Sudha Kongara
Sudha Kongara

ആൺ സംവിധായകന് 100 കോടി പ്രതിഫലമായി ലഭിക്കുന്നിടത്ത് എനിക്ക് ലഭിക്കുന്നത് 50 കോടിയാണ്; സുധ കൊങ്കര

തമിഴിലെ ഒരു ലേഡി സൂപ്പർസ്റ്റാറിന്റെ പടത്തിന്റെ കളക്ഷൻ മറ്റു സൂപ്പർതാരങ്ങളുടെ സിനിമകളേക്കാൾ കൂടുതലായിരുന്നു
Published on

തമിഴ് സിനിമാ രംഗത്ത് സംവിധായകർക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ വലിയ അസമത്വമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സംവിധായിക സുധ കൊങ്കര. പുരുഷ സംവിധായകർക്ക് ലഭിക്കുന്നതിന്റെ പകുതിയോളം മാത്രമാണ് തനിക്കു ലഭിക്കുന്നതെന്നും, അതിനെതിരെ നിലപാട് സ്വീകരിച്ച് പ്രതിഫലത്തിലെ തുല്യതയ്ക്കായി തുടർച്ചയായി പോരാടുമെന്നും സുധ കൊങ്കര വ്യക്തമാക്കി.

ആൺ സംവിധായകന് 100 കോടി രൂപ പ്രതിഫലമായി ലഭിക്കുന്ന സാഹചര്യത്തിൽ തനിക്ക് ലഭിക്കുന്നത് 50 കോടി രൂപ മാത്രമാണെന്ന് സുധ കൊങ്കര പറഞ്ഞു. ജോലി ചെയ്യുന്ന അളവിലും ഉത്തരവാദിത്വത്തിലും വ്യത്യാസമില്ലെന്നും, എന്നിട്ടും പ്രതിഫലത്തിൽ പിന്നാക്കം നിൽക്കേണ്ടി വരുന്നതായും സംവിധായിക വ്യക്തമാക്കി. പ്രതിഫലം കുറഞ്ഞതിനാൽ നിരവധി സിനിമകൾ താൻ ഒഴിവാക്കിയിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും സുധ കൊങ്കര പറയുന്നു.

നടിമാർക്ക് തുല്യപ്രതിഫലം ആവശ്യപ്പെടുമ്പോൾ “പ്രേക്ഷകർ തിയേറ്ററിലേക്ക് വരുന്നത് നടന്മാരെ കാണാനാണ്” എന്ന മറുപടിയാണ് പലപ്പോഴും ലഭിക്കുന്നതെന്നും, അങ്ങനെയെങ്കിൽ ഒരു സംവിധായികയോടുള്ള സമീപനം എന്താണെന്ന് ചോദിക്കേണ്ടതുണ്ടോ? തമിഴിലെ ഒരു പ്രമുഖ നടിയുടെ ചിത്രം മറ്റു സൂപ്പർതാരങ്ങളുടെ സിനിമകളെക്കാൾ മികച്ച കളക്ഷൻ നേടിയിട്ടും, അവർക്കു ലഭിക്കുന്നത് നടന്മാർക്ക് കിട്ടുന്നതിന്റെ നാലിലൊന്ന് പ്രതിഫലം മാത്രമാണെന്നും സുധ കൊങ്കര ചൂണ്ടിക്കാട്ടി.

അതേസമയം സുധ സംവിധാനം ചെയ്ത ‘പരാശക്തി’ നാളെ തിയേറ്ററുകളിലെത്തും. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘സൂരറൈ പോട്രു’വിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരാശക്തി’. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് സിനിമ ഒരുങ്ങുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘അമരൻ’ സിനിമയ്ക്ക് ശേഷം ജി.വി. പ്രകാശ് കുമാറും ശിവകാർത്തികേയനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പരാശക്തി’.

English Summary: Director Sudha Kongara says there is a major pay disparity in the Tamil film industry, revealing she earns only half of what male directors receive.

Madism Digital
madismdigital.com