

വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനനായകൻ’. ബാലയ്യ അഭിനയിച്ച തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹങ്ങൾ ജനനായകൻ പ്രഖ്യാപിക്കപ്പെട്ടത് മുതൽ ഉയർന്നുകേട്ടിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ഈ വാദം കൂടുതൽ ശക്തമാവുകയും ചെയ്തു. വിവാദം കത്തുന്നതിനിടെ ‘ഭഗവന്ത് കേസരി’യുടെ സംവിധായകൻ അനിൽ രവിപുഡി വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
‘ജനനായകൻ’ പൂർണമായൊരു റീമേക്ക് അല്ലെന്നാണ് അനിൽ രവിപുടി വ്യക്തമാക്കുന്നത്. മൂലചിത്രത്തിലെ ചില പ്രധാന ഭാഗങ്ങൾ മാത്രമാണ് പുതിയ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഭാഗത്തിലെ ചില രംഗങ്ങൾ, ഇടവേളയ്ക്ക് മുൻപുള്ള പ്രധാന ബ്ലോക്ക്, രണ്ടാം പകുതിയിലെ ചില സീക്വൻസുകൾ എന്നിവയാണ് ഉപയോഗിച്ചത്. വില്ലന്റെ ഭാഗങ്ങൾ പൂർണമായും അവർ മാറ്റിയിട്ടുണ്ട്. റോബോർട്ട് പോലെയുള്ള സയൻസ്-ഫിക്ഷൻ എലമെന്റ്സ് കൊണ്ടുവരാനും എച്ച് വിനോദ് ശ്രമിച്ചിട്ടുണ്ട്, അനിൽ രവിപുഡി ചൂണ്ടിക്കാണിച്ചു.
റീമേക്ക് എന്നത് സിനിമാ ലോകത്ത് പുതുമയല്ലെന്നും, മികച്ച സിനിമകളെയാണ് സാധാരണയായി മറ്റ് ഭാഷകളിലേക്ക് പുനർനിർമ്മിക്കാൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളും പ്രതികൂല അഭിപ്രായങ്ങളും ഒഴിവാക്കുന്നതിനായി റീമേക്ക് എന്ന നിലയിൽ ചിത്രം പരസ്യമായി അവതരിപ്പിക്കാത്തത്. തമിഴ് പ്രേക്ഷകർക്ക് ഇത് പുതിയ വിഷയമായിരിക്കാം, എല്ലാവരും മൂലചിത്രം കണ്ടിട്ടുണ്ടാകണമെന്നില്ലെന്നും അനിൽ രവിപുഡി അഭിപ്രായപ്പെട്ടു.
അതേസമയം ’ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുരുക്കിലാണ്. ജനുവരി ഒമ്പതിനായിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡുമായി രൂപപ്പെട്ട തർക്കത്തെ തുടർന്ന് തിയതി പൊങ്കലിലേക്ക് മാറ്റിവെക്കുകയായിരുന്നു. വിഷയത്തിൽ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട തിരുത്തലുകൾ നടപ്പാക്കിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് നിർമാതാവ് വെങ്കട്ട് കെ. നാരായണ ആരോപിക്കുന്നത്.
വിജയ് യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ജനനായകനെ ആരാധകർ കാത്തിരിക്കുന്നത്. എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
English Summary: Actor Vijay’s upcoming film Jananayakan, directed by H Vinoth, is not a full remake of the Telugu film Bhagavanth Kesari, says director Anil Ravipudi. The film currently faces censor-related delays