കേരളത്തിന്റെ മതനിരപേക്ഷതയെക്കുറിച്ച് തെറ്റിദ്ധാരണ പടർത്തി വിവാദങ്ങൾ സൃഷ്ടിച്ച് 2023 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് 'ദി കേരള സ്റ്റോറി'. മതസ്പർദ്ധയുണർത്തുന്ന ദൃശ്യങ്ങളോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ അടുത്തയിടെ പുറത്തു വന്നിരുന്നു. നിർബന്ധപൂർവം ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള ദൃശ്യങ്ങളോടെ വന്ന ട്രെയിലറിനെതിരെ ചലച്ചിത്രമേഖലയിൽനിന്നും പുറത്തു നിന്നുമായി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. 'കേരള സ്റ്റോറി'ക്ക് എതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് നടൻ ടൊവിനോ തോമസ് നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്.
ടോവിനോ നായകനാവുന്ന 'പള്ളിച്ചട്ടമ്പി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പൊതുപരിപാടിക്കിടയിലാണ് ചോദ്യമുയർന്നത്. '2023 ൽ പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിനെതിരെ മലയാളത്തിലെ ഒരു നടൻമാരും പ്രതികരിച്ചില്ല. കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയ ചിത്രമായിരുന്നു അത്. അടുത്തിടെ അതേ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. എന്തുകൊണ്ടാണ് 'കേരള സ്റ്റോറി 2' വിനെതിരെയും നിങ്ങൾ പ്രതികരിക്കാത്തതെന്നായിരുന്നു കാണികളിലൊരാൾ ഉന്നയിച്ച ചോദ്യം.
''ചിത്രത്തിന്റെ ആദ്യ ഭാഗം കണ്ടിരുന്നു. സിനിമയെക്കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചാൽ അവർക്കതൊരു പ്രൊമോഷനായി മാറുമെന്നു തോന്നി. അപ്പോൾ തന്നെ തീരുമാനിച്ചതാണ് ഒരിക്കലും അങ്ങനെയൊരു പ്രൊമോഷൻ എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന്. അതുകൊണ്ട് ഒഴിവാക്കി വിട്ടു. കേരളത്തിൽ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല,'' ടൊവിനോ പ്രതികരിച്ചു. നടന്റെ മറുപടിയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.
വിഷു റിലീസായി ഏപ്രിൽ 10 ന് എത്തുന്ന 'പള്ളിച്ചട്ടമ്പി'യാണ് ടോവിനോയുടെ ഇനി വരാനിരിക്കുന്ന ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ഗാനത്തിനും ഇതിനോടകം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
English Summary: Tovino Thomas explained that he chose not to react to The Kerala Story controversy to avoid giving it publicity, as even criticism could act as promotion.