

സുബാഷ് കെ രാജ് രചനയും സംവിധാനവും നിർവഹിച്ച 'ബ്ലാസ്റ്റ്' വലിയ വിജയമായി തിയറ്ററുകളിൽ മുന്നേറുകയാണ്. ഈ ചിത്രത്തിൽ അഭിരാമി അവതരിപ്പിച്ച നീലവേണി എന്ന കഥാപാത്രം വൻ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. യഥാർഥത്തിൽ ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നതെന്ന് താനാണെന്ന് വെളിപ്പെടുത്തുകയാണ് മലയാളികളുടെ പ്രിയതാരം സ്വാസിക.
ബ്ലാസ്റ്റിൽ അഭിരാമി ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം തന്നെയാണ് വിളിച്ചതെന്നും പിന്നീട മറ്റു തിരക്കുകൾ കാരണം ഈ സിനിമ ചെയ്യാൻ സാധിച്ചില്ലെന്നും സ്വാസിക പറഞ്ഞു. ബ്ലാസ്റ്റ് നഷ്ടമായതിലുള്ള സങ്കടവും നടി പങ്കുവെച്ചു. എസ്.എസ്.മ്യൂസിക്കിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
''ബ്ലാസ്റ്റിൽ അഭിരാമി അവതരിപ്പിച്ച അമ്മയുടെ വേഷം എനിക്ക് ഓഫർ ചെയ്തിരുന്നു. പക്ഷേ ചെയ്യാൻ കഴിഞ്ഞില്ല. കറുപ്പിന്റെയും (സൂര്യ ചിത്രം) മുൻപ് ഏറ്റെടുത്ത മറ്റു ചില സിനിമകളുടെയും ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു. ബ്ലാസ്റ്റിലേക്ക് പറഞ്ഞ തിയതി എനിക്ക് ഓക്കെയായിരുന്നില്ല. പക്ഷേ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അതുപോലെയൊരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,'' സ്വാസിക പറഞ്ഞു.
താൻ ചെയ്താൽ ഇപ്പോളുള്ളതിൽനിന്ന് ആ കഥാപാത്രം വ്യത്യസ്തമാകുമോ എന്നറിയില്ല. എങ്കിലും ഈ തരത്തിലുള്ള സിനിമ ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. വളരെ നല്ല നിലയിൽ സിനിമ പോകുന്നുവെന്ന് തോന്നുന്നു. ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നതിനാൽ, അത് നഷ്ടപ്പെട്ടപ്പോൾ നിരാശ തോന്നി. എന്നിരുന്നാലും എന്നെങ്കിലും ഒരു സമ്പൂർണ ആക്ഷൻ സിനിമ ചെയ്യാനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും സ്വാസിക പറഞ്ഞു.
റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ്ഓഫീസിൽനിന്ന് മാത്രം 21 കോടിയിലേറെ കളക്ട് ചെയ്യാൻ ബ്ലാസ്റ്റിനു സാധിച്ചു. വേൾഡ് വൈഡ് കളക്ഷൻ 30 കോടി കടന്നിട്ടുണ്ട്. സൂപ്പർതാരം അർജുൻ ആണ് ചിത്രത്തിൽ നായകൻ. പ്രൈറ്റി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു.
English Summary: Blast written and directed by Subash K Raj, is enjoying a successful run in theatres. In the film, the character Neelaveni, played by Abhirami, has received widespread appreciation from audiences.
Now, popular Malayalam actress Swasika has revealed that she was originally approached for the role. Swasika said she was first offered the character eventually portrayed by Abhirami, but had to turn down the project due to other commitments. She also expressed disappointment at missing out on the film. The actress made these remarks during an interview with SS Music.