ചിരിയുടെ തമ്പുരാന്‍ എന്ന ലേബലില്‍ നിന്നും ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കും, ഒടുവില്‍ രാജ്യത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരത്തിലേക്കും സലിം കുമാര്‍ നടന്നു കയറിയ വഴി ഏതൊരു സിനിമാപ്രേമിയെയും അത്ഭുതപ്പെടുത്തുന്നതാണ്. കൗണ്ടറുകളും ശരീരഭാഷയും കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം, ഒരു ഘട്ടത്തില്‍ തന്റെ അഭിനയജീവിതത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോയി. ഹാസ്യത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങാതെ ആഴമുള്ള വികാരങ്ങളും മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളും വെള്ളിത്തിരയില്‍ പകര്‍ത്താന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
ഹാസ്യവേഷങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട നടനല്ല താനെന്നു സലിം കുമാര്‍ അടിവരയിട്ടത് 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ 'സാമുവല്‍' എന്ന കഥാപാത്രത്തിലൂടെയാണ്. അതിനുമുമ്പ് ലാല്‍ ജോസിന്റെ തന്നെ പെരുമഴക്കാലത്തില്‍ 'ആമു എളാപ്പ' എന്ന കഥാപാത്രത്തിലൂടെ ഗൗരവമേറിയ കഥാപാത്രങ്ങള്‍ തനിക്ക് അനായാസം അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് സലിം കുമാര്‍ തെളിയിച്ചിരുന്നു. സലിം കുമാറിലെ മികച്ച ക്യാരക്ടര്‍ ആക്ടറെ മലയാളി ആദ്യമായി തിരിച്ചറിയുന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിലൂടെയാണ്. ഒരു വലിയ ദുരന്തത്തില്‍ അകപ്പെട്ടുപോകുന്ന മകളുടെ അച്ഛനായി, സമൂഹത്തിന് മുന്നില്‍ നിസ്സഹായനായിപ്പോകുന്ന ഒരു സാധാരണക്കാരന്റെ വേദന സലിം കുമാര്‍ അത്രമേല്‍ തീവ്രമായി പ്രേക്ഷകരിലേക്ക് എത്തിച്ചു. ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് 2005-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന പുരസ്‌കാരം ലഭിച്ചു.
സലിം കുമാറിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ് 'ആദാമിന്റെ മകന്‍ അബു'. ഒടുങ്ങാത്ത ആഗ്രഹമായ ഹജ്ജ് കര്‍മ്മത്തിന് പോകാന്‍ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന, അത്രമേല്‍ നിഷ്‌കളങ്കനായ ഒരു വൃദ്ധനായ അത്തര്‍ വില്‍പ്പനക്കാരനെയാണ് അദ്ദേഹം ഇതില്‍ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കണ്ണുകളിലെ ദയനീയതയും നിസ്സഹായാവസ്ഥയും പുണ്യകര്‍മ്മത്തിനായുള്ള അടങ്ങാത്ത ആഗ്രഹവും മലയാളക്കരയ്ക്ക് പുറത്തും ചര്‍ച്ച ചെയ്യപ്പെട്ടു. 'അബു'വിലൂടെ അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരം മലയാളം സിനിമയിലേക്ക് കൊണ്ടുവന്നു. ഇതോടൊപ്പം സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.'കേരള കഫേ'യില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ബ്രിഡ്ജ്' എന്ന ചിത്രത്തില്‍ സ്വന്തം അമ്മയെ വഴിയിലുപേക്ഷിക്കേണ്ടി വരുന്ന മകന്റെ വേഷത്തിലൂടെയും സലിം കുമാര്‍ തന്റെ അസാധ്യമായ അഭിനയ വൈഭവം പ്രേക്ഷകര്‍ക്ക് മുന്നുല്‍ എത്തിച്ചു. കുറഞ്ഞ സംഭാഷണങ്ങള്‍ കൊണ്ടും മുഖഭാവങ്ങള്‍ കൊണ്ടും പ്രേക്ഷകരെ കരയിപ്പിക്കാന്‍ ബ്രിഡ്ജിലെ കഥാപാത്രത്തിന് കഴിഞ്ഞു. അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'കറുത്ത ജൂതനി'ലെ കേന്ദ്ര കഥാപാത്രമായും അദ്ദേഹം ഗൗരവമേറിയ കഥകള്‍ അവതരിപ്പിച്ചു. സാമൂഹികവും മാനുഷികവുമായ വിഷയങ്ങളെ ആസ്പദമാക്കിയ ഇത്തരം ചിത്രങ്ങളില്‍ സലീം കുമാറിന്റെ പ്രകടനം അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യത്തെ വീണ്ടും അടിവരയിട്ടു.
'കേരള കഫേ'യില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ബ്രിഡ്ജ്' എന്ന ചിത്രത്തില്‍ സ്വന്തം അമ്മയെ വഴിയിലുപേക്ഷിക്കേണ്ടി വരുന്ന മകന്റെ വേഷത്തിലൂടെയും സലിം കുമാര്‍ തന്റെ അസാധ്യമായ അഭിനയ വൈഭവം പ്രേക്ഷകര്‍ക്ക് മുന്നുല്‍ എത്തിച്ചു. കുറഞ്ഞ സംഭാഷണങ്ങള്‍ കൊണ്ടും മുഖഭാവങ്ങള്‍ കൊണ്ടും പ്രേക്ഷകരെ കരയിപ്പിക്കാന്‍ ബ്രിഡ്ജിലെ കഥാപാത്രത്തിന് കഴിഞ്ഞു. അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'കറുത്ത ജൂതനി'ലെ കേന്ദ്ര കഥാപാത്രമായും അദ്ദേഹം ഗൗരവമേറിയ കഥകള്‍ അവതരിപ്പിച്ചു. സാമൂഹികവും മാനുഷികവുമായ വിഷയങ്ങളെ ആസ്പദമാക്കിയ ഇത്തരം ചിത്രങ്ങളില്‍ സലീം കുമാറിന്റെ പ്രകടനം അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യത്തെ വീണ്ടും അടിവരയിട്ടു.
മലയാള സിനിമയിൽ ഹാസ്യനടന്മാർക്ക് പലപ്പോഴും ഒരു പ്രത്യേക പരിധിക്കപ്പുറം അവസരങ്ങൾ ലഭിക്കാറില്ല എന്ന ധാരണയെ തിരുത്തിക്കുറിക്കാൻ സലിം കുമാറിന് കഴിഞ്ഞു. ചിരിപ്പിക്കുക എന്നത് എത്രത്തോളം പ്രയാസമേറിയതാണോ, അത്രത്തോളം തന്നെ മനോഹരമായി പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കാനും തനിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. വെറുമൊരു കോമഡി താരം മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് താനെന്ന് തന്റെ ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും സലിം കുമാർ അടിവരയിട്ടുറപ്പിച്ചു. അദ്ദേഹത്തിന്റെ ഗൗരവമേറിയ കഥാപാത്രങ്ങള്‍ ഇന്നും മലയാള സിനിമയുടെ അഭിനയസമ്പത്തില്‍ വിലപ്പെട്ട അധ്യായങ്ങളായി തുടരുന്നു.
English Summary: Known primarily for his comedy roles, Salim Kumar surprised audiences by reinventing himself as a serious performer through a series of acclaimed character roles. His portrayal of Samuel in Achanurangatha Veedu revealed his ability to convey deep emotional pain, while Adaminte Makan Abu earned him the National Film Award for Best Actor with a moving performance as an elderly man struggling to fulfill his dream of performing Hajj. From Perumazhakkalam and Bridge in Kerala Cafe to Karutha Joothan, Salim Kumar consistently demonstrated extraordinary versatility, proving that he is much more than a comedian and securing his place among Malayalam cinema's finest actors.