തന്റെ 'മഹാരാജ' എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടയിലാണ്, സഹനടി കൃതി ഷെട്ടിയോടൊപ്പം വെള്ളിത്തിരയില്‍ പ്രണയരംഗങ്ങള്‍ ചെയ്യാന്‍ താന്‍ വിസമ്മതിച്ചതിന്റെ കാരണം വിജയ് സേതുപതി വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വലിയ പ്രായവ്യത്യാസമായിരുന്നു ഇതിന് കാരണം. കൃതിക്ക് വിജയ് സേതുപതിയേക്കാള്‍ 25 വയസ് കുറവാണ്.
'ഡിഎസ്പി എന്ന സിനിമയില്‍ കൃതിയുടെ ജോഡിയായി അഭിനയിക്കാനുള്ള ഓഫര്‍ ഞാന്‍ നിരസിക്കുകയായിരുന്നു. അതിന് മുന്‍പ് 'ഉപ്പേന' എന്ന ചിത്രത്തില്‍ ഞാന്‍ അവളുടെ അച്ഛനായി അഭിനയിച്ചിരുന്നു. എന്നാല്‍ പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അത് അറിയില്ലായിരുന്നു. ഉപ്പേനയുടെ ചിത്രീകരണ സമയത്ത് കൃതിക്ക് ഏറെ പരിഭ്രമം ഉണ്ടാക്കിയ ഒരു രംഗമുണ്ടായിരുന്നു. അന്ന്, യഥാര്‍ത്ഥ അച്ഛനെപ്പോലെ എന്നെ കരുതി ധൈര്യമായി അഭിനയിക്കാന്‍ ഞാന്‍ അവളോട് പറഞ്ഞു. എന്റെ മകനേക്കാള്‍ അല്‍പം മാത്രം പ്രായക്കൂടുതലുള്ളൂ അവള്‍ക്ക്. അതുകൊണ്ട് തന്നെ അവളോടൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് കഴിയില്ലെന്ന് ഞാന്‍ സംവിധായകനെ അറിയിച്ചു', വിജയ് സേതുപതി പറഞ്ഞു.
സിനിമാ ലോകത്ത് ഈ തുറന്നുപറച്ചില്‍ വലിയൊരു ചര്‍ച്ചയ്ക്കാണ് വഴിതുറന്നത്. പ്രായം, പ്രവൃത്തിപരിചയം, പദവി എന്നിവയില്‍ വലിയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തൊഴിലിടങ്ങളില്‍ പാലിക്കേണ്ട വ്യക്തമായ അതിര്‍വരമ്പുകളുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. വെറുമൊരു ഓണ്‍-സ്‌ക്രീന്‍ ജോഡി എന്നതിനപ്പുറം, തന്റെ സഹപ്രവര്‍ത്തകയോടുള്ള ബഹുമാനവും പ്രായവ്യത്യാസവും കണക്കിലെടുത്ത് ആരോഗ്യകരമായ ഒരു പരിധി നിശ്ചയിക്കാന്‍ വിജയ് സേതുപതിക്ക് കഴിഞ്ഞു.
'ഓഫീസ്, ആശുപത്രി, ക്ലാസ് മുറി അല്ലെങ്കില്‍ സിനിമാ സെറ്റ് എന്നിങ്ങനെ ഏത് തൊഴിലിടത്തിലായാലും മുതിര്‍ന്ന വ്യക്തികള്‍ക്ക് സ്വാഭാവികമായും സ്വാധീനവും അധികാരവും കൂടുതലായിരിക്കും. അവരുടെ പെരുമാറ്റമാണ് പലപ്പോഴും അവിടുത്തെ പ്രവര്‍ത്തനരീതിയെയും അന്തരീക്ഷത്തെയും തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കേവലമൊരു വ്യക്തിഗത തീരുമാനത്തിനപ്പുറം വലിയ മനശാസ്ത്രപരമായ പ്രാധാന്യമുണ്ട്', സൈക്കോളജിസ്റ്റായ കൃതി ഷാ വ്യക്തമാക്കുന്നു. തൊഴിലിടങ്ങളില്‍ ഇത്തരം അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ഒരു വ്യക്തിയുടെ കൃത്യമായ സ്വയംബോധത്തിന്റെ അടയാളമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇത്തരം അതിര്‍വരമ്പുകള്‍ വ്യക്തികളെയും അവര്‍ തമ്മിലുള്ള ബന്ധങ്ങളെയും ഒരേപോലെ സംരക്ഷിക്കും. ഏതാണ് അനുയോജ്യമായ പെരുമാറ്റം, ഏതാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും കൃത്യമായ ബോധ്യമുണ്ടാക്കാന്‍ ഇത് സഹായിക്കും. വ്യക്തമായ അധികാരശ്രേണിയുള്ള തൊഴിലിടങ്ങളില്‍ ഇത്തരം അതിര്‍വരമ്പുകള്‍ സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. തങ്ങളുടെ വിയോജിപ്പുകള്‍ തുറന്നുപറഞ്ഞാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി ഉണ്ടാകുമോ, അവസരങ്ങള്‍ നഷ്ടപ്പെടുമോ, അല്ലെങ്കില്‍ 'പ്രശ്‌നക്കാര്‍' എന്ന് മുദ്രകുത്തപ്പെടുമോ എന്ന് ഭയന്ന് ജൂനിയര്‍ ജീവനക്കാര്‍ പലപ്പോഴും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ തുറന്നുപറയാന്‍ മടിക്കാറുണ്ട്. അതുകൊണ്ട് തന്നെ, തങ്ങളുടെ തീരുമാനങ്ങള്‍ ഒപ്പമുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കേണ്ട വലിയൊരു ഉത്തരവാദിത്തം അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കുണ്ട്.
അതിര്‍വരമ്പുകള്‍ എന്തുകൊണ്ട് പ്രധാനമാകുന്നു?
ഇക്കാലത്ത് പ്രേക്ഷകര്‍ സെലിബ്രിറ്റികളുടെ സ്‌ക്രീനിലെ പ്രകടനം മാത്രമല്ല വിലയിരുത്തുന്നത്. അവര്‍ സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കൂടിയാണ്. അതേസമയം, ഇത്തരം അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് വ്യത്യസ്തമായ പ്രൊഫഷണല്‍ തീരുമാനങ്ങള്‍ എടുക്കുന്ന മറ്റുള്ളവരെ കുറ്റപ്പെടുത്താനുമല്ല. ഏത് വേഷം ചെയ്യണം, ഏത് വേഷത്തിലാണ് തനിക്ക് കംഫര്‍ട്ട് ലഭിക്കുന്നത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ അഭിനേതാവിനുമുണ്ട്. സമ്മതവും കംഫര്‍ട്ടും സര്‍ഗ്ഗാത്മകമായ തീരുമാനങ്ങളും തികച്ചും വ്യക്തിപരമാണ്.
മനശാസ്ത്രപരമായി നോക്കിയാല്‍, മുതിര്‍ന്ന പ്രൊഫഷണലുകള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അവര്‍ ജൂനിയര്‍ ജീവനക്കാര്‍ക്ക് മാതൃകകളാണ്. മുതിര്‍ന്നവര്‍ എങ്ങനെ ആശയവിനിമയം നടത്തുന്നു, വിയോജിപ്പുകള്‍ എങ്ങനെ പരിഹരിക്കുന്നു, സഹപ്രവര്‍ത്തകരോട് എങ്ങനെ പെരുമാറുന്നു എന്നതൊക്കെ ജൂനിയര്‍ ജീവനക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ ദൈനംദിന പെരുമാറ്റങ്ങളാണ് ഒരു തൊഴിലിടത്തിന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്. ജീവനക്കാര്‍ക്ക് മാനസികമായി സുരക്ഷിതത്വം തോന്നുന്ന അന്തരീക്ഷത്തില്‍ അവരുടെ ജോലിയിലെ പ്രവര്‍ത്തനമികവ് വര്‍ദ്ധിക്കുമെന്ന് സൈക്കോളജിസ്റ്റ് പറയുന്നു. അത്തരം തൊഴിലിടങ്ങള്‍ തുറന്ന ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കുകയും ജീവനക്കാരുടെ ആശങ്കകള്‍ കുറയ്ക്കുകയും പരസ്പര വിശ്വാസം വളര്‍ത്തുകയും ചെയ്യും.
Actor Vijay Sethupathi has revealed that he declined to play the romantic lead opposite Krithi Shetty in DSP because of their 25-year age difference and his earlier role as her father in Uppena. Speaking during the promotions of Maharaja, he said he viewed Krithi like a daughter and was uncomfortable acting in romantic scenes with her. His remarks have sparked a wider discussion about professional boundaries, power dynamics and respect in workplaces. Psychologists say such boundaries help create psychologically safe environments, encourage healthy professional relationships and foster mutual trust.