

ശക്തവും വൈകാരികവുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് തപ്‌സി പന്നു. കരിയറിൽ പലപ്പോഴും ഗൗരവമേറിയ വേഷങ്ങളാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്. എന്നാൽ ഇനി അത്തരം കഥാപാത്രങ്ങളിൽനിന്ന് മാറി കുറച്ചുകൂടി ലളിതവും രസകരവുമായ വേഷങ്ങൾ ചെയ്യാനുള്ള അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് തപ്‌സി പറഞ്ഞു. ‘ഗാന്ധാരി’യുടെ റിലീസിന് മുന്നോടിയായി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തപ്‌സി ഇക്കാര്യം തുറന്നുപറഞ്ഞത്.
റൊമാന്റിക് കോമഡി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള തന്റെ താൽപര്യമാണ് താരം പങ്കുവെച്ചത്. പതിവായി അവതരിപ്പിച്ചിട്ടുള്ള കടുപ്പമേറിയ കഥാപാത്രങ്ങളിൽനിന്ന് മാറി പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള ലളിതമായ കഥാപാത്രങ്ങൾ ചെയ്യാനാകണം. “എന്നോട് കുറച്ച് ദയ കാണിക്കണമെന്ന് എല്ലാവരോടും പറയൂ. എനിക്ക് ഒരു ലളിതമായ സിനിമ തരൂ. എന്നെ ഒരു റൊമാന്റിക് കോമഡിയിൽ കാണാൻ നിങ്ങൾക്കും ആഗ്രഹമുണ്ടാകില്ലേ? എനിക്കും അത്തരമൊരു സിനിമ ചെയ്യാൻ വളരെ ആഗ്രഹമുണ്ട്,” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
ഒരേ തരത്തിലുള്ള കഥാപാത്രത്തിലും ജോണറിലും ഒരു അഭിനേതാവ് വിജയിച്ചാൽ അതേ മേഖലയിൽ തന്നെ അയാളെ തുടർന്നും അവതരിപ്പിക്കുന്ന പ്രവണത സിനിമാ വ്യവസായത്തിനുണ്ടെന്നും തപ്‌സി ചൂണ്ടിക്കാട്ടി. “ഒരു പ്രത്യേക തരത്തിലുള്ള കഥാപാത്രങ്ങളിലും ജോണറുകളിലും ഒരു നടി മികച്ചതാണെന്ന് കണ്ടാൽ, അതേ ലോകത്ത് തന്നെ ആ നടിയെ വീണ്ടും വീണ്ടും കാസ്റ്റ് ചെയ്ത് സുരക്ഷിതമായി മുന്നോട്ടുപോകാനാണ് നമ്മൾ ശ്രമിക്കുന്നത്. വ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവ് നമ്മുടെ ഇൻഡസ്ട്രിക്ക് നഷ്ടപ്പെട്ടിരിക്കുന്നു,” തപ്‌സി പറഞ്ഞു.
‘ബേബി’, ‘നാം ഷബാന’ എന്നീ ചിത്രങ്ങൾക്ക് ശേഷം അന്വേഷണ ത്രില്ലറുകളും ആക്ഷൻ ചിത്രങ്ങളുമായി നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും താൻ അവ നിരസിച്ചിട്ടുണ്ടെന്നും തപ്‌സി പറഞ്ഞു. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിപ്പോകാൻ താൽപര്യമില്ലാത്തതിനാലാണ് ഇത്തരം ചിത്രങ്ങൾ ഒഴിവാക്കിയതെന്നും താരം പറഞ്ഞു. “ഞാൻ നിരസിച്ച സിനിമകളുടെ എണ്ണം പറഞ്ഞുതുടങ്ങിയാൽ തീരില്ല. ഒരുപാട് അന്വേഷണ ചിത്രങ്ങൾ ഞാൻ നിരസിച്ചിട്ടുണ്ട്. ‘നാം ഷബാന’, ‘ബേബി’ എന്നിവയ്ക്ക് ശേഷം ഇതുവരെ നിരവധി ആക്ഷൻ ചിത്രങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ട്,” തപ്‌സി പറഞ്ഞു.
റൊമാന്റിക് കഥാപാത്രങ്ങൾ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച ചിത്രമാണ് ‘മൻമർസിയാൻ’ എന്ന് തപ്‌സി ഓർമിപ്പിച്ചു. എന്നാൽ ഇപ്പോൾ തനിക്കൊപ്പം ഒരു പ്രണയകഥ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സിനിമാ മേഖലയിലുള്ളവർക്ക് ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞു. “ഇന്ന് ആരെങ്കിലും എന്നെ നായികയാക്കി ഒരു പ്രണയകഥ അവതരിപ്പിക്കാൻ ശ്രമിച്ചാൽ ആളുകൾക്ക് അത് സങ്കൽപ്പിക്കാൻ കഴിയുന്നില്ല. ‘തപ്‌സി ഒരു പ്രണയകഥയിൽ എന്ന് സങ്കൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്’ എന്നാണ് അവർ ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” തപ്‌സി പറഞ്ഞു.
‘ഖേൽ ഖേൽ മേം’ എന്ന ചിത്രത്തിലൂടെ കോമഡി പരീക്ഷിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു. മറ്റുള്ളവർക്ക് വേണ്ടി മാത്രമല്ല, തനിക്കുംകൂടെ വേണ്ടിയാണ് ആ ചിത്രത്തിൽ അഭിനയിച്ചതെന്ന് തപ്‌സി പറഞ്ഞു. കോമഡി കഥാപാത്രത്തിൽ തന്നെ വിശ്വസിച്ച് അവസരം നൽകിയ സംവിധായകൻ മുദസ്സർ അസീസിനും തപ്‌സി നന്ദി പറഞ്ഞു. വ്യത്യസ്ത ജോണറുകളിലും കഥാപാത്രങ്ങളിലും തന്നെ പരീക്ഷിക്കാൻ കൂടുതൽ സംവിധായകർ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.
Taapsee Pannu reveals her desire to move beyond intense roles and headline a lighthearted romantic comedy. The actor says she has rejected several investigative thrillers and action films after Baby and Naam Shabana to avoid typecasting. She hopes filmmakers will trust her versatility and offer opportunities across different genres and characters