

ഒരു കാലത്ത് ദിവസക്കൂലിയായി 20 രൂപ വാങ്ങിയിരുന്ന ഒരാൾ ഇന്ന് താൻ നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് ചാർജ് ചെയ്യുന്നത് 20 കോടി രൂപയാണ്. ഈ രണ്ട് പ്രതിഫലങ്ങൾക്കിടയിൽ വർഷങ്ങളുടെ അധ്വാനവും കാത്തിരിപ്പും അതിജീവിച്ച അനുഭവങ്ങളുമുണ്ട്. വിശപ്പടക്കാൻ കഴിയാതെ പോയ ദിവസങ്ങൾ മുതൽ അപമാനിക്കപ്പെട്ട നിമിഷങ്ങൾ വരെ. സിനിമയിൽ അവസരങ്ങൾ തേടി അലഞ്ഞുനടന്ന കാലം മുതൽ ഒരു മികച്ച വേഷത്തിനായി ഉറക്കമില്ലാതെ കാത്തിരുന്ന രാത്രികൾ വരെ ആ യാത്രയുടെ ഭാഗമായിരുന്നു. ഒരുകാലത്ത് നായകന്റെ തമാശകൾക്കും കളിയാക്കലുകൾക്കും ഇരയാകുന്ന കോമഡി കഥാപാത്രങ്ങളിലൊതുങ്ങിയിരുന്ന അതേ നടനെ, ഇന്ന് നായകനായി കാണാൻ സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നു. ആ മാറ്റത്തിന് പിന്നിൽ സൂരി എന്ന നടന്റെ വർഷങ്ങളോളം നീണ്ട കാത്തിരിപ്പിന്റെയും അധ്വാനത്തിന്റെയും കഥയുണ്ട്.
കുറച്ചുകാലം മുൻപ് വരെ ‘സൂരി’ എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് പരിചിതമായിരുന്നത് ‘പറോട്ട സൂരി’ എന്ന പേരായിരുന്നു. ഒരു സിനിമയിൽ സൂരിയുടെ കഥാപാത്രം പറോട്ട കഴിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന രംഗം ശ്രദ്ധ നേടിയതോടെയാണ് ആ പേര് അദ്ദേഹത്തിനൊപ്പം ചേരുന്നത്. പിന്നീട് സിനിമയിൽ സൂരിയുടെ മറ്റൊരു പേരായി തന്നെ ‘പറോട്ട സൂരി’ മാറി.
രാമലക്ഷ്മണൻ മുത്തുചാമി തേവർ എന്നാണ് സൂരിയുടെ യഥാർഥ പേര്. സിനിമയിലെത്തുമ്പോൾ ഒരു കോമഡി നടനാകണമെന്നായിരുന്നില്ല അദ്ദേഹത്തിന്റെ സ്വപ്നം. എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. അന്നത്തെ രൂപവും സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ സൂരിയെ സംബന്ധിച്ച് സിനിമയിലെത്തുക എന്നത് ഏറെ അകലെയുള്ള സ്വപ്നമായിരുന്നു.
സിനിമയിലെത്തുന്നതിന് മുൻപ് തിരുപ്പൂരിൽ ദിവസക്കൂലിയായി 20 രൂപയ്ക്ക് ജോലി ചെയ്തിരുന്ന കാലത്ത്, സമീപത്തെ ബേക്കറിയിൽ ഒന്നര രൂപയ്ക്ക് ലഭിച്ചിരുന്ന ബൺ പോലും വാങ്ങാൻ കഴിയാത്ത ദിവസങ്ങൾ സൂരിക്കുണ്ടായിരുന്നു. പലപ്പോഴും ഒരു ചായ മാത്രം കുടിച്ച് വിശപ്പടക്കേണ്ടിവന്നിരുന്നു. ഒരു അവസരത്തിനായി പ്രൊഡക്ഷൻ ഓഫീസുകൾ കയറിയിറങ്ങിയപ്പോഴാണ് അഭിനയത്തിലെ സ്വാഭാവികമായ നർമ്മം ശ്രദ്ധിക്കപ്പെടുന്നത്. പ്രത്യേകിച്ച് കോമഡി രംഗങ്ങളിലെ തന്റെ സ്വാഭാവികമായ പ്രകടനം പിന്നീട് അവസരങ്ങളിലേക്ക് വഴിതുറന്നു. അങ്ങനെ, സിനിമയിൽ അഭിനയിക്കണമെന്ന സ്വപ്നം പതിയെ ഒരു കോമഡി നടനെന്ന നിലയിലുള്ള കരിയറിലേക്ക് വഴിമാറുകയായിരുന്നു.
സൂരിയുടെ നർമ്മബോധത്തിന്റെ ആദ്യ സ്വാധീനം സ്വന്തം അച്ഛനിൽ നിന്നാണ്. മധുരയ്ക്കടുത്തുള്ള രാജാക്കൂരിലെ നാട്ടുകാർക്കിടയിൽ അച്ഛന്റെ തമാശകളും സ്വതസിദ്ധമായ നർമ്മബോധവും ഏറെ പ്രശസ്തമായിരുന്നു. അച്ഛന്റെ നർമ്മത്തിന്റെ 20 ശതമാനം പോലും സൂരിക്കില്ലെന്ന് നാട്ടുകാർ ഇപ്പോഴും തമാശയായി പറയാറുണ്ട്.
നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ നായകനിൽനിന്ന് പരിഹാസങ്ങൾ ഏറ്റുവാങ്ങി, നായികമാരിൽനിന്ന് മുഖത്തടി വാങ്ങി, അവഗണനയും അധിക്ഷേപവും സഹിച്ച് നിരവധി സിനിമകളിൽ സൂരി പ്രത്യക്ഷപ്പെട്ടു. എന്നാൽ അതൊന്നും സിനിമയിലെത്തണമെന്ന അദ്ദേഹത്തിന്റെ ലക്ഷ്യത്തിന് തടസ്സമായില്ല. നായകന്റെ കൂടെ നിൽക്കുന്ന കഥാപാത്രമാകണമെന്നില്ല, സിനിമയിൽ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കാൻ ചെറിയൊരു അവസരം ലഭിച്ചാൽ മതിയെന്നായിരുന്നു അന്നത്തെ സൂരിയുടെ ആഗ്രഹം.
സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റ് മണിമാരനെ സൂരി പലതവണ സമീപിച്ചതും അതിനായാണ്. കോമഡി വേഷം തന്നെ വേണമെന്നില്ലെന്നും രണ്ടോ മൂന്നോ സീനുകളിൽ പ്രത്യക്ഷപ്പെടാൻ അവസരം നൽകിയാൽ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയിൽ തനിക്ക് ഒരു ഇടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ കാത്തിരിപ്പും നിരന്തരമായ സമീപനങ്ങളും.
ഒടുവിൽ സിനിമയിൽ സൂരിക്ക് ഒരു വേഷമുണ്ടെന്ന് മണിമാരൻ അറിയിച്ചു. ആ വാർത്തയുടെ സന്തോഷത്തിൽ വെട്രിമാരന്റെ ഫോൺകോൾ കാത്ത് അന്ന് രാത്രി മുഴുവൻ സൂരി ഉറക്കമില്ലാതെ കിടന്നു. എന്നാൽ ഫോൺ വന്നില്ല. സംവിധായകനെ നേരിട്ട് വിളിക്കാനുള്ള ധൈര്യമില്ലാതിരുന്നതിനാൽ പിറ്റേന്ന് അദ്ദേഹത്തിന് ഒരു സന്ദേശമയച്ച് സൂരി വീണ്ടും കാത്തിരുന്നു. അവസാനം വെട്രിമാരന്റെ ഓഫീസിലേക്ക് നേരിട്ടെത്താനുള്ള വിളിയെത്തിയപ്പോഴും വലിയൊരു കഥാപാത്രമാണ് തന്നെ കാത്തിരിക്കുന്നതെന്ന് സൂരി കരുതിയിരുന്നില്ല. ഒരു ചെറിയ വേഷമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ കഥ പറഞ്ഞുതീർന്ന ശേഷം വെട്രിമാരൻ പറഞ്ഞത് മറ്റൊന്നായിരുന്നു, "നായകന്റെ കഥാപാത്രം സൂരി ചെയ്യണം".
എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടു. വെട്രിമാരൻ ‘അസുരൻ’ എന്ന സിനിമയിലേക്ക് കടന്നു. പിന്നീട് ദുബായ് പശ്ചാത്തലമാക്കി മറ്റൊരു ചിത്രത്തിൽ സൂരിക്ക് അവസരം ലഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു. ഈ സിനിമകൾക്കായി കാത്തിരുന്ന കാലയളവിൽ മറ്റ് നിരവധി അവസരങ്ങളും സൂരിക്ക് നഷ്ടമായി.
നിരാശയ്ക്കൊടുവിലാണ് വീണ്ടും വെട്രിമാരന്റെ ഫോൺകോൾ എത്തുന്നത്. “എനിക്ക് മറ്റൊരു കഥയുണ്ട്...” എന്നായിരുന്നു വെട്രിമാരന്റെ വാക്കുകൾ. ആ കഥയാണ് പിന്നീട് സൂരിയുടെ കരിയറിൽ നിർണായകമായ ‘വിടുതലൈ’യായി മാറിയത്. നായകനെക്കാൾ വെട്രിമാരൻ സൂരിയിൽ കണ്ടത് ഒരു നിഷ്കളങ്കനായ മനുഷ്യനെയായിരുന്നു. തന്റെ സ്വാഭാവികതയും നിഷ്കളങ്കതയും കൈവിടരുതെന്ന വെട്രിമാരന്റെ ഉപദേശം ഇന്നും സൂരി മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.
വർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കാൻ ഉപയോഗിച്ചിരുന്ന മുഖഭാവങ്ങളും ശരീരഭാഷയും അഭിനയശൈലിയും മാറ്റിയെടുക്കാൻ സൂരി ഏറെ പരിശ്രമിച്ചു. അങ്ങനെ പ്രേക്ഷകർ പരിചയപ്പെട്ടിരുന്ന പഴയ സൂരിയെ മാറ്റിനിർത്തിയാണ് ‘വിടുതലൈ’യിലെ കുമരേശനായി അദ്ദേഹം എത്തിയത്. എന്നാൽ ‘വിടുതലൈ’യ്ക്ക് അഞ്ചോ ആറോ വർഷം മുൻപുതന്നെ സൂരിയെ തേടി നായകവേഷങ്ങൾ എത്തിയിരുന്നു. അവയൊന്നും സ്വീകരിക്കാതെ, തനിക്ക് ചേരുന്ന മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം.
‘വിടുതലൈ’യിലെ കുമരേശനിൽ തുടങ്ങിയ ആ മാറ്റം പിന്നീട് ‘ഗരുഡൻ’, ‘മാമൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതൽ വ്യക്തമായി. ‘മണ്ടാടി’യിലെത്തുമ്പോഴേക്കും ആ മാറ്റം മറ്റൊരു തലത്തിലേക്ക് വളർന്നു. ചിത്രത്തിനായി ഏകദേശം 100 ദിവസത്തോളം കടലിൽ നടന്ന ചിത്രീകരണത്തിലും സൂരി പങ്കെടുത്തു. സിനിമയിലെത്തിയ കാലം മുതൽ പിന്നിട്ട ദൂരത്തിന് മറ്റൊരു തെളിവായി മാറുകയായിരുന്നു ആ കഥാപാത്രവും പ്രകടനവും.
ഒരിക്കൽ രജനികാന്തിന്റെ ‘ദളപതി’യിലെ ‘സൂര്യ’ എന്ന കഥാപാത്രത്തിൽനിന്ന് തന്റെ സിനിമാനാമം കണ്ടെത്തിയ സൂരിയെ, പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് അതേ രജനികാന്ത് തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ‘പറോട്ട സൂരി’യിൽ നിന്ന് കുമരേശനിലേക്കും, കുമരേശനിൽ നിന്ന് ‘മണ്ടാടി’യിലേക്കും. സിനിമയിൽ ഒരവസരത്തിനായി കാത്തുനിന്ന ഒരാൾ, ഒടുവിൽ തന്റേതായൊരു ഇടം സിനിമയിൽ സ്വന്തമാക്കിയ കഥയാണ് സൂരിയുടേത്. ഒരിക്കൽ ഒരു ചെറിയ വേഷത്തിനായി വർഷങ്ങൾ കാത്തിരുന്ന നടനാണ് ഇന്ന് ഒരു സിനിമ മുഴുവൻ തന്റെ തോളിലേറ്റി നിൽക്കുന്നത്.
Actor Soori’s journey from earning ₹20 a day to becoming a leading actor commanding a reported ₹20 crore showcases years of struggle, rejection and perseverance. From being known as Parotta Soori to delivering acclaimed performances in Viduthalai, Garudan and Mandadi, Soori’s transformation reflects his determination to wait for meaningful roles.