'വാഴ 2, ഉള്ളംതൊട്ട സിനിമ'; വൈകാരിക കുറിപ്പുമായി കാളിദാസ് ജയറാം

'വാഴ 2' തിയേറ്ററിൽ കാണാൻ സാധിക്കാതിരുന്നതിൽ കുറ്റബോധം തോന്നുന്നു; ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് കാളിദാസ് ജയറാം
'വാഴ 2, ഉള്ളംതൊട്ട സിനിമ';  വൈകാരിക കുറിപ്പുമായി കാളിദാസ് ജയറാം
Published on

ഇൻഡസ്ട്രി ഹിറ്റ് 'വാഴ 2' സംഘത്തെ അഭിനന്ദിച്ച് നടൻ കാളിദാസ് ജയറാം. മനസിനെ കീഴടക്കിയ ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കാതിരുന്നതിൽ കുറ്റബോധം തോന്നുന്നുവെന്ന വരികളോടെ തന്റെ സമൂഹ മാധ്യമ കുറിപ്പിലൂടെയാണ് കാളിദാസ് ചിത്രത്തിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനം അറിയിച്ചത്.

കാളിദാസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:

തിയേറ്ററിൽ കാണാതെ പോയതിൽ കുറ്റബോധമുണ്ടാക്കിയ ചിത്രമാണ് 'വാഴ 2'. ഒടിടിയിൽ കണ്ടതിന് ശേഷം ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത് ഒരു സിനിമയ്ക്ക് എത്രത്തോളം പ്രേക്ഷകന്റെ ഹൃദയത്തെ സ്പർശിക്കാൻ സാധിക്കുമെന്നാണ്. എന്നെ സംബന്ധിച്ച് 'വാഴ 2' സിനിമ മാത്രമല്ല, മറിച്ച് മനസിന്‌ ആശ്വാസം നൽകുന്നൊരു അനുഭവമാണ് നൽകിയത്.

അമ്മ തന്റെ വളർത്തുമത്സ്യങ്ങൾക്ക് അമിതമായി ഭക്ഷണം നൽകിയെന്ന് കുഞ്ഞ് ഹാഷിർ തിരിച്ചറിയുന്ന ആദ്യ രംഗം മുതൽ തന്നെ ചിത്രം മനസിൽ ഇടം നേടി കഴിഞ്ഞിരുന്നു. ആ ചെറിയ നിമിഷത്തിലൂടെ, സിനിമ പ്രേക്ഷകന് നൽകാനിരിക്കുന്ന വികാരപരമായ എല്ലാ കോണുകളിലേക്കുമുള്ള കൃത്യമായ പ്രവേശനമായിരുന്നു സംഭവിച്ചത്. സിനിമയുടെ സംവിധാനവും, എഴുത്തും, ഓരോ പ്രകടനങ്ങളും തികഞ്ഞ സ്വാഭാവികതയും സത്യസന്ധതയും നിലനിർത്തിയിട്ടുണ്ട്. പക്ഷെ, രണ്ടാം പകുതി എന്റെ ഹൃദയത്തെ കീഴടക്കി എന്ന് തന്നെ പറയാം.

'വാഴ 2, ഉള്ളംതൊട്ട സിനിമ';  വൈകാരിക കുറിപ്പുമായി കാളിദാസ് ജയറാം
വിജയത്തിനു പിന്നിലെ രഹസ്യക്കൂട്ട്, സിനിമയുടെ മാറുന്ന അൽഗോരിതം; സോഷ്യൽ മീഡിയ ചർച്ചയിൽനിന്നു മാറാതെ 'വാഴ 2'

'ഫ്ലൈറ്റിന് സമയമായി' എന്ന് പറഞ്ഞ് അലന്റെ അച്ഛൻ കെട്ടിപിടത്തം ഒഴിവാക്കുന്നത് വല്ലാത്ത വേദനയാണ് മനസിലുണ്ടാക്കിയത്. നമ്മുടെ വീടുകളിലും ജീവിത പരിസരങ്ങളിലുമെല്ലാം പലപ്പോഴും കാണുന്ന, പറയാൻ വാക്കുകളില്ലാത്ത സ്നേഹത്തിന്റെ അവതരണമായിരുന്നു അവിടെ കണ്ടത്. 'ചീത്തപ്പേര് കിട്ടാൻ എളുപ്പമാണ്, പക്ഷേ അതിൽ നിന്ന് പുറത്തുവരാൻ വളരെ പ്രയാസമാണ്' എന്ന് തന്റെ സഹോദരനോട് ഹാഷിർ പറഞ്ഞത് കുറച്ചു നാളെങ്കിലും മനസിൽ നിൽക്കുമെന്ന് ഉറപ്പാണ്. അലനും ആഷ്നയും തമ്മിലുള്ള ബന്ധം കണ്ടപ്പോൾ എന്റെ സഹോദരിയാണ് ഓർമ വന്നത്. 'ഞാനല്ലാതെ വേറെയാരാണ്?' എന്ന അലന്റെ ചോദ്യം സഹോദരസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ നിർവചനമാണ്.

ചിത്രത്തിന്റെ ഭാഗമായ മുഴുവൻ താരനിരയും വലിയ കൈയടി അർഹിക്കുന്നുണ്ട്. ഓരോരുത്തരും കഥാപാത്രങ്ങളായി ജീവിച്ചുവെന്ന് തന്നെ പറയാം. പ്രത്യേകിച്ച്, അൽഫോൻസ് പുത്രന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. സവിൻ സ, സംവിധായകനെന്നതിനേക്കാൾ മനുഷ്യനെന്ന നിലയിലും നിങ്ങൾ വിജയിച്ചു. മീനുകളിൽ നിന്നും തുടങ്ങി അവസാന ഷോട്ടിലെ രണ്ട് ഗോൾഡ് ഫിഷുകളിലേക്കെത്തുന്ന കഥയുടെ പരിണാമം വളരെയധികം ഹൃദയസ്പർശിയായിരുന്നു. ഒരു ബില്യൺ ബ്രോസിന്റെ ബയോപിക എന്ന് വിശേഷിപ്പിക്കാവുന്ന കഥ എഴുതിയതിന് വിപിൻ ദാസിനു നന്ദി. യുവത്വത്തിൽ സംഭവിച്ചേക്കാവുന്ന ആശയക്കുഴപ്പങ്ങളും, കുടുംബബന്ധങ്ങളും, പരാജയങ്ങളും, സന്തോഷങ്ങളും, ജീവിതത്തിന്റെ അലമുറകളും മനോഹരമായി തന്നെ നിങ്ങൾ അവതരിപ്പിച്ചു. 'വാഴ 2' ഇനിയും കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണുക. നമ്മൾ എന്തുകൊണ്ട് സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്നത് എന്നതിന് ഉത്തരം പറയുന്ന ചിത്രമാണിത്.

'വാഴ 2, ഉള്ളംതൊട്ട സിനിമ';  വൈകാരിക കുറിപ്പുമായി കാളിദാസ് ജയറാം
'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

സമൂഹ മാധ്യമങ്ങളിലെ വൈറൽ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയവരോടപ്പം സീനിയർ താരങ്ങളായ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, ബിജു കുട്ടൻ, അൽഫോൺസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിയേറ്ററിൽ നിറഞ്ഞ ചിരിയുണർത്തി തുടങ്ങിയ ചിത്രം ഇമോഷണൽ ഡ്രാമയിലൂടെയും കടന്ന് മികച്ച അനുഭവം നൽകിയാണ് അവസാനിക്കുന്നത്.

English Summary: A heartfelt reflection on Vaazha 2, describing the film as an emotional and deeply relatable cinematic experience. The write-up praises the performances, emotional storytelling, sibling dynamics, and the film’s honest portrayal of youth, family, and relationships.

Madism Digital
madismdigital.com