സണ്ണി ഡിയോളിന്റെ 'സൂര്യ'യ്ക്ക് സിനിമയിലും ട്രെയിലറിലും ഡിസ്ക്ലെയിമർ; ഉറപ്പുനൽകി നിർമാതാക്കൾ

ഡോക്ടർമാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. ചിത്രം മലയാള സിനിമയായ 'ജോസഫിന്റെ' റീമേക്കാണെന്നും സാങ്കൽപ്പിക കഥയാണെന്നും വ്യക്തമാക്കുന്ന ഡിസ്ക്ലെയിമർ ഉൾപ്പെടുത്തും.
സണ്ണി ഡിയോളിന്റെ 'സൂര്യ'യ്ക്ക് സിനിമയിലും ട്രെയിലറിലും ഡിസ്ക്ലെയിമർ; ഉറപ്പുനൽകി നിർമാതാക്കൾ
Published on: 

ഡോക്ടർമാരുടെ പ്രതിഷേധം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഇടപെടൽ, പിന്നാലെ ഡൽഹി ഹൈക്കോടതിയിലെ ഹർജി. സണ്ണി ഡിയോളിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന 'സൂര്യ: അന്ത്യ സേ ആരംഭ് തക്' റിലീസിന് മുൻപേ ചർച്ചകളിൽ ഇടംപിടിച്ചത് ഇങ്ങനെയാണ്. സിനിമയിൽ ഡോക്ടർമാരെ അവതരിപ്പിച്ചിരിക്കുന്ന രീതിക്കെതിരെ ഉയർന്ന പരാതികളെത്തുടർന്ന് ചിത്രത്തിന്റെ ട്രെയിലറിലും സിനിമയിലും ഡിസ്ക്ലെയിമർ ഉൾപ്പെടുത്താമെന്ന് നിർമാതാക്കൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഉയർന്നത്. ആരോഗ്യരംഗത്തെ അഴിമതിയും ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള ചൂഷണവും പ്രമേയമാക്കുന്ന തരത്തിലാണ് ടീസറിലെ രംഗങ്ങളെന്നാണ് പരാതി. ഇതിലൂടെ ഡോക്ടർമാരെ പൊതുവായി തെറ്റായ രീതിയിൽ ചിത്രീകരിക്കുകയും ജനങ്ങൾക്കിടയിൽ മെഡിക്കൽ മേഖലയോടുള്ള വിശ്വാസം കുറയുകയും ചെയ്യുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ളവരുടെ ആശങ്ക.

രോഗികൾ ചെറിയ അസുഖങ്ങളുമായി ആശുപത്രിയിലെത്തുമ്പോൾ അനാവശ്യ പരിശോധനകൾ നിർദേശിച്ച് വലിയ തുക ഈടാക്കുന്ന ഡോക്ടർമാരെക്കുറിച്ചും ടീസറിൽ സണ്ണി ഡിയോളിന്റെ കഥാപാത്രം സംസാരിക്കുന്നുണ്ട്. ഡോക്ടർമാർ കുറിപ്പടികൾക്ക് പകരം കമ്മീഷൻ സ്ലിപ്പുകളാണ് എഴുതുന്നതെന്ന ആരോപണവും കഥാപാത്രം ഉന്നയിക്കുന്നു. ഇത്തരം രംഗങ്ങൾ ഡോക്ടർമാർക്കെതിരായ പൊതുവായ അവിശ്വാസത്തിന് കാരണമാകുമെന്നും ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടിയിരുന്നു.

സണ്ണി ഡിയോളിന്റെ 'സൂര്യ'യ്ക്ക് സിനിമയിലും ട്രെയിലറിലും ഡിസ്ക്ലെയിമർ; ഉറപ്പുനൽകി നിർമാതാക്കൾ
"കഴിഞ്ഞ കാലത്തേക്കാൾ മോശം പ്രത്യാഘാതങ്ങളുണ്ടാകും"; കമലിന്റെ 'സണ്ടിയർ' വീണ്ടും വിവാദത്തിൽ

ടീസറിലെ അവതരണം തങ്ങളുടെ തൊഴിൽമേഖലയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെ ബാധിക്കാമെന്നുമായിരുന്നു ഡോക്ടർമാരുടെ വാദം. രോഗികളുടെ ബന്ധുക്കളിൽ നിന്നുള്ള ആക്രമണങ്ങൾ നേരിടേണ്ടിവരുന്ന ആരോഗ്യപ്രവർത്തകരുടെ സാഹചര്യം ഇത്തരം സിനിമകൾ കൂടുതൽ വഷളാക്കുമെന്ന ആശങ്കയും ഹർജിയിൽ ഉന്നയിച്ചു. ഡോക്ടർമാർക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്ന തരത്തിലുള്ള രംഗങ്ങൾ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാർ വാദിച്ചു.

ഡോക്ടർ നിഷാന്ത് സോണിയും മറ്റ് ഡോക്ടർമാരും നൽകിയ ഹർജി ജസ്റ്റിസ് അമിത് മഹാജനാണ് പരിഗണിച്ചത്. സിനിമയുടെ നിർമാതാക്കൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് നയ്യാർ, 'സൂര്യ' മലയാള ചിത്രം 'ജോസഫിന്റെ' റീമേക്കാണെന്ന് കോടതിയെ അറിയിച്ചു. ഒറിജിനൽ ചിത്രം ഏതെങ്കിലും അധികാരസ്ഥാപനം നിരോധിക്കുകയോ പ്രദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതികൾ പരിഗണിച്ച കോടതി നിർമാതാക്കളുടെ ഉറപ്പും രേഖപ്പെടുത്തി. സിനിമയും ട്രെയിലറും സാങ്കൽപ്പിക സൃഷ്ടിയാണെന്നും മലയാള ചിത്രം 'ജോസഫിന്റെ' അഡാപ്റ്റേഷനാണെന്നും വ്യക്തമാക്കുന്ന ഡിസ്ക്ലെയിമർ രണ്ടിലും ഉൾപ്പെടുത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ഉത്തരവുകൾ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിക്കുകയും ഹർജി തീർപ്പാക്കുകയും ചെയ്തു.

സണ്ണി ഡിയോളിന്റെ 'സൂര്യ'യ്ക്ക് സിനിമയിലും ട്രെയിലറിലും ഡിസ്ക്ലെയിമർ; ഉറപ്പുനൽകി നിർമാതാക്കൾ
ഫാന്റം സെൽഫ്: തൃഷ്ണയുടെ വഴികൾ — ‘ഒറിജിനലി’നെക്കുറിച്ചുള്ള ആലോചനകൾ

2018ൽ പുറത്തിറങ്ങിയ എം. പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മലയാള ചിത്രം 'ജോസഫിന്റെ' ഹിന്ദി റീമേക്കാണ് 'സൂര്യ'. മസ്തിഷ്കമരണം സംഭവിച്ചുവെന്ന് തെറ്റായി പ്രഖ്യാപിച്ച് അവയവങ്ങൾ ശേഖരിക്കുന്നതടക്കമുള്ള മെഡിക്കൽ മേഖലയിലെ ക്രിമിനൽ പ്രവർത്തനങ്ങളാണ് 'ജോസഫ്' പ്രമേയമാക്കിയത്. അവയവദാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിത്രത്തിൽ ചർച്ചയായിരുന്നു. അന്ന് കേരളത്തിലെ ഐഎംഎ വിഭാഗവും ചിത്രത്തിലെ ചില അവതരണങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, പ്രഗ്യ ജയ്‌സ്വാൾ, തനുശ്രീ ചക്രവർത്തി, മനീഷ് വാധ്വ, ടിനു ആനന്ദ്, വൃതി വഘാനി, ജിഷു സെൻഗുപ്ത, ഖാലിദ് സിദ്ദിഖി, അനൂപ് ത്രിവേദി, രോഹിത് തിവാരി എന്നിവരും ചിത്രത്തിലുണ്ട്. 'സൂര്യ: അന്ത്യസേ ആരംഭ് തക്' നവംബർ 20ന് തിയേറ്ററുകളിലെത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

Summary

Sunny Deol-starrer Suryaa will carry disclaimers in both its trailer and film after doctors raised objections over their portrayal. The producers gave the undertaking before the Delhi High Court, clarifying that the movie is fictional and adapted from the Malayalam film Joseph. The court subsequently disposed of the petition.