നിയമം കയ്യിലെടുക്കുന്ന ആൾക്കൂട്ടം, 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തോളം ആളുകള്‍; രാജ്യത്ത് പടരുന്ന 'ലിഞ്ചിങ് സംസ്‌കാരം'

2014 മുതല്‍ 2024 വരെ ആള്‍ക്കൂട്ട അക്രമങ്ങളില്‍ 372 മുസ്ലീങ്ങള്‍ കൊല്ലപ്പെടുകയും 634 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഹിന്ദുക്കളുടെ എണ്ണം 787 ആണ് (327 പേര്‍ക്ക് പരിക്ക്).
നിയമം കയ്യിലെടുക്കുന്ന ആൾക്കൂട്ടം, 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തോളം ആളുകള്‍; രാജ്യത്ത് പടരുന്ന 'ലിഞ്ചിങ് സംസ്‌കാരം'
Published on

ഇന്ത്യയുടെ സാമൂഹികാന്തരീക്ഷത്തെ ഭീതിയിലാഴ്ത്തി ആള്‍ക്കൂട്ട അക്രമങ്ങള്‍ ഒരു പതിവു സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍പ് പശ്ചിമ ബംഗാള്‍, ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രം കേട്ടിരുന്ന സംഘ്പരിവാര്‍ അനുകൂല വര്‍ഗീയ അക്രമങ്ങളും ആള്‍ക്കൂട്ടക്കൊലകളും ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനുമായ സഫറുല്‍ ഇസ്ലാം ഖാന്‍ സമാഹരിച്ച് ഫാറോസ് മീഡിയ പ്രസിദ്ധീകരിച്ച 'മോബ് ലിഞ്ചിങ് ഇന്‍ ഇന്ത്യ: എ റെക്കോര്‍ഡ് 20142024' എന്ന റിപ്പോര്‍ട്ട് 2014 മുതല്‍ 2024 വരെയുള്ള ദശകത്തില്‍ ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട ക്രൂരതകളുടെ ഗൗരവകരമായ ചിത്രം വ്യക്തമാക്കുന്നുണ്ട്.

ആള്‍ക്കൂട്ട ആക്രമണത്തിന്റെ മാറിയ നിര്‍വചനങ്ങള്‍

സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലീം വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ട് സങ്കുചിത മതവികാരങ്ങളുടെയും ഗോമാംസ ആരോപണങ്ങളുടെയും പേരില്‍ നടത്തുന്ന അക്രമങ്ങളായാണ് 'ആള്‍ക്കൂട്ട ആക്രമണങ്ങള്‍' അറിയപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഇതിന്റെ സ്വഭാവം മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ന് കേവലം മതപരമായ വിദ്വേഷത്തില്‍ മാത്രം ഒതുങ്ങാതെ, ജാതി ചിന്തകള്‍ക്കും അപ്പുറത്തേക്ക് വളര്‍ന്ന് ഒരു അക്രമ സംസ്‌കാരമായി ഇത് മാറിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആള്‍ക്കൂട്ട അക്രമങ്ങള്‍ രാജ്യത്ത് വളരെ സാധാരണമായി മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിസ്സാര തര്‍ക്കങ്ങള്‍ വരെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എത്തിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

വ്യത്യസ്ത കാരണങ്ങള്‍

റിപ്പോര്‍ട്ട് അനുസരിച്ച് 2014 മുതല്‍ 2024 വരെ പശുവിനെ കൊന്നു, ഗോമാംസം കൈവശം വച്ചു എന്ന ആരോപണങ്ങളില്‍ 53 അക്രമങ്ങള്‍ ഉണ്ടായി. മതപരമായ സ്വത്വത്തിന്റെ പേരില്‍ 89 പേര്‍ ആക്രമിക്കപ്പെട്ടു. നിസ്സാര തര്‍ക്കങ്ങള്‍ അക്രമത്തിലേക്ക് വഴിമാറിയ 571 സംഭവങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2020 ഫെബ്രുവരിയില്‍ അബദ്ധത്തില്‍ തോളില്‍ തട്ടിയെന്ന കാരണത്താല്‍ സൗരഭ് എന്ന വ്യക്തിയെ അടിച്ചു കൊലപ്പെടുത്തിയത് ഇതിനൊരു ഉദാഹരണമാണ്.

നിയമം കയ്യിലെടുക്കുന്ന ആൾക്കൂട്ടം, 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തോളം ആളുകള്‍; രാജ്യത്ത് പടരുന്ന 'ലിഞ്ചിങ് സംസ്‌കാരം'
ട്രംപിന്റെ കൈയില്‍ പുതിയ ആയുധം; റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 100% താരിഫ്, ഇന്ത്യയും നികുതി കൊടുക്കേണ്ടിവരും

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 422 സംഭവങ്ങള്‍. ഡല്‍ഹി (296), ബിഹാര്‍, ഹരിയാന (100) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 2023-ല്‍ ഉത്തര്‍പ്രദേശില്‍ 124 കേസുകള്‍ നടന്നപ്പോള്‍ 2024-ല്‍ അത് 25 ആയി കുറഞ്ഞതായും കാണാം. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. മിസോറാം, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഈ ദശകത്തില്‍ ലിഞ്ചിങ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗോവ, അസം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഒരു കേസ് വീതം റിപ്പോര്‍ട്ട് ചെയ്തു.

മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു

മുസ്ലീം വ്യക്തികളെ ആള്‍ക്കൂട്ടം ബോധപൂര്‍വം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊപ്പി, താടി തുടങ്ങിയ ബാഹ്യമായ അടയാളങ്ങള്‍ നോക്കി മുസ്ലീം പൗരരെ അക്രമിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്യുന്നത് പതിവ് സംഭവമായി മാറുന്നു. 2021-ല്‍ ഇന്‍ഡോറിലെ തസ്ലീം അലി എന്ന കച്ചവടക്കാരനെ പേര് ചോദിച്ചറിഞ്ഞ ശേഷം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം ഇതിലൊന്നാണ്. തെളിവുകളുടെ അഭാവത്തില്‍ 2024-ലാണ് ഇദ്ദേഹത്തെ കോടതി വെറുതെവിട്ടിരുന്നു.

2014 മുതല്‍ 2024 വരെ ആള്‍ക്കൂട്ട അക്രമങ്ങളില്‍ 372 മുസ്ലീങ്ങള്‍ കൊല്ലപ്പെടുകയും 634 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഹിന്ദുക്കളുടെ എണ്ണം 787 ആണ് (327 പേര്‍ക്ക് പരിക്ക്). മതപരമായ വിദ്വേഷ അക്രമങ്ങള്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടക്കുമ്പോള്‍, റോഡിലുണ്ടായ തര്‍ക്കങ്ങള്‍ മുതല്‍ കുടുംബത്തിലുണ്ടാവുന്ന അഭിപ്രായഭിന്നതകള്‍ വരെ ഹിന്ദുക്കള്‍ കൊല്ലപ്പെടാന്‍ കാരണമായി. പ്രണയബന്ധങ്ങളുടെയും ഇതരമത വിവാഹങ്ങളുടെയും പേരില്‍ 141 ലിഞ്ചിങ് കേസുകള്‍ നടന്നു. ഇത്തരം ക്രൂരതകളില്‍ നല്ലൊരു പങ്കും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ളതാണെങ്കിലും ഇവിടെ ആള്‍ക്കൂട്ടം തന്നെ നിയമവും ശിക്ഷയും നടപ്പാക്കുന്ന ഒരു അവസ്ഥയായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

നിയമം കയ്യിലെടുക്കുന്ന ആൾക്കൂട്ടം, 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തോളം ആളുകള്‍; രാജ്യത്ത് പടരുന്ന 'ലിഞ്ചിങ് സംസ്‌കാരം'
അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ വൻ പിരിച്ചുവിടൽ; പകുതിയോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

ജാതീയമായ അക്രമങ്ങള്‍

ദളിത് സമൂഹത്തിന് നേരെ നടന്ന അക്രമങ്ങളില്‍ 85 പേര്‍ കൊല്ലപ്പെടുകയും 115 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരത്തില്‍ കെട്ടിയിടുക, ജാതീയമായി അധിക്ഷേപിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 2024-ല്‍ ഗുജറാത്തിലെ ഛഡാസനയില്‍ വിവാഹദിവസം കുതിരപ്പുറത്ത് കയറിയതിന് ദളിത് യുവാവിനെ തല്ലിക്കൊന്നതും 2022-ല്‍ രാജസ്ഥാനിലെ ജാപ്പൂര്‍ ജില്ലയില്‍ വെള്ളപാത്രത്തില്‍ തൊട്ടതിന് ഒമ്പതുകാരനായ ദളിത് ബാലനെ അടിച്ചുകൊന്നതും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

പശു സംരക്ഷണത്തിന്റെ പേരിലും വിദ്വേഷ കുറ്റകൃത്യങ്ങളായും ആരംഭിച്ച ആള്‍ക്കൂട്ട അക്രമങ്ങള്‍ ഇന്ന് ഇന്ത്യന്‍ പൊതുജീവിതത്തിന്റെ എല്ലാ തുറകളിലേക്കും വ്യാപിച്ചിരിക്കുന്നതിനെ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നുണ്ട്. നിയമത്തെ ഭയക്കാതെ അക്രമികള്‍ പെരുമാറുന്ന ഇത്തരം സാഹചര്യങ്ങള്‍ സാധാരണക്കാരായ മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും ഭയരഹിതമായി ജീവിക്കാനുള്ള അവകാശത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Summary

A new report documenting mob lynching in India between 2014 and 2024 has highlighted the changing nature and spread of mob violence across the country. Titled “Mob Lynching in India: A Record 2014–2024,” the 744-page study was compiled and edited by journalist and former Delhi Minorities Commission chairman Zafarul-Islam Khan and published by Pharos Media. It documents 1,743 incidents during the decade, while noting that the figures represent a conservative sample rather than a comprehensive census.

Madism Digital
madismdigital.com