

സിനിമാതാരങ്ങളുടെയടക്കം സംസ്കാരചടങ്ങിനെത്തുന്ന യൂട്യൂബ് ചാനലുകളുടെ അനൗചിത്യപരമായ പെരുമാറ്റം ഇതിനോടകം തന്നെ പലതവണ വലിയ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. വൻ താരങ്ങളുൾപ്പടെ പലരും പരസ്യമായി തന്നെ ഈ സമീപനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു.
ഇന്നലെ നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങുകളിലും അത്തരമൊരു സംഭവമുണ്ടാവുകയും ഒടുവിൽ മകൻ ചന്ദു ആൾക്കൂട്ടത്തിനോട് ആക്രോശിക്കുകയും ചെയ്തത് വലിയ വാർത്തയായതാണ്. ഇപ്പോഴിതാ വിഷയത്തിൽ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ.
ഇരയെ ലക്ഷ്യമാക്കി നീങ്ങുന്ന കഴുകന്‍മാരെ പോലെയാണ് യൂട്യൂബ് ചാനലുകളെന്നും ഇത് പത്രപ്രവർത്തനമല്ല, അശ്ലീലവും അസഭ്യവും നിറഞ്ഞ അതിക്രമമാണെന്നും സുപ്രിയ പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
"വീണ്ടുമത് സംഭവിച്ചിരിക്കുന്നു. പ്രിയപ്പെട്ടയാളെ അവസാനമായി ഒന്ന് കാണാൻ, വേദനയോടെ യാത്രയാക്കാൻ ഒരു കുടുംബമൊരുങ്ങവേ, ഇരകൾക്കടുത്തേക്ക് വരുന്ന കഴുകൻ കണ്ണുകളെ പോലെ ചുറ്റും ക്യാമറകൾ. ഒന്ന് സമാധാനത്തോടെ കരയാൻ, ഒരു സാവകാശം കിട്ടാൻ ആ ക്യാമറക്കൂട്ടത്തോട് ദേഷ്യപ്പെടുന്ന മകൻ. എങ്ങനെയുള്ള സമൂഹമായാണ് നാം മാറിയിരിക്കുന്നത്. എല്ലാകാര്യങ്ങളും അപ്പപ്പോൾ ആളുകൾക്ക് മുന്നിലെത്തിക്കാൻ സകല പരിമിതികളും അച്ചടക്കങ്ങളും ലംഘിക്കുകയാണ് ചിലർ. ആളുകളെ സമാധാനത്തോടെ ഒന്നു വിതുമ്പാനെങ്കിലും അനുവദിക്കൂ. അവർ ഇതിനോടകം തന്നെ ഒരുപാട് വേദനയനുഭവിച്ച് കഴിഞ്ഞു. അവരെ പകർത്തുന്നവർക്ക് നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇത് മാധ്യമപ്രവർത്തനമല്ല, സ്വകാര്യത ലംഘിച്ചുള്ള ഒളിഞ്ഞുനോട്ടമാണ്". - സുപ്രിയ പറയുന്നു.
സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെ മകൻ ചന്ദുവിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ഒടുവിൽ കടുത്ത രോക്ഷത്തോടെ പ്രതികരിക്കുകയുമായിരുന്നു.
എന്താണ് നിങ്ങൾക്ക് വേണ്ടതെന്നും എല്ലാരും കുറച്ച് മാറി നിൽക്കാനല്ലെ പറഞ്ഞത് എന്നുമടക്കം ചന്ദു രോഷത്തോടെ അലറി. അമ്മയും സഹപ്രവർത്തകരുമടക്കം നിരവധിപേർ ചന്തുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിറകണ്ണുകളോടെ വീണ്ടും മാറി നിൽക്കാൻ പറഞ്ഞു. ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയ പൊലീസുകാർ പോലും ബുദ്ധിമുട്ടിയ സാഹചര്യമായിരുന്നു ചടങ്ങിൽ.
യൂട്യൂബ് ചാനലുകാരെ കൂടാതെ അവിടെ വന്ന് മറ്റ് ആളുകളും നടന്മാരുടെയും മറ്റും ചിത്രങ്ങളും വിഡിയോകളും എടുക്കാൻ മത്സരിക്കുകയായിരുന്നു. തുടർന്നുണ്ടായ ബഹളം പൊലീസ് തടഞ്ഞുവെങ്കിലും ശമിക്കാതെ വന്നതോടെയാണ് ചന്ദുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
മുമ്പ് നടൻ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകളിലും ഇതേ സംഭവം ആവർത്തിച്ചിരുന്നു. അന്നും സുപ്രിയയടക്കം രൂക്ഷമായി തന്നെയാണ് പ്രതികരിച്ചത്. ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണെന്നും പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി ഒന്ന് വിലപിക്കാൻ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണുന്നത് ഏറെ ദൗർഭാഗ്യകരമാണെന്നുമായിരുന്നു അന്ന് സുപ്രിയയുടെ വിമർശനം.
English Summary: The inappropriate conduct of online media personnel at funeral ceremonies, including those of film stars, has repeatedly drawn widespread criticism. Several prominent personalities, including major actors, have publicly spoken out against such practices.
A similar incident occurred yesterday during the funeral rites of actor Salim Kumar, eventually prompting his son, Chandu Salim Kumar, to angrily confront the crowd — an episode that quickly became major news.
Now, Supriya Menon has come forward with a strongly worded reaction on the issue.