

ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച 'ദ വോയ്‌സ് ഓഫ് ഹിന്ദ് റജബി'ന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയായ ഹിന്ദ് റജബിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളെ ആസ്പദമാക്കിയാണ് 'ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്' ഒരുക്കിയിരിക്കുന്നത്.
ടുണീഷ്യന്‍ സംവിധായക കൗത്തര്‍ ബെന്‍ ഹനിയ സംവിധാനം ചെയ്ത ചിത്രം ആക്രമണത്തിനിടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശേഷം കാറിനുള്ളില്‍ കുടുങ്ങിയ ഹിന്ദ് സഹായത്തിനായി റെഡ് ക്രസന്റ് സൊസൈറ്റിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ കേന്ദ്രമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കുട്ടിയുടെ ശബ്ദം യഥാര്‍ത്ഥ റെക്കോര്‍ഡിങ്ങാണെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
സിനിമയ്ക്ക് അനുമതി നല്‍കുന്നത് ഇന്ത്യ-ഇസ്രയേല്‍ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയാണ് സെന്‍സര്‍ ബോര്‍ഡ് പ്രകടിപ്പിച്ചതെന്ന് ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണക്കാര്‍ വ്യക്തമാക്കി. വിഷയം അതീവ 'സെന്‍സിറ്റീവ്' ആണെന്ന നിലപാടിലാണ് ബോര്‍ഡ് അനുമതി നിഷേധിച്ചതെന്നും വിതരണക്കാര്‍ പറഞ്ഞു.
മാര്‍ച്ച് 16ന് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ആദ്യവാരം ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി ഫെബ്രുവരി 27ന് സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെ അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസ് അനിശ്ചിതത്വത്തിലായി.
English Summary: India’s censor board has denied screening clearance for The Voice of Hind Rajab, an Oscar-nominated film based on a Gaza child’s final hours, citing sensitivity and diplomatic concerns