പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത

കൃത്യമായ കാഴ്ചപാടുകളുണ്ടായതിന്റെ പേരിൽ തുടക്കക്കാലത്ത് പൃഥ്വിരാജ് ധാരാളം പഴി കേട്ടിട്ടുണ്ട്. പണ്ട് താൻ അഭിനയിച്ച ചിത്രത്തിൽ ഉപയോ​ഗിച്ച ഫിലിം സ്റ്റോക്ക് ഏതാണെന്ന് ചോദിച്ചതിന് അദ്ദേഹത്തെ ആ ചിത്രത്തിൽനിന്നു പുറത്താക്കിയതായി കേട്ടിട്ടുണ്ട്.
പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത
Published on

പൃഥ്വിരാജ് സുകുമാരൻ ഒന്ന് വാ തുറന്നാൽ അദ്ദേഹത്തെ എയറിൽ കേറ്റാൻ പ്രേക്ഷകർ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. സുകുമാരന്റെ മകൻ, ജാഡക്കാരൻ, എന്നൊക്കെ വിളിച്ച് ആളുകൾ അദ്ദേഹത്തെ ആക്രമിച്ചിരുന്ന ഒരു കാലം. എന്നാൽ ആ അഭിപ്രായങ്ങളെയെല്ലാം കാറ്റിൽ പറത്തി, വ്യക്തിപ്രഭാവമുള്ള നടനായും ഉൾക്കാഴ്ചയുള്ള സംവിധായകനായും റിസ്ക് എടുക്കാൻ മടിയില്ലാത്ത നിർമാതാവായും മോളീവുഡിന്റെ ആൾ റൗണ്ടറായും അമ്പാസിഡറായും പൃഥ്വിരാജ് എന്ന ബ്രാൻഡ് ഇന്ന് ഒരുപാട് ഉയരങ്ങളിൽ വളർന്നു നിൽക്കുകയാണ്.

'റോഷാക്കി'നുശേഷം നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ നോബഡി' പ്രേക്ഷകർക്കു മുന്നിൽ എത്തിക്കഴിഞ്ഞു. ആദ്യ പ്രതികരണങ്ങളിൽനിന്ന് തന്നെ ചിത്രത്തിന്റെ നായകനും നിർമാതാവുമായ പൃഥ്വിരാജിനെ മലയാള സിനിമയുടെ ആവശ്യകതയായാണ് പ്രേക്ഷകർ നിർവ്വചിക്കുന്നത്. രാജീവന്റെ മനോനിലയും ഉള്ളിലൊളിഞ്ഞ സംഘർഷങ്ങളും മുഖഭാവങ്ങളിലൂടെയും ഉച്ചാരണരീതിയിലൂടെയും അദ്ദേഹത്തിനു ഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലെ തീവ്രതയും വികാരപ്രകടനങ്ങളിലെ സൂക്ഷ്മതയും ഒരുപോലെ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജിന്റെ പ്രകടനം സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.

പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത
സിസ്റ്റവും സാധാരണക്കാരനും തമ്മിലുള്ള പോരാട്ടം; നിസാം ബഷീറിന്റെ ഉദ്വേഗജനകമായ 'ഐ നോബഡി'

20 വർഷം മുൻപ് 2006ൽ തന്റെ 23-ാം വയസ്സിൽ അദ്ദേഹം പറഞ്ഞു, ''എന്റെ ഏറ്റവും വലിയ സ്വപ്നം മലയാള സിനിമയുടെ അംബാസിഡർഷിപ്പാണ്. മറ്റു ഭാഷകളിലെല്ലാം മോളിവുഡിനു സ്വീകാര്യതയുണ്ടാക്കണം. ഞാൻ കാരണം മലയാള സിനിമ നാലു പേർ കൂടുതലറിഞ്ഞാൽ അതാണ് എന്റെ ഏറ്റവും വലിയ നേട്ടം.'' ഈ സ്വപ്നം സാക്ഷാൽകരിക്കാൻ, മലയാള സിനിമയുടെ പാൻ ഇന്ത്യൻ വിജയത്തിൽ നിർണായക സാന്നിധ്യമാവാൻ പൃഥ്വിരാജ് എന്ന കഠിനാധ്വാനി നടത്തിയ ശ്രമങ്ങൾ വളരെ വലുതാണ്.

'രാവണപ്രഭു' എന്ന മാസ് ആക്ഷൻ സിനിമയ്ക്കു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ച 'നന്ദനം'. നായിക പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഓഡിഷന് 'മല്ലിക സുകുമാരന്റെ മകനാണ്' എന്ന് സ്വയം പരിചയപ്പെടുത്തിയാണ് പൃഥ്വിരാജ് സെറ്റിലെത്തുന്നത്. പൃഥ്വിരാജിനെ സംബന്ധിച്ചെടുത്തോളം 2002ൽ വിദേശത്ത് പഠിക്കുന്ന കാലത്ത് അവധിക്കു നാട്ടിലെത്തിയപ്പോൾ തോന്നിയ ഒരു നേരമ്പോക്ക് മാത്രമായിരുന്നു അഭിനയം.

സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകന് സിനിമയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ടാകില്ലല്ലോ. ''എനിക്ക് ആദ്യമായി സിനിമ ലഭിച്ചതിന് കാരണം എന്റെ കുടുംബപ്പേരാണ്. ഞാൻ പൂർണമായും നെപ്പോട്ടിസത്തിന്റെ ഉത്പന്നമാണ്.'' എന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നത്തെ പോലെ 'നെപ്പോ വിളി' അന്ന് ഇല്ലായിരുന്നു. പകരം 'താരപുത്രൻ' എന്ന് വിളിച്ച് പൃഥ്വിരാജ് മലയാളി പ്രേക്ഷകരുടെ നോട്ടപ്പുള്ളിയായി.

പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത
കണ്ണുനനയിച്ച അതിജീവനഗാഥകൾ; സ്നേഹവും പ്രതീക്ഷയും ഇഴചേർന്ന മലയാളത്തിലെ മികച്ച സർവൈവൽ മൂവികൾ! ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ചിത്രം?

തുടക്കകാലത്ത് തന്നെ സിനിമയുടെ ടെക്നിക്കൽ സൈഡിനെക്കുറിച്ച് വളരെ കൗതുകമുള്ള ആളായിരുന്നു പൃഥ്വിരാജ്. ആഗോള സിനിമകളെക്കുറിച്ചും വിപണനസാധ്യതകളെക്കുറിച്ചും പൃഥ്വിരാജിനുള്ള അറിവ് ഇന്ന് അ​ദ്ദേഹത്തെ മറ്റു നടൻമാരിൽനിന്ന് വ്യത്യസ്ഥനാക്കുന്നുണ്ടെങ്കിലും തുടക്കകാലത്ത് അതല്ലായിരുന്നു സ്ഥിതി. കൃത്യമായ ലക്ഷ്യവും സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ തുടക്കക്കാലത്ത് അദ്ദേഹം ഒരുപാട് പഴി കേൾക്കേണ്ടിവന്നു. പണ്ട് താൻ അഭിനയിച്ചുകൊണ്ടിരുന്ന ഒരു ചിത്രത്തിൽ ഉപയോഗിക്കുന്ന ഫിലിം സ്റ്റോക്ക് ഏതാണെന്നു ചോദിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെ ആ ചിത്രത്തിൽനിന്നു പുറത്താക്കിയതായി കേട്ടിട്ടുണ്ട്.

പുതിയ എഴുത്തുകാരിലും സംവിധായകരിലും പരീക്ഷണ സിനിമകളിലും പൃഥ്വിരാജ് പണ്ട് മുതലേ സാധ്യതകൾ കണ്ടിരുന്നു. മലയാളത്തിൽ ചോക്ലേറ്റ് ഹീറോ ആയി കസറിയിരുന്നപ്പോൽ തന്നെ, തമിഴിൽ കൊടൂര വില്ലൻ വേഷം ചെയ്യാൻ തയ്യാറായതും തന്റെ 21ാം വയസിൽ ചക്രത്തിലെ ലോറി ഡ്രൈവറായതും തലപ്പാവിൽ നക്‌സൽ നേതാവായി എത്തിയതും അത്തരം പരീക്ഷണങ്ങളുടെ ഭാ​ഗമായാണ്.

2006ലെ ലാൽ ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സ് പൃഥ്വിരാജിന് കൊമേഷ്യൽ നായകൻ എന്ന പദവി നൽകി. എന്നാൽ അതേ വർഷം ഇറങ്ങിയ വാസ്തവം അദ്ദേഹത്തിനു മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം വാങ്ങി കൊടുത്തു. കേരള സ്റ്റേറ്റ് അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ എന്ന മോഹൻലാലിന്റെ റെക്കോർഡായിരുന്നു അന്ന് ആ ഇരുപത്തിനാലുകാരൻ കീഴടക്കിയത്. വെള്ളിനക്ഷത്രം, അത്ഭുത ദ്വീപ്, അനന്തഭദ്രം, വർ​ഗം, കേരള കഫേ, റോബിൻ ഹുഡ്, അൻവർ, പുണ്യം അഹം, ഉറുമി, ഇന്ത്യൻ റുപ്പീ, തുടങ്ങിയ ചിത്രങ്ങളും, പുതിയമുഖത്തിലൂടെ പിന്നണി ​ഗായകനായുള്ള അരങ്ങേറ്റവും പൃഥ്വിരാജ് എന്ന നടന്റെ പരീക്ഷണങ്ങൾ തന്നെ.

പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത
ന്യൂ ഏജ് ഹൊറര്‍ ബോളിവുഡിലും തരംഗം: സൂപ്പര്‍സ്റ്റാറുകളെപ്പോലും പിന്നിലാക്കി 'പേടിപ്പടങ്ങള്‍' ബോക്‌സ് ഓഫീസ് ഭരിക്കുമ്പോള്‍

ഒരു സിനിമ വൻ വിജയമായാലും ശരാശരി വിജയമായാലും പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ലെങ്കിലും എന്നും രാവിലെ എഴുന്നേറ്റ് ക്യാമറയ്ക്കു മുന്നിലേക്കു പോകുമ്പോൾ താൻ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച് പൃഥ്വിരാജ് പലയിടത്തും പറഞ്ഞിട്ടുണ്ട്. ലോകസിനിമയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ചിന്തയില്ലാത്ത, തങ്ങൾ ചിന്തിക്കുന്നതും പറയുന്നതും തിരഞ്ഞെടുക്കുന്നതും മാത്രമാണ് കലയെന്നും ശരിയെന്നും ധരിക്കുന്ന സിനിമയിലെ വമ്പൻ സ്രാവുകളുടെ സ്ഥിരം രീതികളിൽനിന്ന് പൃഥ്വിരാജ് വേറിട്ട് നിൽക്കുന്നതും ക്യാമറയ്ക്കു മുന്നിൽ നിൽക്കാനുള്ള അദ്ദേഹത്തിന്റെ ഈ അടങ്ങാത്ത ആസക്തി കാരണമാണ്.

കമലിന്റെ സെല്ലുലോയിഡിൽ ജെ സി ഡാനിയലായി എത്തി പൃഥ്വിരാജ് കാണികളെ ഞെട്ടിക്കുകയും മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഒരിക്കൽ കൂടി സ്വന്തമാക്കുകയും ചെയ്തു. മുംബൈ പൊലീസിൽ ആന്റണി മോസസ് നായക സങ്കൽപ്പങ്ങളെ തിരുത്തിയെഴുതി. മെമ്മറീസ്, അയാളും ഞാനും തമ്മിൽ, സപ്തമശ്രി തസ്കര, സെവൻത് ഡേ, ഡബിൾ ബാരൽ, അനാർക്കലി, പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീൻ, എസ്ര, രണം, കൂടെ, എന്നീ സിനിമകളിലൂടെ ഫ്രഷ് ആയ ധാരാളം കഥാപാത്രങ്ങളെ അദ്ദേഹം മോളിവുഡിന് നൽകി. പൃഥ്വിരാജ് തന്നിലെ നടനെ തേച്ചുമിനുക്കി എടുക്കുന്നതിന് ഏതറ്റം വരേയും പോകുമെന്നു സിനിമയ്ക്കകത്തും പുറത്തും രജിസ്റ്റർ ചെയ്യപ്പെട്ടു. ഒപ്പം പൃഥ്വിരാജിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെയും നിരൂപകർ വാനോളം പുകഴ്ത്തി.

പൃഥ്വിരാജ് ഇന്ന് ഒരു നടൻ മാത്രമല്ല, രാജ്യത്തിനുമപ്പുറം ലോകം ശ്രദ്ധിക്കുന്ന ചലച്ചിത്ര സംവിധായകനും നിർമാതാവുമാണ്. ഇൻഡസ്ട്രിയുടെ പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹത്തിന് നന്നായറിയാം. ‘കാന്താര’ എന്ന കന്നട സിനിമയുടെ പ്രിവ്യൂ കണ്ട പൃഥ്വിരാജ് അതിന്റെ സാധ്യത മനസിലാക്കി, തന്റെ പ്രൊഡക്ഷൻ കമ്പനി വഴി ആ ചിത്രത്തെ കേരളത്തിലെത്തിച്ചു. അദ്ദേഹത്തിന്റെ ഗ്ലോബൽ വിഷൻ, ലൂസിഫർ, എംപുരാൻ എന്നീ ചിത്രങ്ങളെ ഏത് ദേശത്തുളളവർക്കും ആസ്വദിക്കാനാവുന്ന യൂണിവേഴ്‌സൽ സിനികളാക്കി മാറ്റി. ഈ ദീർഘവീക്ഷണം കൂടെയുള്ളതുകൊണ്ട് തന്നെ ‘ക്ലീഷേ‘ എന്ന വാക്ക് പൃഥ്വിരാജിനെ ബാധിക്കുന്നില്ല.

പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത
'ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ'; 'നിവിനിസം' പഠിപ്പിക്കുന്ന ജീവിതത്തിന്റെ മാജിക്ക്

ആടുജീവിതത്തിലെ അദ്ദേഹത്തിന്റെ ബോഡി ട്രാൻസ്ഫോർമേഷൻ കണ്ട് കണ്ണുനിറഞ്ഞ പ്രേക്ഷകർ, ‘ഇതാണ് നെപ്പോട്ടിസം എങ്കിൽ അത് നല്ലതാണ്,‘ എന്ന് ഒന്നടംങ്കം പറഞ്ഞു. ‘നജീബ്‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം കേരള സംസ്ഥാന ചലചിത്ര അവാർഡ് വീണ്ടും സ്വന്തമാക്കി. ബോഡി ട്രാൻസ്ഫോർമേഷൻ അദ്ദേഹത്തിന് ഒരു പുതിയ കാര്യമല്ല. മോളിവുഡിൽ ആദ്യമായി സിക്സ് പാക്ക് ട്രാൻസ്ഫോർമേഷൻ നടത്തിയ നടനും പൃഥ്വിരാജ് തന്നെയാണെന്ന്. ഹിന്ദിയിൽ ‘ദൈറ‘യും തെലുങ്കിൽ ‘വാരണാസി‘യുമടക്കമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രം ‘ഒടിയനി‘ലൂടെ ബോളിവുഡിലെ ഭീമന്മാരായ ധർമ പ്രൊഡക്ഷൻസ് മോളീവുഡിലേക്ക് എത്തുകയാണ്.

ഓർക്കണം, അന്ന് ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച ഒരു ചെറുപ്പക്കാരന്റെ ഓവർ കോൺഫിഡൻസെന്ന് പറഞ്ഞ് നമ്മൾ അദ്ദേഹത്തെ എഴുതിത്തള്ളി, എന്നാൽ ഇന്ന് ഒരു സിനിമാക്കഥ പോലെ താൻ പറഞ്ഞുവെച്ചതെല്ലാം അദ്ദേഹം നേടിയെടുക്കുന്നു. അതുകൊണ്ടുതന്നെ മോളിവുഡിന്റെ ടോർച്ച് ബേററായി പൃഥ്വിരാജ് മുന്നിലുള്ളത് ഒരു പ്രതീക്ഷയാണ്. ഭാഷ, സംസ്കാരം, രാജ്യം എന്നീ അതിരുകളില്ലാതെ സിനിമ സഞ്ചരിക്കുന്ന സങ്കീർണമായ വഴികളിലൂടെ, ദീർഘവീക്ഷണമുള്ള ഏതൊരു സിനിമാപ്രേമിക്കും ധൈര്യത്തോടെ സഞ്ചരിക്കാം എന്നുള്ള വലിയ പ്രതീക്ഷ.

Summary

Prithviraj Sukumaran has evolved from a controversial star kid into one of Malayalam cinema's most influential actors, directors, and producers. Through bold script choices, pan-Indian vision, experimental performances, and global ambitions, he has significantly contributed to Mollywood's growth, making him an indispensable force in the industry.

Madism Digital
madismdigital.com