

'ജീവിതത്തിൽ താഴ്ചകളും വീഴ്ചകളും വേണം. ഓരോ വീഴ്ച്ചയിൽ നിന്നോ താഴ്ച്ചയിൽ നിന്നോ നിരാശയിൽ നിന്നൊക്കെയോ ആണ് നമുക്ക് പഠിക്കുവാൻ സാധിക്കുന്നത്. എങ്കിൽ മാത്രമാണ് പിന്നീടൊരിക്കലും അതൊന്നും ആവർത്തിക്കാതിരിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്നുമുണ്ടാവുകയുള്ളു. വിജയത്തിലെത്തുന്ന ഒരു സമയത്ത് ഈ യാത്ര രസകരമായിരുന്നു എന്ന് തോന്നുന്നത് പോലും ആ താഴ്‌ചയിൽ നിന്നും നാം വരുന്നത് കൊണ്ടാണ്. അത് എല്ലാവർക്കുമുണ്ട്. എത്ര തവണ വിചാരിച്ച സിനിമകൾ വിജയിക്കുകയും വിജയിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു. സിനിമയിൽ വരാനിരുന്ന തുടക്ക സമയമൊക്കെ വളരെ പ്രയാസം നിറഞ്ഞതായിരുന്നു. അന്നൊക്കെ ഇതൊക്കെ നടക്കുമോ എന്ന് ഒത്തിരി ആലോചിച്ചിട്ടുണ്ട്. പക്ഷെ ക്ഷമയോട് കൂടി നമ്മൾ 'കടിച്ചു പിടിച്ചു' നിൽക്കുക, മുൻപോട്ടു പോവുക.'
നിവിൻ പോളി, മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നിന്ന്.
അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ'യുടെ വിജയത്തിന് ശേഷം നിവിൻ പോളി നടത്തുന്ന ഓരോ അഭിമുഖങ്ങൾക്കും വളരെയധികം പ്രത്യേകതകളുണ്ട്. അപ്രതീക്ഷിതമായി തുടരെ തുടരെയുണ്ടായ ചിത്രങ്ങളുടെ പരാജയങ്ങൾക്കു ശേഷമുണ്ടായ ഈ സർവ്വ വിജയത്തെ നിവിൻ അടയാളപ്പെടുത്തുന്നത് എത്ര മനോഹരമായിട്ടാണ്. നിവിനെ എവിടെയോ നഷ്ടമായിരിക്കുന്നുവെന്ന ആരാധകരുടെ പരിഭവത്തെ തുടച്ചു നീക്കികൊണ്ടും, തന്നെ സ്നേഹിക്കുന്നവരെ സന്തോഷത്താൽ കണ്ണ് നനയിച്ചതുമാണ് ഈ തിരിച്ചുവരവ്. സർവ്വം മായയുടെ വിജയം ചെറുതല്ല, ആഗോള കളക്ഷനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്താമത്തെ മലയാള ചിത്രമെന്ന റെക്കോർഡ് ഇന്ന് (16-01-2026) സർവ്വം മായ മറികടന്നിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബിലെ പ്രകാശനായി മലയാള സിനിമയിലേക്ക് കടന്നു വന്ന ആലുവക്കാരൻ പയ്യൻ. ഗൗരവക്കാരനായ പ്രകാശനിലൂടെ നിവിൻ പോളിയെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എൻജിനീയറിങ്ങിൽ ബിരുദം നേടിയതിനു ശേഷം ബാംഗ്ലൂരുള്ള ഇൻഫോസിസിൽ ജോലിയിൽ പ്രവേശിക്കുകയും പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം തൊഴിലുപേക്ഷിച്ച് തിരിച്ചു നാട്ടിലേക്ക് കയറുകയും ചെയ്യുമ്പോൾ സിനിമയുടെ ആദ്യാക്ഷരത്തെ കുറിച്ച് പോലും മനസിലുണ്ടായിരുന്നില്ലെന്ന് നിവിൻ പറയുന്നുണ്ട്. ജീവിതത്തിൽ എടുത്ത ഇടവേളയിൽ അൽഫോൺസ് പുത്രൻ പോലുള്ളവർ അടങ്ങുന്ന 'ആലുവ ഗ്യാങ്ങു'മായി ലഭിച്ച സൗഹൃദങ്ങളിൽ നിന്നും മറ്റുമായി വളർന്നു വന്ന ചർച്ചകളും അടുത്ത പല സുഹൃത്തുക്കളുടെ ഇൻഡസ്ട്രിയിലേക്കുള്ള കടന്നുവരവുമെല്ലാമാണ് തന്നെയും കൊളുത്തി വലിച്ചതെന്നാണ് സിനിമാ പ്രവേശനത്തെ താരം അടയാളപ്പെടുത്തുന്നത്.
ഇനി മുൻപിലെന്തെന്ന ചിന്തകളിലൂടെ ജീവിതം കടന്നുപോയികൊണ്ടിരിക്കെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കുകയും പ്രധാന വേഷം തന്നെ കൈകാര്യം ചെയ്യാനും സാധിക്കുന്നു. പിന്നീട് മലയാളം കണ്ടത് പ്രണയവും നർമ്മവും ഗൗരവവുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന നിവിൻ മാജിക്ക് ആയിരുന്നു. ലാലേട്ടൻ കഴിഞ്ഞാൽ ഇത്രയും വഴക്കത്തോടെ ഇതെല്ലം ഒന്നിച്ചഭിനയിക്കാൻ ശേഷിയുള്ളൊരു നടനെ മലയാള സിനിമയ്ക്ക് കിട്ടിയെന്ന പരിഗണനയോടെയും മലയാളികൾ അയാളെ സ്നേഹിക്കുന്നു.
ചാക്കോച്ചനു ശേഷം മലയാളികൾ സ്നേഹിച്ച റൊമാന്റിക് ഹീറോ
തട്ടത്തിൻ മറയത്തിലെ വിനോദായും പ്രേമത്തിലെ ജോർജായും നേരത്തിലെ മാത്യുവായുമൊക്കെ റൊമാന്റിക് ഹീറോ പരിവേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ പെട്ടെന്ന് ഇടം പിടിക്കാൻ നിവിന് സാധിച്ചു. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും തന്റെ പ്രണയം തകരാതെ സൂക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ശരാശരി മലയാളി യുവാവായി നിവിൻ സ്‌ക്രീനിൽ തിളങ്ങി. സ്കൂൾ-കോളേജ് പഠനകാലത്തെ നിഷ്കളതയുടെ കാമുക ഭാവമായും നിവിൻ നിറഞ്ഞാടിയപ്പോൾ മലയാളികൾ ഒന്നടങ്കം അയ്യാളെ വിശേഷിപ്പിച്ചത് കുഞ്ചാക്കോ ബോബനെന്ന റൊമാന്റിക് ഹീറോയ്ക്ക് ശേഷം മലയാളത്തിൽ മറ്റൊരു ചോക്ലേറ്റ് റൊമാന്റിക് സ്റ്റാർ കൂടി പിറവിയെടുത്തിരിക്കുന്നവെന്നാണ്.
നിവിനിലെ വില്ലൻ
നിവിനിലെ വില്ലനിസം തിരിച്ചറിയും മുൻപ്, അത് താരത്തിന് വഴങ്ങില്ലെന്ന് വിധിയെഴുതിവരുണ്ട്. 'ഡാ തടിയാ' എന്ന ആഷിഖ് അബു ചിത്രത്തിലെ രമേശൻ വൈദ്യനെന്ന വില്ലൻ വേഷം നിവിനിലെ നടന്റെ മിടുക്കാണ്. തുടർന്ന് പൃഥ്‌വിരാജ്-ഭാവന ചിത്രം 'ഇവിടെ' , ഇന്ദ്രജിത് ചിത്രം 'അരികിൽ ഒരാൾ' എന്നിങ്ങനെ നിവിനിലെ നടന്റെ വില്ലൻ തലവും പ്രേക്ഷകർ കണ്ടു. ഇനി വരാനിരിക്കുന്നത് തമിഴിൽ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന 'ബെൻസ്' എന്ന ചിത്രത്തിലെ വാൾട്ടർ എന്ന വില്ലൻ കഥാപാത്രമാണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും ക്രൂരമായ വില്ലൻ കഥാപത്രമായിരിക്കും LCU ലൂടെ വരുന്നതെന്ന് ട്രെയിലറിലൂടെ സൂചനകളുണ്ട്.
കട്ട ഹീറോയിസം
ആദ്യ നിർമാണ സംരംഭമായിരുന്ന 'ആക്ഷൻ ഹീറോ ബിജു' എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലെ എസ്.ഐ ബിജുവിലൂടെ നിവിൻ സൂപ്പർ സ്റ്റാർ പദവി ഉറപ്പിക്കുകയായിരുന്നു. നെപോ കിഡ് അല്ല, ഗോഡ് ഫാദർ ഇല്ല, പക്ഷെ തന്റെ കഴിവിലൂടെയും സിനിമയോടുള്ള അടങ്ങാത്ത പ്രതിബദ്ധതയിലൂടെയും അയാൾ മലയാളത്തിന്റെ താരപദവിയിൽ നിലയുറപ്പിച്ചു. നടക്കാതെ പോയ തന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ മകന്റെ ഇഷടങ്ങളിലൂടെ കാണുന്ന 1983 യിലെ രമേശൻ എന്ന അച്ഛൻ കഥാപത്രത്തിലൂടെ നിവിൻ സ്ക്രീനിൽ കൊണ്ട് വന്നതും ഒരു ഹീറോയിസമായിരുന്നു.
നർമ്മം
മോഹൻലാലിന് ശ്രീനിവാസനോടൊപ്പവും, മുകേഷിനൊപ്പവും, ജഗതി ശ്രീകുമാറിനൊപ്പവുമെല്ലാം ഉണ്ടാക്കിയെടുക്കാൻ സാധിച്ച അസാധ്യ സ്ക്രീൻ കോംബോ ആണ് നിവിന് അജു വർഗീസുമായും വിനീത് ശ്രീനിവാസനുമായെല്ലാം ചേർന്നുണ്ടാക്കാൻ സാധിച്ചത്. പ്രണയം പറയുന്ന സമയത്തും വളരെ ഗൗരവമേറിയ കഥ സന്ദർഭത്തിലും കൊണ്ട് വരുന്ന അപ്രതീക്ഷിത നർമ്മ ഭാവങ്ങളും സംഭാഷണ ശകലങ്ങളും നിവിനെന്ന നടന്റെ മിടുക്കാണ്. 'ലവ് ആക്ഷൻ ഡ്രാമ'യെന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലൂടെ മല്ലിക സുകുമാരനോടൊപ്പവും രസകരമായ നർമ്മ സന്ദർഭങ്ങളാണ് നിവിൻ ചെയ്തത്.
മൂത്തോൻ
മലയാളത്തിലെ മറ്റു യുവനടന്മാരും നിവിനും തമ്മിലുള്ള പ്രധാന വ്യത്യസം തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ നിവിൻ കാണിക്കുന്ന കരുതലാണ്. അതേസമയം തിരക്കഥാ തെരഞ്ഞെടുപ്പുകൾ ഏറെ പരാജയങ്ങൾ ഏറ്റുവാങ്ങിയെന്ന വിമർശനങ്ങളേറ്റതും ഒരുപക്ഷേ നിവിന് തന്നെയായിരിക്കും. ധ്യാൻ ശ്രീനിവാസൻ 'പോലും' ഇത്തരത്തിൽ 'ക്രൂശിക്കപ്പെട്ടിട്ടുണ്ടാവില്ലെന്ന്' നർമ്മം കലർത്തി പറയാം. മൂത്തോൻ തെരഞ്ഞെടുത്തിന് പിന്നിലെ വളരെ പക്വതയുള്ള ഒരു നടന്റെ തീരുമാനമുണ്ടായിരുന്നു. ജസരി ഭാഷ സംസാരിക്കുന്ന ലക്ഷദ്വീപ് യുവാവായി മാത്രമല്ല ചിത്രത്തിൽ നിവിൻ എത്തിയത്. സ്വവർഗാനുരാഗിയായ സാധാരണ യുവാവിന് തന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളെയും തന്റെ വ്യക്തിത്വം തന്നെ മാറ്റി മറിച്ചുകൊണ്ട് മറ്റൊരാളായി ജീവിക്കേണ്ടി വരുന്ന നിസ്സഹായതയുമെല്ലാം നിവിൻ തിരശീലയിൽ ഗംഭീരമായി പ്രതിഫലിപ്പിച്ചപ്പോൾ, അതേ അവസ്ഥയിൽ ജീവിതത്തോട് പൊരുതുന്ന അനേകായിരം സ്വവർഗാനുരാഗികളുടെ അടയാളപ്പെടുത്തൽ കൂടിയായി ചിത്രം മാറി.
രസകരമായ കാമിയോ വേഷങ്ങൾ
മോഹൻലാലിന്റെ നിരഞ്ജൻ, മമ്മൂട്ടിയുടെ നന്ദഗോപ മാരാർ തുടങ്ങി ഗംഭീരമായ പല അതിഥി വേഷങ്ങൾക്കും മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ട്രാഫിക്, സ്പാനിഷ് മസാല, മൈ ഫാൻ രാമു, വിക്രമാദിത്യൻ, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ നിവിനും ശ്രദ്ധേയമായ നിരവധി അതിഥി വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ഡെയ്സ്,1983 എന്നീ ചിത്രങ്ങളിലൂടെ 2014 ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ നിവിൻ തന്റെ സിനിമാ-ജീവിത യാത്രകളെ കുറിച്ച് സംസാരിക്കുന്നത് മനോഹരമായ ഒരു കഥ പോലെയാണ്.
'നാം നിൽക്കുന്നയിടം അത് നമ്മുടേത് അല്ലെന്നോ, അതല്ല നമ്മുടെ ഇടമെന്നോ ഉള്ള തോന്നലുണ്ടായാൽ അവിടം വിട്ടിറങ്ങണമെന്നും നമുക്ക് ഇണങ്ങുന്ന മേഖല കണ്ടെത്തി കഠിനമായി അധ്വാനിച്ചാൽ അതിന്റെ ഫലം നമ്മിലേക്ക് തന്നെ വരുമെന്നും' നിവിൻ നമ്മെ പഠിപ്പിക്കുന്നു.