തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി നടന്‍ രജനീകാന്ത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അധികാരം ഏല്‍ക്കുന്നത് തടയാന്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ സഖ്യമുണ്ടാക്കാന്‍ നടത്തിയതായി പറയപ്പെടുന്ന ചര്‍ച്ചയില്‍ രജനീകാന്തും പങ്കെടുത്തിരുന്നു എന്നായിരുന്നു ആരോപണം. തനിക്ക് ഈ ചര്‍ച്ചകളില്‍ പങ്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും 'ഇത്തരം രാഷ്ട്രീയത്തിലേക്ക് തരംതാഴുന്ന ആളല്ല താന്‍' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൂക്കുസഭ നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ഒരു ബദല്‍ സംവിധാനത്തിനായുള്ള അണിയറ നീക്കങ്ങളില്‍ രജനീകാന്ത് അനൗദ്യോഗികമായി ഇടപെട്ടിരുന്നു എന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനെ രജനീകാന്ത് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നാല്പതുവര്‍ഷത്തോളമായി തന്റെ സുഹൃത്തായ സ്റ്റാലിന്‍ കൊളത്തൂരില്‍ തോറ്റതില്‍ വിഷമം തോന്നിയത് കൊണ്ടാണ് കാണാന്‍ പോയതെന്ന് രജനീകാന്ത് വിശദീകരിച്ചു.
എന്നാല്‍ ഇതിന് പിന്നാലെയുണ്ടായ സംഭവങ്ങളാണ് തന്നെയേറെ അസ്വസ്ഥനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 'സര്‍ക്കാര്‍ രൂപീകരണത്തിനായി ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അതില്‍ എനിക്കും പങ്കുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നെ വിശ്വസിക്കൂ, ഇത്രത്തോളം തരംതാഴാന്‍ രജനീകാന്ത് എന്ന വ്യക്തിക്ക് കഴിയില്ല,' അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് നടന്റെ ഈ പ്രതികരണം. ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിയെങ്കിലും ആവശ്യത്തിന് സീറ്റുകളില്ലാതിരുന്ന വിജയ്യുടെ ടിവികെയെ തടയാന്‍ ഡിഎംകെയും എഐഡിഎംകെയും തമ്മില്‍ ധാരണ എന്ന തരത്തില്‍ ഒരാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ഇത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഇത്തരം ചര്‍ച്ചകള്‍ക്ക് മുതിര്‍ന്നതിന്റെ പേരില്‍ സ്റ്റാലിനും വിസികെ തലവന്‍ തോള്‍ തിരുമാവളവനും സ്വന്തം അണികളില്‍ നിന്ന് തന്നെ വിമര്‍ശനം നേരിടേണ്ടി വന്നു.
എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്കാണ് രാഷ്ട്രീയമായി ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. ഈ സംഭവം ഒടുവില്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന് വഴിവെക്കുകയും ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് ന്യായീകരണമായി എഐഡിഎംകെയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ഇത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായിരുന്ന സമയത്താണ് രജനീകാന്ത് സ്റ്റാലിനെ കണ്ടതെങ്കിലും തന്റെ വ്യക്തിപരമായ സൗഹൃദത്തെ രാഷ്ട്രീയ താല്‍പര്യങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കുന്നത്.
വിജയ് മുഖ്യമന്ത്രിയായപ്പോള്‍ താന്‍ അഭിനന്ദനം പറഞ്ഞില്ലെന്ന വിമര്‍ശനം തെറ്റാണെന്ന് രജനീകാന്ത് വ്യക്തമാക്കി. വിജയ് ജയിച്ച ഉടനെ പൂര്‍ണ്ണമനസ്സോടെ ആശംസിച്ചിരുന്നു എന്ന് രജനീകാന്ത് പറഞ്ഞു. 'എനിക്കും വിജയ്ക്കുമിടയില്‍ ഏകദേശം 25 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹത്തെ തുടക്കകാലം മുതല്‍ ഞാന്‍ കാണുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയാകുന്നതില്‍ എനിക്ക് എന്തിനാണ് അസൂയ?. വിജയ് കൈവരിച്ചത് വലിയൊരു നേട്ടമാണ്. രണ്ട് വന്‍ ശക്തികളായ പാര്‍ട്ടികളും കേന്ദ്രത്തില്‍ ബിജെപിയും ഇവിടെയുള്ളപ്പോള്‍ ഈ പ്രായത്തില്‍ അദ്ദേഹം ഒറ്റയ്ക്ക് ഈ വിജയം നേടിയെടുത്തു. അദ്ദേഹത്തെ ഓര്‍ത്ത് സന്തോഷവുമേയുള്ളൂ', രജനീകാന്ത് പറഞ്ഞു.
പുതിയ മുഖ്യമന്ത്രിക്ക് ആവശ്യമായ സമയം നല്‍കണമെന്ന് രജനീകാന്ത് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. വലിയ ജനപ്രതീക്ഷകള്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെ വിജയിന്റെ അനുയായികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, താന്‍ ഇതിന് മുമ്പ് ഒരു മുഖ്യമന്ത്രിയുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന് രജനീകാന്ത് മറുപടി നല്‍കി.
English Summary: Actor Rajinikanth denied allegations that he was involved in behind-the-scenes talks between the DMK AIADMK aimed at blocking Vijay from forming the government in Tamil Nadu. He clarified that his meeting with M.K Stalin was purely personal, describing Stalin as a close friend of nearly 40 years. Rajinikanth also dismissed claims that he was jealous of Vijay’s rise, saying he was genuinely happy about Vijay becoming Chief Minister and praised his achievement in defeating major political forces at a young age.