

മലയാള സിനിമ എന്നും ഏറ്റവും മനോഹരമായും ഹൃദയസ്പർശിയായും ആഘോഷിച്ചിട്ടുള്ള ബന്ധമാണ് സൗഹൃദം. മാസ് നായകൻമാർ, ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, കുടുംബബന്ധങ്ങളുടെ വൈകാരികത, എന്നതിനുപരി മലയാള സിനിമയിലെ ഏറ്റവും അവിസ്മരണീയമായ പല തിരക്കഥകളുടെയും അടിത്തറ സുഹൃത്തുക്കൾ തമ്മിലുള്ള അതിശക്തമായ ബന്ധമാണ്.
മോളിവുഡിലെ സൗഹൃദങ്ങൾ ഒരിക്കലും ഒരു പ്രത്യേക പ്രായത്തിലോ, വിഭാഗത്തിലോ ഒതുങ്ങുന്നതായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ഒരുമിച്ച് നേരിടുന്ന മൂന്ന് സ്കൂൾ വിദ്യാർഥിനികൾ. പ്രണയത്തിന് പിന്നാലെ ഓടുന്നതിനിടെ ഓരോ കുഴപ്പങ്ങളിൽ ചെന്ന് ചാടുന്ന, എന്ത് സംഭവിച്ചാലും പരസ്പരം കൈവിടാതെ കൂടെ നിൽക്കുന്ന ഇരുപതുകളുടെ ആവേശത്തിലുള്ള നാല് ചെറുപ്പക്കാർ. അല്ലെങ്കിൽ ജീവിതത്തിന്റെ അവസാന നാളുകൾ കഴിയുന്നത്ര മനോഹരമാക്കാൻ തീരുമാനിക്കുന്ന രണ്ട് പ്രായമായ സ്ത്രീകൾ. അങ്ങനെ, ഒരുമിച്ച് ചിരിക്കാനും വഴക്കിടാനും ഒരാൾ കൂടെയുണ്ടെങ്കിൽ ജീവിതം കുറച്ചുകൂടി മനോഹരമാകുമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ധാരാളം കഥാപാത്രങ്ങളെ മലയാള സിനിമ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
പ്രായത്തിനും സാഹചര്യങ്ങൾക്കും അതീതമായ ഒരു വികാരമാണ് സൗഹൃദം. ഈ സൗഹൃദ ദിനത്തിൽ, മലയാള സിനിമ നമുക്ക് സമ്മാനിച്ച ഏറ്റവും മനോഹരവും ഹൃദയസ്പർശിയുമായ സൗഹൃദങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം. നമ്മളെ പൊട്ടിച്ചിരിപ്പിക്കുകയും കണ്ണുനനയിക്കുകയും, സൗഹൃദത്തിന്റെ യഥാർഥ മൂല്യം കൂടുതൽ മനസ്സിലാക്കിത്തരുകയും ചെയ്ത ആ അവിസ്മരണീയ കൂട്ടുകെട്ടുകളെ വീണ്ടും ഓർത്തെടുക്കാം.
സാലിയും നിമ്മിയും - 'ദേശാടനക്കിളി കരയാറില്ല' (1986)
മലയാള സിനിമയിലെ ഏറ്റവും മനോഹരമായ സൗഹൃദങ്ങളെക്കുറിച്ച് എഴുതുമ്പോൾ പത്മരാജൻ ഒരുക്കിയ 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രത്തിലെ സാലിയെയും നിമ്മിയെയും ഒഴുവാക്കാനാവില്ല. രണ്ട് സ്കൂൾ വിദ്യാർഥിനികളുടെ സൗഹൃദം എന്നതിലുപരി, സ്നേഹവും കരുതലും നിഷേധിക്കപ്പെട്ട രണ്ട് പെൺകുട്ടികൾ പരസ്പരത്തിൽ കണ്ടെത്തുന്ന കഥയാണ് 'ദേശാടനക്കിളി കരയാറില്ല'.
വ്യക്തിത്വത്തിന്റെ കാര്യത്തിൽ ഇരുവരും തീർത്തും വ്യത്യസ്തരാണെങ്കിലും, കലഹസ്വഭാവക്കാരിയായ സാലിയുടെ ചോദ്യങ്ങളെ ബാലൻസ് ചെയ്യാൻ, അൽപ്പം ഭയവും നിസ്സഹായഭാവവുമായി നിമ്മി കൂടെ തന്നെയുണ്ട്. ഈ വ്യത്യാസങ്ങൾ തന്നെയാണ് അവരുടെ സൗഹൃദത്തെ കൂടുതൽ ദൃഢമാക്കുന്നത്. വലിയ സംഭാഷണങ്ങളോ വികാരപ്രകടനങ്ങളോ ഇല്ലാതെ നോട്ടങ്ങളിലൂടെയും നിശ്ശബ്ദതയിലൂടെയും ആ സൗഹൃദത്തിന്റെ ആഴം പത്മരാജൻ വരച്ചുകാട്ടുന്നുണ്ട്. ഒരാൾ മറ്റൊരാളുടെ കുറവുകൾ നികത്തുന്ന തരം സൗഹൃദമാണ് പത്മരാജൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ദാസനും വിജയനും - 'നാടോടിക്കാറ്റ്' (1987)
മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ സൗഹൃദങ്ങളെക്കുറിച്ച് എഴുതുമ്പോൾ ആദ്യം ഓർമയിലെത്തുന്ന പേരുകളാണ് ദാസനും വിജയനും. സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്ന് സൃഷ്ടിച്ച ഈ കൂട്ടുകെട്ട് പ്രേക്ഷകരെ ചിരിപ്പിക്കുക മാത്രമല്ല, യഥാർഥ സൗഹൃദത്തിന്റെ അർഥവും മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. "ദാസാ," "വിജയാ," എന്ന വിളികൾ, എന്ത് പ്രതിസന്ധിയിലും ആദ്യം ഓടിയെത്താൻ ഒരു സുഹൃത്തുണ്ടാകും എന്ന വിശ്വാസത്തിന്റെ പ്രതീകമാണ്.
ദാസനും വിജയനും തമ്മിൽ വഴക്കിടാത്ത ദിവസങ്ങൾ വിരളമാണ്. ചെറിയ കാര്യങ്ങൾക്ക് പോലും പരസ്പരം കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇവർ, പുറമെ നിന്നൊരാൾ ഇരുവരിൽ ആരെയെങ്കിലും അപമാനിച്ചാൽ ഒറ്റക്കെട്ടായി മാറും. സമ്പന്നനായ ഒരാളുമായി ദാസൻ വഴക്കിടുമ്പോൾ, അത് മണ്ടത്തരമാണെന്ന് ആദ്യം പറയുന്നത് വിജയനാണ്. എന്നാൽ അതേ വ്യക്തി ദാസനെ അപമാനിക്കുന്ന നിമിഷം, ഒരു മടിയും കൂടാതെ അയാളുടെ കാറിന്റെ ടയർ കാറ്റഴിച്ചുവിടുന്നത് വിജയനാണ്. അതാണ് ഇരുവരുടേയും സൗഹൃദത്തിന്റെ യഥാർഥ മുഖം.
ഹരിഹർ നഗർ ഗ്യാങ് - 'ഇൻ ഹരിഹർ നഗർ' (1990)
മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളെക്കുറിച്ച് പറയുമ്പോൾ മഹാദേവൻ, ഗോവിന്ദൻകുട്ടി, അപ്പുക്കുട്ടൻ, തോമസ്കുട്ടി എന്നിവരുടെ കൂട്ടുകെട്ടിനെ മറികടക്കുക പ്രയാസമാണ്. 'ഇൻ ഹരിഹർ നഗർ' പ്രേക്ഷകർക്ക് സമ്മാനിച്ചത് വെറും ഹാസ്യ മുഹൂർത്തങ്ങൾ മാത്രമായിരുന്നില്ല, ഒരു തലമുറയ്ക്ക് മുഴുവൻ തങ്ങളുടെ സൗഹൃദങ്ങളെ പുനർവ്യാഖ്യാനിക്കാനുള്ള അവസരം കൂടെയായിരുന്നു.
തൊഴിലില്ലായ്മ മൂലം, പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ നാട്ടിൽ ചുറ്റിനടക്കുന്ന, ചെറിയ ചെറിയ കുസൃതികളിലും അബദ്ധങ്ങളിലും പെട്ടുപോകുന്ന, കൂട്ടുകാരാണ് ഈ നാല് ചെറുപ്പക്കാരും. പരസ്പരം കളിയാക്കുകയും പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് അവരുടെ ദിനചര്യയുടെ ഭാഗമാണ്. എന്നാൽ പ്രതിസന്ധികളെ നേരിടേണ്ടി വരുന്ന നിമിഷങ്ങളിൽ നാല് പേരും ഒറ്റക്കെട്ടായി മാറും. ഒരാളുടെ പ്രശ്നം എല്ലാവരുടേയും പ്രശ്നമാകുന്ന ഇൻ ഹരിഹർ നഗറിലെ ആ കൂട്ടുകെട്ട് ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ദേവരാജും സൂര്യയും - 'ദളപതി' (1991)
മണിരത്നത്തിന്റെ 'ദളപതി'യിലെ ദേവയുടെയും സൂര്യയുടെയും സൗഹൃദം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശക്തമായ കൂട്ടുകെട്ടുകളിലൊന്നാണ്. മഹാഭാരതത്തിലെ കർണനും ദുര്യോധനനും തമ്മിലുള്ള ബന്ധത്തിന്റെ ആധുനിക പുനരാവിഷ്കാരമായാണ് ഈ സൗഹൃദത്തെ മണിരത്നം അവതരിപ്പിക്കുന്നത്. പാവപ്പെട്ടവരുടെ രക്ഷകനായി ജീവിക്കുന്ന ദേവയും, അനീതിക്കെതിരെ ഒറ്റയ്ക്ക് പോരാടുന്ന സൂര്യയും തമ്മിൽ കണ്ടുമുട്ടുന്ന നിമിഷം മുതൽ ഇരുവരും വേർപിരിയാനാവാത്ത സഹോദരങ്ങളായി മാറുന്നു. രക്തബന്ധമോ സാമൂഹിക പദവിയോ അല്ല, പരസ്പര ബഹുമാനവും വിശ്വാസവുമാണ് അവരുടെ ബന്ധത്തിന്റെ അടിത്തറ.
സമൂഹം അവരുടെ സൗഹൃദത്തെ ചോദ്യം ചെയ്യുകയും സാഹചര്യങ്ങൾ അവരെ എതിർദിശകളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഒരുമിച്ച് നിൽക്കാനുള്ള അവരുടെ തീരുമാനം ഒരിക്കലും മാറുന്നില്ല. അധികാരത്തിനും നിയമത്തിനും വ്യക്തിപരമായ നഷ്ടങ്ങൾക്കും മുകളിലാണ് അവർ പരസ്പരം നൽകിയ വാക്കിന് വില നൽകുന്നത്. "നീ എൻ നൺപൻഡാ" എന്ന് ദേവ സൂര്യയോട് പറയുന്നിടത്ത് ആ ബന്ധം സൗഹൃദത്തിന്റെ അപൂർവ മാതൃകയായി മാറുന്നു.
കൊമ്പനക്കാട്ട് കൊച്ചു ത്രേസ്യയും കുഞ്ഞുമറിയയും - 'മനസ്സിനക്കരെ' (2003)
മലയാള സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ സൗഹൃദങ്ങളിൽ ഒന്നാണ് 'മനസ്സിനക്കര'യിലെ കൊച്ചു ത്രേസ്യയും കുഞ്ഞുമറിയവും തമ്മിലുള്ളത്. പ്രണയത്തിന്റെയോ സാഹസികതയുടെയോ പ്രായമല്ല സൗഹൃദത്തിനെന്ന് രണ്ട് കഥാപാത്രങ്ങൾ തെളിയിക്കുന്നു. വാർധക്യത്തിലും ഒരാൾക്ക് മറ്റൊരാൾ എത്ര വലിയ ആശ്വാസമാകുന്നുവെന്ന് ഈ ചിത്രം മലയാളിക്ക് കാണിച്ചുതന്നു.
സ്വന്തം മക്കളുടെ അവഗണനയും സ്വാർത്ഥതയും കാരണം കൊച്ചു ത്രേസ്യ ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ, അവൾക്ക് ഏറ്റവും വലിയ ആശ്വാസമായി മാറുന്നത് കുഞ്ഞുമറിയത്തിന്റെ സാന്നിധ്യമാണ്. രക്തബന്ധങ്ങൾ പോലും അകന്നുപോകുന്ന സാഹചര്യത്തിൽ, ഒരു യഥാർഥ സുഹൃത്തിന്റെ സ്നേഹവും കരുതലും എത്ര വിലപ്പെട്ടതാണെന്ന് ഈ സൗഹൃദം തെളിയിക്കുന്നു.
പൂജ, സാറ, ശ്രീദേവി - 'നോട്ട്ബുക്ക്' (2006)
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'നോട്ട്ബുക്ക്' മലയാള സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ സ്കൂൾ സൗഹൃദങ്ങളിലൊന്നാണ് സമ്മാനിച്ചത്. പൂജ, സൈറ, ശ്രീദേവി എന്നീ മൂന്ന് വിദ്യാർഥിനികളുടെ ജീവിതത്തിലൂടെ, കൗമാരത്തിന്റെ സ്വപ്നങ്ങളും ആശങ്കകളും, സൗഹൃദത്തിന്റെ യഥാർഥ ശക്തിയും സിനിമ പറയുന്നു. ക്ലാസ്‌മേറ്റായ സൂരജിൽ നിന്ന് ശ്രീദേവി ഗർഭിണിയാകുന്നതോടെ മൂന്ന് പേരുടെയും ജീവിതം ഒരുനിമിഷം കൊണ്ട് മാറിമറിയുന്നു. സമൂഹത്തിന്റെ വിധിയെഴുത്തിൽ നിന്ന് സുഹൃത്തിനെ രക്ഷിക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെ അവർ ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങൾ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ദുരന്തത്തിലേക്കാണ് നയിക്കുന്നത്.
പ്രതിസന്ധികൾ ഒന്നിന് പിന്നാലെ ഒന്നായി വന്നിട്ടും അവർ പരസ്പരം കൈവിടുന്നില്ല. സ്വന്തം ഭാവിയെക്കാൾ സുഹൃത്തിന്റെ ജീവിതത്തിനാണ് അവർ പ്രാധാന്യം നൽകുന്നത്. കൗമാരത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെട്ടാലും, അവരുടെ സൗഹൃദം അവസാന നിമിഷംവരെ തകരാതെ നിലനിൽക്കുന്നു.
വിനോദും അബ്ദുവും - 'തട്ടത്തിൻ മറയത്ത്' (2012)
മലയാള സിനിമയിലെ ഏറ്റവും സ്വാഭാവികമായ സൗഹൃദങ്ങളിൽ ഒന്നാണ് 'തട്ടത്തിൻ മറയത്ത്' എന്ന ചിത്രത്തിലെ വിനോദും അബ്ദുവും തമ്മിലുള്ളത്. പ്രണയമാണ് സിനിമയുടെ പ്രധാന പ്രമേയമെങ്കിലും, അതിന് സമാനമായ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ട മറ്റൊരു ബന്ധമാണ് ഇരുവരുടെയും സൗഹൃദം.
വിനോദിന്റെ ജീവിതത്തിൽ എന്ത് പ്രശ്നമുണ്ടായാലും ആദ്യം ഓടിയെത്തുന്നത് അബ്ദുവാണ്. പ്രണയത്തിന്റെ പേരിൽ വിനോദ് എടുക്കുന്ന വിചിത്രമായ തീരുമാനങ്ങളോട് യോജിക്കാത്ത നിമിഷങ്ങളിൽ പോലും, അവനെ ഒറ്റയ്ക്കിടാൻ അബ്ദു ഒരിക്കലും തയ്യാറാകുന്നില്ല. മണ്ടത്തരമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ പോലും, "നീയുണ്ടെങ്കിൽ ഞാനുമുണ്ട്" എന്ന മനോഭാവത്തോടെയാണ് അബ്ദു കൂടെ നിൽക്കുന്നത്.
ജോർജ്, ശംഭു, കോയ - 'പ്രേമം' (2015)
'പ്രേമം' പ്രണയത്തിന്റെ കഥയായിരുന്നുവെങ്കിലും, സിനിമയുടെ യഥാർഥ ഹൃദയം ജോർജ്, ശംഭു, കോയ എന്നിവരുടെ സൗഹൃദമായിരുന്നു. അൽഫോൻസ് പുത്രൻ സൃഷ്ടിച്ച ഈ മൂന്നംഗ കൂട്ടുകെട്ട് മലയാള സിനിമയിലെ ഏറ്റവും സ്വാഭാവികവും തലമുറകളെ സ്വാധീനിച്ചതുമായ സൗഹൃദങ്ങളിൽ ഒന്നായി മാറി. സ്കൂൾ കാലത്തെ ആദ്യ പ്രണയം മുതലുള്ള എല്ലാ ഘട്ടങ്ങളിലും നിഴലുപോലെ കൂടെയുണ്ടായിരുന്നത ചങ്ങാതിമാരാണ് ശംഭുവും കോയയും.
ഇവരുടെ ബന്ധത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അത് വലിയ വാക്കുകളിലോ വൈകാരിക പ്രഖ്യാപനങ്ങളിലോ ഒതുങ്ങുന്നില്ല എന്നതാണ്. പരസ്പരം കളിയാക്കിയും ട്രോളിയും ചിരിച്ചും സമയം ചെലവഴിക്കുന്ന ഇവർ, പ്രതിസന്ധി വന്നാൽ ഒരു വാക്കുപോലും പറയാതെ പരസ്പരം താങ്ങായി മാറുന്നു. ചിലപ്പോൾ ഒരു നിശ്ശബ്ദ സാന്നിധ്യം പോലും ഒരു സുഹൃത്തിന് എത്ര വലിയ ആശ്വാസമാകാമെന്ന് ഇവരുടെ സൗഹൃദത്തിലൂടെ 'പ്രേമം' മനോഹരമായി വരച്ചുകാണിക്കുന്നു.
അപ്പാനി രവി & യു-ക്ലാമ്പ് രാജൻ | 'അങ്കമാലി ഡയറീസ്' (2017)
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' മലയാള സിനിമയ്ക്ക് സമ്മാനിച്ച ഏറ്റവും നല്ല റിയലിസ്റ്റിക് സൗഹൃദമാണ് അപ്പാനി രവിയും യു-ക്ലാമ്പ് രാജനും തമ്മിലുള്ളത്. തല്ലും കേസും ജയിലും ഗ്യാങ് സംസ്കാരവും നിറഞ്ഞ ജീവിതത്തിനിടയിലും, പരസ്പരം കൈവിടാത്ത വിശ്വാസമാണ് ഇരുവർക്കും ഇടയിലെ സൗഹൃദം. ബാപ്പുജി കൊലക്കേസിനെ തുടർന്ന് ജയിലിൽ കഴിയേണ്ടിവരുന്ന സാഹചര്യത്തിലും, അവർ പരസ്പരം കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്ത് പ്രതിസന്ധി വന്നാലും കൂടെ നിൽക്കുക എന്നതാണ് അവരുടെ സൗഹൃദത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഒരാൾക്കുവേണ്ടി മറ്റൊരാൾ റിസ്ക് എടുക്കുന്നതിൽ തന്നെ അവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാണ്. അങ്കമാലിയിലെ തെരുവ് ജീവിതത്തിന്റെ എല്ലാ പരുക്കൻ യാഥാർഥ്യങ്ങളും ഈ സൗഹൃദത്തിൽ പ്രതിഫലിക്കുന്നുണ്ട്. എല്ലാ സൗഹൃദങ്ങളും മധുരമുള്ള ഓർമകൾ മാത്രമല്ല എന്നും, ചില സൗഹൃദങ്ങൾ ജീവിതത്തിന്റെ കഠിന യാഥാർഥ്യങ്ങൾക്കിടയിൽ രൂപപ്പെടുന്നതാണെന്നും ഇവർ നമ്മെ ഓർമ്മപ്പെടുത്തുന്നു.
ശരണ്യയും സോനാരെയും| 'സൂപ്പർ ശരണ്യ' (2022)
മലയാള സിനിമയിലെ ഏറ്റവും സ്വാഭാവികമായ വനിതാ സൗഹൃദങ്ങളിൽ ഒന്നാണ് 'സൂപ്പർ ശരണ്യ'യിലെ ശരണ്യയും സോനയും തമ്മിലുള്ളത്. കോളജ് ജീവിതത്തിന്റെയും ഹോസ്റ്റൽ ദിനങ്ങളുടെയും എല്ലാ രസങ്ങളും ആശങ്കകളും തമാശകളും ഈ രണ്ട് കഥാപാത്രങ്ങളിലൂടെ സിനിമ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. അധികം ആരോടും സംസാരിക്കാത്ത, പാവം എന്ന് തോന്നിപ്പക്കുന്ന സ്വഭാവക്കാരിയായ ശരണ്യയെ എപ്പോഴും ഒരു മുതിർന്ന സഹോദരിയെ പോലെ സംരക്ഷിക്കുന്ന മിടുക്കിയാണ് സോന. എന്തും തുറന്നുപറയുന്ന, ആത്മവിശ്വാസമുള്ള, ഊർജസ്വലയായ സ്വഭാവക്കാരിയാണ് സോന.
ഹോസ്റ്റൽ ജീവിതത്തിന്റെ ആദ്യദിനങ്ങൾ മുതൽ കോളജിലെ എല്ലാ വെല്ലുവിളികളിലും ശരണ്യയുടെ കൈപിടിച്ച് നടത്തുന്നത് സോനയാണ്. ശരണ്യയുടെ പ്രണയത്തെ ഏറ്റവും കൂടുതൽ കളിയാക്കുന്നതും ചോദ്യം ചെയ്യുന്നതും സോനയാണ്. എന്നാൽ ആ കളിയാക്കലുകൾക്കുള്ളിൽ കരുതലുണ്ട്. ശരണ്യ തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കണമെന്ന ആഗ്രഹമാണ് സോനയുടെ ഓരോ കൗണ്ടറിനും പിന്നിൽ. ചില സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് കൂട്ടിരിക്കാൻ മാത്രമല്ല. മറിച്ച്, നമ്മെ കൂടുതൽ ധൈര്യശാലികളാക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ പഠിപ്പിക്കാനുമാണെന്ന് ഇരുവരുടേയും സൗഹൃദം നമുക്ക് പറഞ്ഞു തരുന്നു.
മഞ്ഞുമ്മൽ ഗ്യാങ് - മഞ്ഞുമ്മൽ ബോയ്സ് (2024)
മലയാള സിനിമയിൽ സൗഹൃദത്തെ ഏറ്റവും തീവ്രമായും ഹൃദയസ്പർശിയായും അവതരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് 'മഞ്ഞുമ്മൽ ബോയ്സ്'. 2006-ൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രം, ഒരുമിച്ച് യാത്ര പോകുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ മാത്രമല്ല, ജീവൻ പോലും പണയംവെച്ച് സുഹൃത്തിനെ തിരികെ കൊണ്ടുവരാൻ തയ്യാറാകുന്ന സഹോദരബന്ധത്തിന്റെ കഥ കൂടിയാണ്. കൊടൈക്കനാലിലെ ഗുണ ഗുഹയിലെ 85 അടി താഴ്ചയിലേക്ക് വീഴുന്ന തങ്ങളുടെ സുഹൃത്തിനെ രക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കാൻ തയ്യാറാവുന്ന ഒരു കൂട്ടം യുവാക്കളാണ് ചിത്രത്തിലെ താരങ്ങൾ. 'സുഹൃത്തിനെ ഉപേക്ഷിച്ച് മടങ്ങില്ല' എന്ന ഒറ്റ തീരുമാനത്തിലാണ് അവർ ഉറച്ചുനിൽക്കുന്നത്.
നായകത്വം തെളിയിക്കാനോ പ്രശംസ നേടാനോ അല്ല, സുഹൃത്തിനോടുള്ള സ്നേഹവും ഉത്തരവാദിത്വബോധവും മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. "അവനെ രക്ഷിക്കാൻ നീ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും," എന്ന് പറയുന്ന 'മഞ്ഞുമ്മൽ ബോയ്സ്' മലയാള സിനിമയിലെ ഏറ്റവും ശക്തവും പ്രചോദനാത്മകവുമായ സൗഹൃദങ്ങളുടെ പ്രതീകമായി മാറിയിരിക്കുന്നു.
Celebrate Friendship Day with Malayalam cinema's most iconic friendships. From Dasan and Vijayan to the Manjummel Boys gang, these unforgettable bonds showcase loyalty, sacrifice, laughter, and unconditional support. Explore the legendary friendships that have defined generations and continue to inspire audiences across Malayalam cinema.