

സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടിവന്ന ലിംഗവിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഗൗരി കിഷൻ. അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ പലപ്പോഴും അവഗണിക്കുന്ന സമീപനം സിനിമാ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഗൗരി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെങ്കിലും പുരുഷാധിപത്യ ചിന്തകൾ സമൂഹത്തിൽനിന്ന് പൂർണമായി മാറിയിട്ടില്ലെന്നും ഗൗരി വ്യക്തമാക്കി. ഇത്തരം ചിന്തകൾ ആളുകളുടെ വളർച്ചയിലും സാമൂഹിക ഇടപെടലുകളിലും ആഴത്തിൽ വേരൂന്നിയതാണെന്നും ഒരു തലമുറയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും നടി പറഞ്ഞു. സ്ത്രീകൾ അഭിപ്രായം പറയുമ്പോൾ അവരെ മാറ്റിനിർത്തുന്ന പ്രവണതയ്‌ക്കെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും ഗൗരി കൂട്ടിച്ചേർത്തു.
ക്യാമറയ്ക്ക് പിന്നിൽ സ്ത്രീകളുടെ സാന്നിധ്യം കുറവാണെന്നും സിനിമയ്ക്കുള്ളിൽ പലപ്പോഴും സ്ത്രീകൾക്ക് സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പരിമിതമാണെന്നും ഗൗരി ചൂണ്ടിക്കാട്ടി. അടുത്തിടെ താൻ നേരിട്ട ലിംഗവിവേചനത്തിന്റെ അനുഭവവും നടി പങ്കുവെച്ചു. താൻ സംസാരിച്ചപ്പോൾ അവിടെയുണ്ടായിരുന്നവർ താഴേക്ക് നോക്കിയിരുന്നത് ശ്രദ്ധിച്ചോയെന്ന് സഹതാരം ചോദിച്ചപ്പോൾ, ‘ഞാൻ അത് കണ്ടില്ലെന്ന് കരുതുന്നുണ്ടോ?’ എന്നായിരുന്നു തന്റെ മറുപടിയെന്ന് ഗൗരി പറഞ്ഞു. സ്ത്രീകളെന്ന നിലയിൽ അവഗണിക്കപ്പെടുന്നത് പതിവാണെങ്കിലും, അതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
നഗരത്തിൽ വളരാനും മികച്ച വിദ്യാഭ്യാസം നേടാനും കഴിഞ്ഞത് തനിക്ക് ലഭിച്ച പ്രിവിലേജാണെന്ന് ഗൗരി കിഷൻ പറഞ്ഞു. എങ്കിലും സ്ത്രീകൾക്ക് ബുദ്ധിയില്ലെന്ന് കരുതുന്ന പുരുഷന്മാരെ ഇന്നും നേരിടേണ്ടിവരാറുണ്ടെന്നും നടി വ്യക്തമാക്കി. വിദ്യാഭ്യാസവും സ്വാതന്ത്ര്യവുമടക്കമുള്ള സൗകര്യങ്ങൾ ലഭിച്ചിട്ടും ഇത്തരം പുരുഷാധിപത്യ ചിന്തകളിൽനിന്ന് തനിക്ക് ഒഴിഞ്ഞുമാറാനായിട്ടില്ലെന്നും ഗൗരി പറഞ്ഞു.
സമീപകാലത്തായി തനിക്കുണ്ടായ ഒരു അനുഭവവും ഗൗരി കിഷൻ പങ്കുവെച്ചു. സിനിമയുടെ പിന്നണിയിൽ ജോലി ചെയ്തിരുന്ന ഒരു വനിതാ ടെക്നീഷ്യനൊപ്പം പ്രവർത്തിച്ച അനുഭവമാണ് അവർ പറഞ്ഞത്. സെറ്റിൽ താൻ എത്തിയപ്പോൾ, മറ്റൊരു സ്ത്രീയെ കണ്ടതിൽ ആ ടെക്നീഷ്യന് ഏറെ ആശ്വാസം തോന്നിയിരുന്നു എന്ന് ഗൗരി പറഞ്ഞു. എന്നാൽ പിന്നീട് ചില പുരുഷ ക്രൂ അംഗങ്ങൾ അവർ ‘അഹങ്കാരിയാണ്’ എന്ന് വിമർശിച്ചെന്നും, യഥാർഥത്തിൽ അവർ സ്വന്തം ജോലി മാത്രമാണ് ചെയ്തിരുന്നതെന്നും ഗൗരി പറഞ്ഞു. സിനിമാ മേഖലയിൽ വനിതാ ടെക്നീഷ്യനായി ജോലി ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും ഗൗരി ചൂണ്ടിക്കാട്ടി.
കൃഷ് സംവിധാനം ചെയ്യുന്ന ‘താരകൈ’യാണ് ഗൗരി കിഷന്റെ വരാനിരിക്കുന്ന ചിത്രം. കൂടാതെ ‘96’ലെ സഹതാരം ആദിത്യ ഭാസ്‌കറിനൊപ്പം ഗൗരി വീണ്ടും ഒന്നിക്കുന്ന ‘ലവ് ആൻഡ് വാർ’ എന്ന റൊമാന്റിക് എന്റർടെയ്‌നറും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Actress Gouri Kishan opened up about gender discrimination and patriarchy in the film industry. She said women are often ignored when they speak up, while female technicians face additional challenges on sets. Gouri stressed the need for equal opportunities and urged the industry to move beyond gender-based assumptions and limitations.