

വെങ്കട് പ്രഭുവും ശിവകാർത്തികേയനും ഒന്നിക്കാനിരുന്ന സയൻസ് ഫിക്ഷൻ ചിത്രം ഉപേക്ഷിച്ചതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ. ശിവകാർത്തികേയനുമായി യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്നും തങ്ങൾ എപ്പോഴും സഹോദരങ്ങളെപ്പോലെയാണെന്നും വെങ്കട് പ്രഭു എക്സിലൂടെ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
തന്റെ മകന്റെ സിനിമ നീണ്ടുപോകുന്നതിൽ നടൻ കാരണക്കാരനാണെന്ന് വെങ്കട് പ്രഭുവിന്റെ പിതാവും സംഗീതസംവിധായകനുമായ ഗംഗൈ അമരൻ അടുത്തിടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. എന്നാൽ ഈ വിഷയത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വെങ്കട് പ്രഭു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
"ശിവകാർത്തികേയൻ എനിക്ക് എപ്പോഴും പ്രിയപ്പെട്ട സഹോദരനാണ്. വിഷയത്തിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. സ്വന്തം മകന്റെ ചിത്രം വൈകുമ്പോൾ ഒരു പിതാവിന് ഉണ്ടാകുന്ന സ്വാഭാവിക നിരാശ മാത്രമാണ് ഗംഗൈ അമരൻ പ്രകടിപ്പിച്ചത്. അദ്ദേഹത്തിന് ഇതിന്റെ പൂർണ്ണമായ ചിത്രം അറിയില്ല. തന്റെ സിനിമാ കാര്യങ്ങൾ വ്യക്തിപരമായി ആരോടും വിശദമായി ചർച്ച ചെയ്യാത്ത ആളാണ് ഞാൻ. ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ഭാവിയിൽ നല്ലൊരു തിരക്കഥ ലഭിച്ചാൽ ശിവകാർത്തികേയനൊപ്പം തീർച്ചയായും പ്രവർത്തിക്കും," വെങ്കട് പ്രഭു കുറിച്ചു.
പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവകാർത്തികേയനും രംഗത്തെത്തി. "സർ, നമ്മൾ ഒരു കുടുംബമാണ്. ഇതിനൊന്നും ഗൗരവമായി മറുപടി നൽകേണ്ടതില്ല. നിങ്ങളുടെ ആശംസകൾക്ക് നന്ദി. ഞാൻ എപ്പോഴും നിങ്ങളുടെ സിനിമകളുടെ വലിയൊരു ആരാധകനാണ്. ഉടൻ തന്നെ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു," ശിവകാർത്തികേയൻ കുറിച്ചു. വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനും ശിവകാർത്തികേയൻ ആശംസകൾ അറിയിച്ചു.
ദി ഗോട്ട്, മാനാട്, ബിരിയാണി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്ത വെങ്കട് പ്രഭു അടുത്ത പ്രൊജക്റ്റിന്റെ കാസ്റ്റിങ് ജോലികളിലാണ്. അതേസമയം, രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'എസ്കെ 27' എന്ന ചിത്രത്തിലാണ് ശിവകാർത്തികേയൻ അടുത്തതായി അഭിനയിക്കുന്നത്. കയാദു ലൊഹാറാണ് ചിത്രത്തിലെ നായിക. സായ് അഭ്യങ്കറാണ് സംഗീതം.
Director Venkat Prabhu has dismissed rumours of a rift with actor Sivakarthikeyan after their planned science-fiction project was reportedly shelved. He clarified that technical issues prevented the project from moving forward and said he would like to work with Sivakarthikeyan again.