

‘യവനകഥയിൽ നിന്നും’ എന്ന പാട്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. പുറത്തിറങ്ങാതെ പോയ ‘അന്ന’ എന്ന ചിത്രത്തിനായി ഒരുക്കിയ ഗാനം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും കേൾക്കാനായത്. നഷ്ടപ്പെട്ടുപോയെന്ന് കരുതിയ കൊച്ചുമകനെ തിരികെ കിട്ടിയ പോലെയായിരുന്നു ഈ പാട്ടിന്റെ തിരിച്ചുവരവെന്നാണ് ഔസേപ്പച്ചൻ പറയുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'‘അന്നയിൽ നിന്നുള്ള പാട്ടുകൾ ഒരിക്കലും പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്റെ ഭാഗമായിരുന്ന ‘യവനകഥയിൽ നിന്നും’ എന്ന ഗാനം വർഷങ്ങളോളം മനസിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ഒരിക്കലും ഇത് വെളിച്ചം കാണുമെന്ന് കരുതിയിരുന്നില്ല. ആദ്യം കരുതിയത് ഈ പാട്ട് ഞങ്ങൾക്ക് ഒരുപാട് സമ്മാനങ്ങൾ കൊണ്ടുതരുമെന്നായിരുന്നു. ഞാനും ഷിബുവും ചിത്രയുമടക്കം ഓരോ തവണ കാണുമ്പോഴും എന്തായി അന്നയിലെ പാട്ടെന്ന് ചോദിച്ചു. പിന്നെ കാണുമ്പോൾ ഇത് കയ്യിൽ നിന്നും പോയി, നമുക്ക് ഇനി ഇതിൽ നിന്നൊന്നും കിട്ടാനില്ല എന്നായി. ഞാനും ഷിബുവും ഇടയ്ക്ക് വിളിക്കുമ്പോൾ ഓ, അതിലെ പാട്ട് എന്ന് പറയും. ആ സ്റ്റൈലിൽ ഒരു പാട്ട് വേറെ ഉണ്ടാക്കാനും ഞങ്ങൾ മുതിർന്നില്ല. കാരണം അതേക്കുറിച്ച് ആലോചിക്കുന്നത് തന്നെ ഞങ്ങൾക്ക് സങ്കടമായിരുന്നു. അങ്ങനെയിരിക്കുന്ന നേരത്താണ് കാണാതെ പോയ കൊച്ചുമകനെ തിരിച്ചു കിട്ടുന്നത്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല,” ഔസേപ്പച്ചൻ പറഞ്ഞു.
അന്നയിൽ അരവിന്ദ് സ്വാമിയും മീനയുമായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിക്കാനിരുന്നത്. ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ ചിത്രീകരണം പിന്നീട് മുടങ്ങുകയായിരുന്നു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ കാസറ്റുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. അതിൽ ഏറെ ശ്രദ്ധ നേടിയ ഗാനമായിരുന്നു യവനകഥയിൽ നിന്നും. വർഷങ്ങൾക്കിപ്പുറം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ജസ്റ്റിനും ആഷ്‌ലിയും തമ്മിലുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം വീണ്ടും എത്തുന്നത്. ചിത്രത്തിലെ ഈ രംഗത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് പഴയ ഗാനം ഉപയോഗിച്ചിരിക്കുന്നത്.
ഗാനത്തിന്റെ വരികൾ എഴുതിയ ഷിബു ചക്രവർത്തിയും യവനകഥയിൽ നിന്നും വീണ്ടും എത്തിയ സാഹചര്യത്തെക്കുറിച്ച് ഓർത്തെടുത്തു. രണ്ട് വ്യത്യസ്ത മതപശ്ചാത്തലങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെയാണ് ഗാനരംഗം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “രണ്ട് കാസ്റ്റിൽ നിന്നുള്ളവരാണ്. അവൻ ഹിന്ദു-ബ്രാഹ്മിൺ ബോയ് ആണ്. അവളാകട്ടെ പള്ളിയോട് വളരെ ചേർന്ന് നിൽക്കുന്ന ക്രിസ്ത്യൻ പെൺകുട്ടിയും. ഞാൻ കിടന്ന കിടപ്പിൽ സൈഡിലെ ഫോൺ എടുത്തപ്പോൾ ഔസേപ്പാണ്. ഇയാൾ ആ ഫീലോടു കൂടി പാടിയപ്പോൾ പാതി ബോധത്തിൽ കിടന്ന് തന്നെ ഞാൻ യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ എന്ന് പാടി,” ഷിബു ചക്രവർത്തി ഓർത്തെടുത്തു.
യവനകഥയിൽ നിന്നും എന്ന ഗാനം വീണ്ടും ഉപയോഗിക്കാനുള്ള ആശയം സംവിധായകൻ ഗിരീഷ് എ ഡിയുടെ മനസിൽ നേരത്തെ ഉണ്ടായിരുന്നതാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ തന്റെ മനസിൽ കയറിക്കൂടിയ പാട്ടാണ് ചിത്രത്തിനായി ഉപയോഗിച്ചതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിലെ രംഗങ്ങൾക്കൊപ്പം ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
Music director Ouseppachan expressed his happiness over the revival of ‘Yavanakathayil Ninnum’, a song originally created for the unreleased film ‘Anna’. The song has found a new audience through Girish A.D.’s ‘Bethlehem Family Unit’, which has entered the ₹200 crore club.