'ഇന്നത്തെ ഫിക്ഷൻ ക്വാട്ടയിൽ മറ്റെന്തെങ്കിലും ബാക്കിയുണ്ടോ?' വാർത്തകളോട് പ്രതികരിച്ച് തൃഷ

തൃഷ അഭിനയം നിർത്തുകയാണെന്ന ചില മാധ്യമങ്ങളിലെ വാർത്തകളോട് നടിയുടെ പ്രതികരണം
'ഇന്നത്തെ ഫിക്ഷൻ ക്വാട്ടയിൽ മറ്റെന്തെങ്കിലും ബാക്കിയുണ്ടോ?' വാർത്തകളോട് പ്രതികരിച്ച് തൃഷ
Published on

തെന്നിന്ത്യൻ സിനിമാലോകത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചർച്ചാവിഷയം നടി തൃഷ കൃഷ്ണന്റെ വിവാഹവും സിനിമയിൽനിന്നുള്ള പിന്മാറ്റവുമാണ്. നടൻ വിജയുമായുള്ള പ്രണയ വാർത്തകൾക്ക് പിന്നാലെ, തൃഷ അഭിനയം നിർത്തുകയാണെന്ന തരത്തിൽ തമിഴ് നിർമ്മാതാക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ വാർത്തകൾ പുറത്തുവിട്ടിരുന്നു. പുതിയ സിനിമകളൊന്നും താരം കരാർ ചെയ്തിട്ടില്ലെന്നതായിരുന്നു ഈ പ്രചാരണങ്ങൾക്ക് ആധാരം. എന്നാൽ, ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി തൃഷ രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ വളരെ പരിഹാസരൂപേണയാണ് താരം ഈ വ്യാജവാർത്തകളോട് പ്രതികരിച്ചത്.

സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. "ഞാൻ സിനിമ ഉപേക്ഷിച്ചെന്നും ഒരു ധനികനായ ബിസിനസുകാരനെ വിവാഹം കഴിച്ചെന്നും എനിക്ക് രണ്ട് വയസ്സുള്ള നാല് കുട്ടികളുണ്ടെന്നുമാണ് ഇപ്പോൾ കേൾക്കുന്നത്. ഇന്നത്തെ ഫിക്ഷൻ കോട്ടയിൽ മറ്റെന്തെങ്കിലും ബാക്കിയുണ്ടോ?" എന്നായിരുന്നു തൃഷയുടെ ചോദ്യം.

ഇതിനു മുൻപും ചണ്ഡീഗഡ് സ്വദേശിയായ ബിസിനസുകാരനുമായി വിവാഹം ഉറപ്പിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ, "എന്റെ ജീവിതം പ്ലാൻ ചെയ്യുന്നവർ എന്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യാൻ കാത്തിരിക്കുകയാണ്," എന്ന് താരം പരിഹസിച്ചിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറത്തുവരുന്നതെല്ലാം വെറും കെട്ടുകഥകളാണെന്ന് താരം ആവർത്തിക്കുന്നു.

'ഇന്നത്തെ ഫിക്ഷൻ ക്വാട്ടയിൽ മറ്റെന്തെങ്കിലും ബാക്കിയുണ്ടോ?' വാർത്തകളോട് പ്രതികരിച്ച് തൃഷ
പ്രേക്ഷകനെ വന്യതയിലേക്കും യാത്രയുടെ മാസ്മരികതയിലേക്കും കൊളുത്തിവലിച്ച സിനിമാ യാത്രകൾ

1999-ൽ മിസ് ചെന്നൈയായ തൃഷ, 'മൗനം പേസിയതേ' എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2025-ൽ പുറത്തിറങ്ങിയ 'ഐഡന്റിറ്റി', 'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി', 'തഗ് ലൈഫ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിലവിൽ തമിഴ് രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയുമായുള്ള താരത്തിന്റെ സൗഹൃദമാണ് തമിഴ് സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയം. അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

സിനിമയിൽനിന്ന് വിട്ടുനിൽക്കുന്നു എന്ന വാർത്തകൾക്കിടയിലും തൃഷയുടെ കൈനിറയെ പ്രോജക്റ്റുകളാണ് വരാനിരിക്കുന്നത്. 'കറുപ്പ്', 'വിശ്വംഭര', 'റാം' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്ന താരം, സിനിമ ഉപേക്ഷിക്കുമെന്ന വാർത്തകൾ അവിശ്വസനീയമാണെന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്.

പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ താരം ഔദ്യോഗികമായി ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തന്റെ പ്രൊഫഷണൽ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളെ ശക്തമായി തന്നെ തൃഷ പ്രതിരോധിക്കുന്നുണ്ട്.

English Summary: Trisha Krishnan has dismissed rumours that she is quitting acting and getting married. Responding through social media, the actress called the reports fictional and confirmed that she has several upcoming film projects.

Related Stories

No stories found.
Madism Digital
madismdigital.com