഓഡിഷൻ ചെയ്യാനാണ് പദ്ധതി. ഡബ്ബിങ്ങിന് എഐ സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്നും റിപ്പോർട്ടുകളിലുണ്ട്. ഏകദേശം 50 ഭാഷകളിൽ ഡബ്ബ് ചെയ്ത് 120 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
മഹേഷ് ബാബു അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രം തന്നേക്കാൾ വലിയൊരു ലക്ഷ്യം നിറവേറ്റാനായി ജനിച്ചയാളാണെന്ന് രാജമൗലി പറഞ്ഞു. താൻ ആവശ്യപ്പെടാത്തൊരു വിധിയാണ് രുദ്രയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തമാശക്കാരനും ദുർബലനും അതേസമയം ശക്തനും നിർഭയനുമാണ് രുദ്ര. ഈ വൈരുധ്യങ്ങളെല്ലാം മഹേഷ് ബാബുവാണ് കഥാപാത്രത്തിലേക്ക് കൊണ്ടുവന്നതെന്നും രാജമൗലി പറഞ്ഞു.
യൂറോപ്യൻ മാസികയായ 'സുനാമി'യ്ക്ക് നൽകിയ അഭിമുഖത്തിൽ, പൂർണമായും IMAX ക്യാമറകളിൽ ചിത്രീകരിക്കുന്ന ലോകത്തിലെ ആദ്യ നോൺ-ഇംഗ്ലീഷ് ചിത്രമാണ് 'വാരണാസി'യെന്നും രാജമൗലി സ്ഥിരീകരിച്ചിട്ടുണ്ട്. എഡി 512ലെ ഒരു പുരാതന രാജ്യത്തുനിന്ന് 2071ലേക്കാണ് 'വാരണാസി'യുടെ കഥ സഞ്ചരിക്കുന്നത്. നഗരത്തെ ലക്ഷ്യമിടുന്ന ഉൽക്കകളുടെ ഭീഷണിയും അന്റാർട്ടിക്ക, ആഫ്രിക്ക, ഭൂഗർഭ ഗുഹകൾ, എന്നിവ പശ്ചാത്തലമാകുന്ന ദൃശ്യങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
SS Rajamouli’s Varanasi, starring Mahesh Babu, Priyanka Chopra Jonas and Prithviraj Sukumaran, blends adventure, action and Indian mythology. The film features a Ramayana-inspired sequence with Mahesh Babu as Lord Rama. With extensive dubbing plans, IMAX cinematography and a global release scheduled for April 7, 2027, expectations are high worldwide.