കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയ്ക്കാണ് ലോകമെമ്പാടുമുള്ള നദികള്‍ 2025-ല്‍ സാക്ഷ്യം വഹിച്ചതെന്ന് വേള്‍ഡ് മീറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഡബ്ല്യൂഎംഒ) പുതിയ പഠനം വെളിപ്പെടുത്തുന്നു. നദികള്‍, തടാകങ്ങള്‍, ഭൂഗര്‍ഭജലം, ഹിമാനികള്‍, മണ്ണിലെ ഈര്‍പ്പം, ചെടികള്‍ക്കും മരങ്ങള്‍ക്കും ഉള്ളിലെ വെള്ളം എന്നിവയടങ്ങുന്ന ഭൂമിയിലെ സ്വാഭാവിക ശുദ്ധജല സംഭരണം കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ സാധാരണ നിലയേക്കാള്‍ 42% കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധിക്കുള്ള പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മഞ്ഞുമലകള്‍ ഉരുകുന്നത്, കടുത്ത വരള്‍ച്ച, പെട്ടെന്നുണ്ടാകുന്ന പ്രളയങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലൂടെയാണ് നദികള്‍ കടന്നുപോകുന്നത്.
സാധാരണ നിലയില്‍ വെള്ളമൊഴുകുന്ന നദികളുടെ എണ്ണം കഴിഞ്ഞ ഏഴുവര്‍ഷമായി കുറവാണെന്ന് 1991-ന് ശേഷമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടുകൂടിയ വര്‍ഷങ്ങളിലൊന്നാണ് 2025. 13 ആഗോള ഹൈഡ്രോളജിക്കല്‍ മോഡലുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2025-ല്‍ ലോകത്തിലെ മൂന്നിലൊന്ന് നദികളില്‍ മാത്രമാണ് സാധാരണ നിലയിലുള്ള ജലപ്രവാഹം ഉണ്ടായത്. 36% നദീകളില്‍ ഒഴുക്ക് സാധാരണയേക്കാള്‍ വളരെ കുറവായിരുന്നപ്പോള്‍, 21% നദികളില്‍ പ്രളയസമാനമായ ഒഴുക്ക് രേഖപ്പെടുത്തി. ഭൂമിയിലെ ജലസമ്പാദ്യം അപകടകരമായ വിധത്തില്‍ കുറയുകയാണെന്നും 2014-16 മുതല്‍ ഈ ശോഷണം തുടര്‍ച്ചയായി ദൃശ്യമാണെന്നും ഡബ്ല്യൂഎംഒ സെക്രട്ടറി ജനറല്‍ സെലസ്റ്റെ സൗലോ മുന്നറിയിപ്പ് നല്‍കുന്നു.
തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ 19 പ്രധാന ഹിമാനി മേഖലകളില്‍ വന്‍തോതില്‍ മഞ്ഞുപിണ്ഡങ്ങള്‍ ഉരുകിത്തീര്‍ന്നു. 1990-കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുനഷ്ടമാണ് ഹിമാനികളില്‍ ഉണ്ടായിരിക്കുന്നത്, അതില്‍ തന്നെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് സമീപകാലത്താണ്. 2025-ല്‍ മാത്രം 400 ഗിഗാടണ്‍ മഞ്ഞുപിണ്ഡം ഉരുകിയത്, ആഗോള സമുദ്രനിരപ്പില്‍ 1.1 മില്ലീമീറ്റര്‍ വര്‍ദ്ധനവിന് കാരണമായി. നദീതട ഒഴുക്ക്, ഭൂഗര്‍ഭജലം, ബാഷ്പീകരണം, കരയിലെ ജലസംഭരണം, മഞ്ഞ് എന്നിവയുള്‍പ്പെടെ പൂര്‍ണ്ണ ജലചക്രത്തിന്റെ സമഗ്രവും ശാസ്ത്രീയവുമായ ഒരു വിലയിരുത്തലാണ് ഡബ്ല്യൂഎംഒയുടെ പഠനം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വരള്‍ച്ച, മലിനീകരണം, അമിതമായ ചൂഷണം എന്നിവ മൂലമുള്ള വിവിധ ഭീഷണികളോട് ലോകമെമ്പാടുമുള്ള നദികള്‍ പോരാടുമ്പോഴാണ് ഈ പഠനം പുറത്തുവരുന്നത്.
ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ജനജീവിതത്തിനും ഭീഷണി
നദികളിലുണ്ടാകുന്ന പ്രതിസന്ധി ഊര്‍ജ്ജം, മലിനീകരണം, പാരിസ്ഥിതികനാശം തുടങ്ങിയ നിരവധി പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. യൂറോപ്പില്‍ ഡാന്യൂബ് നദിയിലെ ജലനിരപ്പ് സര്‍വ്വകാല റെക്കോര്‍ഡില്‍ താഴ്ന്നതോടെ, റിയാക്ടറുകള്‍ തണുപ്പിക്കാന്‍ വെള്ളമില്ലാതെ ഹംഗറിയിലെയും റൊമാനിയയിലെയും ആണവനിലയങ്ങള്‍ അടച്ചിടേണ്ടി വന്നു. ഇരുരാജ്യങ്ങളിലെയും ഒന്നൊഴികെ മറ്റെല്ലാ ആണവനിലയങ്ങളും അടച്ചിട്ടത് അഭൂതപൂര്‍വ്വമായ ഊര്‍ജ്ജ പ്രതിസന്ധി സൃഷ്ടിച്ചു. 50 യു.എസ് നഗരങ്ങളുടെ കുടിവെള്ള സ്രോതസ്സായ മിസിസിപ്പി നദി രാസ മലിനീകരണവും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും കാരണം ഭീഷണിയിലാണ്. ആഫ്രിക്കയിലെ നൈല്‍, നൈജര്‍, സാംബെസി നദികള്‍ കടുത്ത വരള്‍ച്ചയും മലിനീകരണവും കാരണം തകര്‍ച്ച നേരിടുന്നു.
അമിതമായ ചൂഷണവും മലിനജലവും കാരണം ഇംഗ്ലണ്ടിലെ ഒരു നദി പോലും പൂര്‍ണ്ണമായ പാരിസ്ഥിതിക ആരോഗ്യത്തിലല്ല ഒഴുകുന്നത്. മലിനജലം, കാര്‍ഷിക മലിനീകരണം, രാസവസ്തുക്കളുടെ സ്വാധീനം, അമിതമായ ജലചൂഷണം എന്നിവ പേറിയാണ് പുഴകള്‍ നിലനില്‍ക്കാന്‍ കഷ്ടപ്പെടുന്നത്. 2021 മുതല്‍ 2025 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ വടക്കേ അമേരിക്ക, ആമസോണ്‍, ആഫ്രിക്ക, മധ്യ ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെല്ലാം തുടര്‍ച്ചയായി താഴ്ന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇടവേളകളില്ലാതെ പ്രളയവും വരള്‍ച്ചയും മാറിമാറി വരുന്നത് പുഴകളുടെ വീണ്ടെടുപ്പ് അസാധ്യമാക്കുന്നു.
The world’s rivers experienced their driest conditions in three decades in 2025, according to a new report from the World Meteorological Organization (WMO). The study found that global natural freshwater storage—including water in rivers, lakes, groundwater, glaciers, soil moisture and vegetation—was 42% below normal levels in 2025. Climate change, glacier melt, severe droughts and increasingly erratic floods are identified as major drivers of the worsening global water crisis. The report, based on 13 global hydrological models, found that only about one-third of the world’s rivers had normal flows in 2025. Around 36% recorded below-normal flows, while 21% experienced above-normal, flood-like flows. WMO Secretary-General Celeste Saulo warned that the depletion of freshwater resources has continued since 2014–16.