ഫാന്റം സെൽഫ്: തൃഷ്ണയുടെ വഴികൾ — ‘ഒറിജിനലി’നെക്കുറിച്ചുള്ള ആലോചനകൾ

'സമയചക്രത്തെ മുന്നോട്ടു ചലിപ്പിച്ചുകൊണ്ട് പുതിയൊരു ചലച്ചിത്രപാത വെട്ടുകയാണ് റമീസും കൂട്ടരും'
ഫാന്റം സെൽഫ്: തൃഷ്ണയുടെ വഴികൾ — ‘ഒറിജിനലി’നെക്കുറിച്ചുള്ള ആലോചനകൾ
Published on: 

റിജിന്റെ തൃഷ്ണയുടെ പാരമ്യമാണ് “ഒറിജിനൽ” (Orijinal). നാഗരികതയുടെ വളർച്ചയും മനുഷ്യന്റെ ആഗ്രഹലോകവും മായക്കാഴ്ചകളിൽ തളച്ചിടുകയാണ് നമ്മെ. ആകെ കലർന്ന്, അടിമുടി പിളർന്ന് പടർന്നുപിടിച്ച രോഗാതുരമായ ആനന്ദലോകം… ഒരിക്കലും തൃപ്തിയടയാത്ത ഈ തൃഷ്ണാലോകം (desire world) നമ്മിലൂടെ മുന്നോട്ടു കുതിക്കാൻ ശ്രമിക്കും. ഇടർച്ചയും പതർച്ചയും അതിനൊപ്പമുണ്ടാകും. വിജയവും പരാജയവും ഒരേ സമയം തിരഞ്ഞെടുക്കണം. ചിലത് കൈവിടേണ്ടിവരും. അത് ജീവിതത്തിന്റെ തന്നെ അവസാനമാകാം. ചിലത് വെട്ടിപ്പിടിക്കും. അവിടെ ആത്മാവിന് ലഭിക്കുന്ന ആനന്ദം ഒരു ഫാന്റസിയുടെ തലമാണ്. ഒറിജിനലിലെ (Orijinal) ‘റിജിൻ’ ഒരു നവകാല പ്രതിഭാസമാണ്.

കാലം നമുക്ക് മുന്നേ ഓടുന്നു… ‘Time as metaphor’ എന്ന് പ്രാചീന കലിയുഗസങ്കൽപ്പത്തിന്റെ ചരിത്രത്തിൽ റൊമില ഥാപ്പർ വിശദീകരിക്കുന്നുണ്ട്. സമയയാത്രയിൽ (time travelling) നിന്ന് ലഭിക്കുന്ന പരമാനന്ദവും (jouissance) അതിനൊപ്പം അപരനെ ചതിക്കുമ്പോഴുണ്ടാകുന്ന ധർമ-നീതിസാര വിചാരവും ഇരട്ടനായകനെ (റിജിൻ യൂസഫ് — ശ്രീനാഥ് ഭാസി) വൈരുധ്യത്തിലകപ്പെടുത്തുന്നു.

‘ജീവിതത്തിൽനിന്നും ചീന്തിയെടുത്ത ഏടാണ് ഈ സിനിമ’ എന്നൊരു ചിന്ത സാഹിത്യനിരൂപകൻ കെ. വി. ശശിയുടേതായിട്ടുണ്ട്. എന്നാൽ, ഫാന്റസിയുടെ, മിഥ്യാത്മകതയുടെ കാലത്ത് ജീവിതം “ചീന്തിയെടുക്കാൻ” പാകത്തിലുള്ളതാണോ എന്ന ചോദ്യം ഉയരുകയാണ് ഈ സിനിമയിലൂടെ.

സമയചക്രത്തെ മുന്നോട്ടു ചലിപ്പിച്ചുകൊണ്ട് പുതിയൊരു ചലച്ചിത്രപാത വെട്ടുകയാണ് റമീസും (രചന, സംവിധാനം) കൂട്ടരും. ഫാന്റം സങ്കൽപ്പങ്ങൾ മനുഷ്യന്റെ ജന്മസിദ്ധവും സക്രിയവുമായ വഴികളാണ്. അവൻ/അവൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ലോകത്തിന്റെ ഒരു വശമാണ് ഫാന്റസി. ‘ഇച്ഛാശക്തി (will) ന്റെ പ്രോപ്പർട്ടിയാണ് ഫാന്റം സെൽഫ് (phantom self)’ എന്ന് ഫിലോസഫർ നിസാർ അഹമ്മദ് പറഞ്ഞത് ഓർത്തുപോകുകയാണ്. മിഥ്യാത്മകമായ സ്വത്വം…

റമീസിന്റെ തിരക്കഥ ടൈം ട്രാവൽ എന്ന പരിചിത ആശയത്തെ മലയാള സിനിമയുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ പുതുമയോടെ പുനർനിർവചിക്കുന്നു. അദ്ദേഹത്തിന്റെ സങ്കൽപ്പം ശാസ്ത്രത്തെ ഒരു ഉപകരണമായി മാത്രം കാണുന്നില്ല. അതിനെ മനുഷ്യപ്രവർത്തനത്തിന്റെ ദർപ്പണമാക്കുന്നു, ഘടികാരമാക്കുന്നു.

ഒരു ഘടികാരം നിലച്ച് മറ്റൊരു സമയക്രമം വീണ്ടും ആരംഭിക്കുന്നു. ഒരു മനുഷ്യൻ നിലച്ച്, അതേ സ്വത്വത്തിൽ ഒരു പ്രതിരൂപം, മിറർ ഇമേജ്, മറ്റൊരു കാലത്ത് ജനിക്കുന്നു… പ്രവർത്തിക്കുന്നു. യന്ത്രം ഭരിക്കുന്ന സമീപഭൂതകാലം ഇന്ന് നമ്മുടെ സാമൂഹിക ചർച്ചയുടെ കേന്ദ്രവിഷയം കൂടിയാണ്. അതുകൊണ്ട് ഫാന്റസിയുടെയും ജീവിതയാഥാർഥ്യത്തിന്റെയും തലങ്ങൾ 'ഒറിജിനലി'ൽ കുഴഞ്ഞുമറിഞ്ഞുകിടക്കുന്നുണ്ട്. യന്ത്രചിന്തയിലേക്ക് നീങ്ങുന്ന ഈയൊരു കാലത്ത് ഈ സിനിമയിൽ പ്രവർത്തിക്കുന്ന വാച്ച് വെറും ഒരു മാജിക് ഉപകരണം മാത്രമല്ല; മനുഷ്യന്റെ സ്വാർത്ഥതയുടെയും അവർ ചെയ്തുകൂട്ടിയതിന്റെ പരിണതഫലങ്ങളുടെയും പ്രതീകമാണ്. മെഷീൻ നമ്മുടെ വേഗത കൂട്ടുകയാണ്.

നാഗരികതയുടെ ഏറ്റവും വലിയ വളർച്ചയുടെ ഘട്ടത്തിൽ (യന്ത്രചിന്തനം) ഒരു സമയയന്ത്രം പ്രവർത്തിക്കുന്ന ഗൗരവമേറിയ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. കഥാന്ത്യത്തിൽ റിജിൻ വന്നുഭവിച്ച് തന്റെ അസ്തിത്വത്തിന്റെ ഭാഗമായി വിടാതെ പിടികൂടിയ ആ ടൈം മെഷീൻ — വാച്ച് — പറിച്ചെറിയാൻ നടത്തുന്ന വിഫലശ്രമം ശ്രദ്ധേയമാണ്, പാഠമാണ്. പിളരുന്ന ആത്മാവിന്റെ ഒരു ചിത്രഭാഷയാണ് ഒറിജിനൽ. 2012-ൽ ജീവിക്കുന്ന റിജിന് അപ്രതീക്ഷിതമായി ലഭിച്ച ടൈം മെഷീനിലൂടെ 2024 പ്രാപ്യമാകുന്നു. ഒപ്പം അപരനായ പുതിയൊരു റിജിനും. ഈ ‘അപര റിജിനാ’ണ് ജീവിതത്തിൽ ശൂന്യനായി നിൽക്കുന്ന ജൂനിയർ റിജിന് നിർദേശങ്ങൾ നൽകുന്നത്.

2012-നു ശേഷമുള്ള ഭാവികാര്യങ്ങൾ സമയത്തെയും കാലത്തെയും മെരുക്കിയതിലൂടെ നായകന് മനസ്സിലാകുന്നു. വിജയിച്ച ഭാവിവ്യവസ്ഥ മുൻപേ പ്രയോഗിക്കുന്നു. ‘അപര റിജിൻ’ അത്യാഢംബരത്തിന്റെ ആർത്തിയുടെ പാരമ്യത്തിൽ എന്തുചെയ്തും മുന്നോട്ടുപോകാൻ ശ്രമിക്കുന്നു. ജൂനിയർ റിജിനിലാകട്ടെ ധാർമികതയുടെ വളർച്ചയും. തന്നിൽ വളരുന്ന ‘അപരനോടുള്ള’ ചെറുത്തുനിൽപ്പ് ആരംഭിക്കുന്നു. സംഘർഷഭരിതമായി സിനിമ വീണ്ടും തുടരുന്നു. ഈ വൈരുധ്യമാണ് ചിത്രത്തെ ഒരു ധാർമികകഥയിൽനിന്ന് സാമൂഹികവും ദാർശനികവുമായ വായനയ്ക്ക് തുറന്ന കൃതിയാക്കി മാറ്റുന്നത്. ടൈം ട്രാവൽ ഇവിടെ ശാസ്ത്രീയ വിശദീകരണം ആവശ്യപ്പെടുന്ന സാങ്കേതിക കൗതുകം മാത്രമല്ല; ഭൂതകാലത്തെ തിരുത്താനുള്ള മോഹവും ഭാവിയെ നിയന്ത്രിക്കാനുള്ള അധികാരഭ്രമവും മനുഷ്യനെ എങ്ങനെ ധാർമിക പ്രതിസന്ധിയിലാക്കുന്നു എന്നറിയാനുള്ള ആഖ്യാനോപാധിയാണ്.

ഒരേ വ്യക്തിയുടെ രണ്ട് രൂപങ്ങൾ പ്രവർത്തിക്കുകയാണ്. ഇങ്ങനെ ആഗ്രഹത്തിന്റെയും ആനന്ദത്തിന്റെയും ഒരു ദൃശ്യരൂപകമായി സിനിമ നീങ്ങുന്നു. ഇരട്ടനായകത്വത്തിന്റെ വ്യക്തിപ്രശ്നമല്ലിത്. മലയാള സിനിമാ വ്യവസായത്തിന്റെ ചില പ്രതിസന്ധികളുടെ ഒളിമിന്നലുകൾ ഇതിൽ കാണാം. ആ ഉൽപ്പാദനഘടനയുടെ പ്രശ്നമാണിത്. സിനിമയിലെ സംഘർഷങ്ങൾ വ്യക്തിയുടെ സ്വഭാവദോഷത്തിലേക്ക് മാത്രം ചുരുങ്ങുന്നില്ല. റിജിന്റെ തിരഞ്ഞെടുപ്പുകൾ വ്യക്തിപരമാണെങ്കിലും അവ രൂപപ്പെടുന്നത് വിജയം, പ്രശസ്തി, സാമ്പത്തികനേട്ടം, പൊതുഅംഗീകാരം എന്നിവയ്ക്ക് വലിയ വില നൽകുന്ന സാമൂഹിക സാഹചര്യത്തിലാണ്.

വ്യക്തിയുടെ സ്വാതന്ത്ര്യവും സാമൂഹിക സമ്മർദവും തമ്മിലുള്ള ഈ ബന്ധമാണ് ചിത്രത്തിന് വിശാലമായ പ്രസക്തി നൽകുന്നത്. ചുരുക്കത്തിൽ, രണ്ട് റിജിന്മാർ തമ്മിലുള്ള സംഘർഷം ഒരേ വ്യക്തിയുടെ ഭിന്നകാലങ്ങളിലേക്കുള്ള യാത്ര മാത്രമല്ല; സ്വപ്നവും നഷ്ടഭീതിയും, സർഗാത്മകതയും അംഗീകാരവും, ആത്മബോധവും തമ്മിലുള്ള പോരാട്ടമാണ്. ‘ഒറിജിനൽ’ എന്നത് ഇവിടെ കലാസൃഷ്ടിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള ചോദ്യത്തിൽ ഒതുങ്ങുന്നില്ല. അത് സ്വന്തം ആഗ്രഹത്തെ തിരിച്ചറിയാനും, വിജയത്തെ നിർവചിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളെ വിമർശനാത്മകമായി കാണാനും, മറ്റുള്ളവരുടെ അധ്വാനത്തെ സ്വന്തമാക്കാതെ സ്വന്തം സൃഷ്ടിപരമായ വഴിയിലൂടെ മുന്നേറാനുമുള്ള ധാർമിക തിരഞ്ഞെടുപ്പാണ്. മറ്റൊരാളുടെ കഥ കടംകൊണ്ട് വിജയം നേടാം; എന്നാൽ അതിലൂടെ “സ്വന്തം സ്വത്വം” നിർമ്മിക്കാനാവില്ല… സമയത്തെ തിരുത്താനുള്ള സ്വപ്നത്തേക്കാൾ നിർണായകമായത് സ്വന്തം തിരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ധൈര്യമാണ്. അതാണ് ചിത്രത്തിന്റെ പേരിന് ലഭിക്കുന്ന ഏറ്റവും ആഴമുള്ള അർത്ഥം.

Madism Digital
madismdigital.com