

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിലെത്തുന്ന 'വരവ്' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. 'തല മേലെ വരവോ' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പതിവ് സിനിമാഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആക്ഷൻ രംഗങ്ങളുടേതിന് സമാനമായ ബിജിഎം ശൈലിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
വീഡിയോ ഗാനത്തിൽ ജോജു ജോർജിന്റെ മാസ് ലുക്കും ശക്തമായ ആക്ഷൻ രംഗങ്ങളുമാണ് ശ്രദ്ധ നേടുന്നത്. ആക്ഷൻ കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കുന്ന നടന്റെ പ്രകടനത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'തല മേലെ വരവോ' എന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് സന്തോഷ് വർമയാണ്. സംഗീതസംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് സാം സിഎസ് ആണ്.
ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'വരവിനുണ്ട്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ വൈരവും അതിജീവന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്' തുടങ്ങിയ ഷാജി കൈലാസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ.കെ. സാജനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോജു ജോർജിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റ്സ് നെറ്റ്സോവ്, സാനിയ ഇയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എസ്. ശരവണൻ ഛായാഗ്രഹണവും, ഷമീർ മുഹമ്മദ് എഡിറ്റിംഗും, സാബു റാം കലാസംവിധാനവും, സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. മാസ് ആക്ഷനും ശക്തമായ കഥാപശ്ചാത്തലവും ഒന്നിക്കുന്ന ചിത്രമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ 'വരവ്' റിലീസിനായി കാത്തിരിക്കുന്നത്.