വിജയ് ചിത്രം ജനനായകൻ പ്രീ-ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 2000 രൂപയായി

മോർണിങ് ഷോകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 800 രൂപയാണ്. ഉയർന്ന നിരക്ക് ഈടാക്കിയിട്ടും ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റഴിയുകയാണ്.
വിജയ് ചിത്രം ജനനായകൻ പ്രീ-ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 2000 രൂപയായി
Published on

തെന്നിന്ത്യയുടെ സൂപ്പർതാരം ദളപതി വിജയുടെ അവസാന ചിത്രം 'ജനനായകൻ' പൊങ്കൽ റിലീസിനൊരുങ്ങുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ജനുവരി 9ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കർണാടകയിലും, കേരളത്തിലും, വിദേശ രാജ്യങ്ങളിലും, പ്രീ-ബുക്കിങ് ആരംഭിച്ചപ്പോൾ ടിക്കറ്റ് നിരക്ക് 2000 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്.

ബെംഗളൂരുവിലെ പ്രമുഖ തിയറ്ററുകളിൽ മോർണിങ് ഷോകളുടെ ടിക്കറ്റ് നിരക്കാണ് ഉയർന്നിരിക്കുന്നത്. മുകുന്ദ തിയറ്ററിൽ പുലർച്ചെ 6:30ന് ആരംഭിക്കുന്ന ഷോയ്ക്ക് 1800 മുതൽ 2000 രൂപ വരെയാണ് നിരക്ക്. സ്വഗത് ശങ്കർ നാഗ്, ശ്രീ കൃഷ്ണ ബൃന്ദ ആർജിബി, സിനിപോളിസ് എച്ച്എസ്ആർ, ഗോപാലൻ ഗ്രാൻഡ് മാൾ, വൈഭവ്, പ്രസന്ന തുടങ്ങിയ തിയറ്ററുകളിലും ആയിരത്തിന് മുകളിൽ ടിക്കറ്റ് നിരക്കുണ്ട്. മോർണിങ് ഷോകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 800 രൂപയാണ്. ഉയർന്ന നിരക്ക് ഈടാക്കിയിട്ടും ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റഴിയുകയാണ്.

ബുക്ക് മൈ ഷോ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പല ഷോകളും ഇതിനോടകം ഹൗസ് ഫുൾ ആയി. കർണാടകയിൽ മാത്രം ഒരു കോടി രൂപയോളം പ്രീ-സെയിൽസ് നേടിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തമിഴ്നാട്ടിൽ ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാത്തിരിക്കുകയാണ് 'ജനനായകൻ'. ചില മാറ്റങ്ങൾ വരുത്താൻ ബോർഡ് നിർദേശിച്ചതായും സൂചനയുണ്ട്. ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ബുക്കിങ് തുടങ്ങിയിട്ടില്ല. കേരളത്തിൽ ഏറ്റവും ഉയർന്ന നിരക്ക് 350 രൂപയാണ്.

വിജയോടൊപ്പം, പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. രാഷ്ട്രീയത്തിലേക്ക് പൂർണമായി ഇറങ്ങുന്നതിന് മുമ്പുള്ള വിജയുടെ അവസാന സിനിമ കൂടിയാണിത്.

English Summary: Pre-bookings for Vijay’s Jananayakan have begun in select regions, with Bengaluru morning show ticket prices touching ₹2000, while Tamil Nadu bookings await censor clearance.

Related Stories

No stories found.
Madism Digital
madismdigital.com