'കാലാവസ്ഥാ പ്രതിസന്ധി ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണം'; ലോകാരോഗ്യ സംഘടനയോട് വിദഗ്ധർ

നേരത്തെ, കോവിഡ്, എംപോക്‌സ് തുടങ്ങിയ മഹാവ്യാധികൾ PHEIC ആയി WHO പ്രഖ്യാപിച്ചിരുന്നു.
'കാലാവസ്ഥാ പ്രതിസന്ധി ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണം'; ലോകാരോഗ്യ സംഘടനയോട് വിദഗ്ധർ
Published on

കാലാവസ്ഥാ പ്രതിസന്ധി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് ലോകാരോഗ്യസംഘടനയോട് ആരോഗ്യവിദഗ്ധർ. കാലാവസ്ഥാ വ്യതിയാനത്തെ Public Heatlh Emergency of International Concern അഥവാ PHEIC വിഭാഗമായി കണക്കാക്കണമെന്നാണ് ആവശ്യം. നിരവധി രാജ്യങ്ങൾക്ക് പൊതുജനാരോഗ്യ ഭീഷണി ഉയർത്തുകയും, ഏകോപിതമായ അന്തർദേശീയ പ്രതിരോധ നടപടികൾ ആവശ്യമായി വരികയും ചെയ്യുന്ന രോഗവ്യാപന സാഹചര്യങ്ങളിൽ, ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്ന ഏറ്റവും ഉയർന്ന ആഗോള ജാഗ്രതാ മുന്നറിയിപ്പാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ. നേരത്തെ, കോവിഡ്, എംപോക്‌സ് തുടങ്ങിയ മഹാവ്യാധികൾ PHEIC ആയി സംഘടന പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം WHO വിളിച്ചുചേർത്ത യോഗത്തിൽ, കാലാവസ്ഥാപ്രതിസന്ധി ആഗോളതലത്തിൽ ഭീഷണിയാണെന്ന് പാൻ-യൂറോപ്യൻ കമ്മിഷൻ ഓൺ ക്ലൈമറ്റ് ആൻഡ് ഹെൽത്ത് എന്ന സ്വതന്ത്ര സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് നിലവിലെ ഈ പ്രതിസന്ധി കാരണമാകുമെന്നും PHEIC ആയി പരിഗണിച്ച് ഇതിനെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യണം എന്നുമായിരുന്നു സംഘടനയുടെ ആവശ്യം.

'കാലാവസ്ഥാ പ്രതിസന്ധി ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണം'; ലോകാരോഗ്യ സംഘടനയോട് വിദഗ്ധർ
ഇന്ധന പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചോ? പ്രധാനമന്ത്രി ആഹ്വാനം ചെയ്ത കൊവിഡ് സമാന നിയന്ത്രണത്തിന്റെ പൊരുളെന്ത്!

ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലുള്ള രോഗങ്ങൾ ആഗോളവ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യം, കൂടാതെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആഗോളതാപനം, ഭക്ഷ്യസുരക്ഷാ പ്രതിസന്ധി, വായുമലിനീകരണം എന്നിവ കണക്കിലെടുത്ത് PHEIC അടിയന്തരമായി പരിഗണിക്കണമെന്ന് കമ്മിഷൻ റിപ്പോർട്ട് വിലയിരുത്തി. തിങ്കളാഴ്ച ലോകാരോഗ്യസംഘടനയുടെ ഹെൽത്ത് അസംബ്ലി കൂടുന്നതിന് മുന്നോടിയായി ഈ റിപ്പോർട്ട് യൂറോപ്യൻ മന്ത്രിമാരുടെ മുന്നിലും അവതരിപ്പിക്കും.

ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് കൊണ്ട് മാത്രം കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന അശങ്കകൾ മാറ്റില്ലെങ്കിലും, ആരോഗ്യ പ്രതിസന്ധിയുടെ വ്യാപ്തിക്ക് അനുസരിച്ചുള്ള ഏകോപിതമായ അന്തർദേശീയ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങും എന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം രാജ്യങ്ങളുടെ, വെള്ളം, വായു, ഭക്ഷണം, സാമ്പത്തികം, പരിസ്ഥിതി എന്നിങ്ങനെ എല്ലാ മേഖലകളിലും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നായിരുന്നു 11 അംഗ കമ്മിഷന്റെ വിലയിരുത്തൽ.

കാലാവസ്ഥാ വ്യതിയാനം ഒരു പാൻഡമിക് അല്ലെങ്കിൽ കൂടിയും ആഗോള തലത്തിൽ അതൊരു ഭീഷണിയാണെന്ന് ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ഐസ്ലാൻഡ് മുൻ പ്രധാനമന്ത്രി കാട്രിൻ ജക്കോബ്‌സ്‌ഡോട്ടിർ വിവരിച്ചിരുന്നു. കാലാവസ്ഥാ പ്രതിസന്ധിയിൽ അടിയന്തരമായി തീരുമാനമെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പ്രത്യാഘാതങ്ങളാൽ നിരവധി ആളുകൾക്ക് ജീവഹാനി സംഭവിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

'കാലാവസ്ഥാ പ്രതിസന്ധി ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണം'; ലോകാരോഗ്യ സംഘടനയോട് വിദഗ്ധർ
ഇറാന്‍ യുദ്ധം പാവപ്പെട്ടവരെ തകര്‍ക്കുന്നതെങ്ങനെ? എന്താണ് കെ-ആകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥ

കാലാവസ്ഥാ വ്യതിയാനം ആഗോള ആരോഗ്യ ഭീഷണിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിൽ ഒരു പടി കൂടി മുന്നോട്ട് പോകാനാണ് തങ്ങൾ പറയുന്നതെന്നുമായിരുന്നു ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ പ്രഫസർ ആൻഡ്രൂ ഹെയ്ൻസിന്റെ പ്രതികരണം. അകാലമരണങ്ങൾക്ക് നേരിട്ട് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുള്ള, ജൈവഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് സർക്കാരുകൾ വിട്ടുനിൽക്കണമെന്നും കമ്മിഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. യൂറോപ്പിൽ മാത്രം ആറ് ലക്ഷം മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.

2023ൽ യൂറോപ്പിലെ 12 രാജ്യങ്ങളിൽ ഫോസിൽ ഇന്ധന സബ്‌സിഡികൾ ദേശീയ ആരോഗ്യ ചെലവിന്റെ 10 ശതമാനത്തേക്കാൾ കൂടുതലായിരുന്നുവെന്നും നാല് രാജ്യങ്ങളിൽ അത് മുഴുവൻ ആരോഗ്യ ബജറ്റിനെയും മറികടന്നുവെന്നും കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വ്യാജവാർത്തകളാൽ കാലാവസ്ഥാ വ്യതിയാനം ജനം ഗൗരവത്തിലെടുക്കുന്നില്ല എന്ന് കമ്മിഷൻ വിമർശിച്ചിട്ടുണ്ട്. ഇത് ഭാവിയിൽ സംഭവിക്കാനിടയുള്ള കാര്യമല്ല എന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ആകെയുള്ള വഴിയെന്നാണ് ജക്കോബ്‌സ്‌ഡോട്ടിർ അഭിപ്രായപ്പെടുന്നത്. ശുദ്ധമായ വായു, സജീവ യാത്രാരീതികൾ, കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് സംരക്ഷണമുള്ള വീടുകൾ, സുസ്ഥിരമായ ഭക്ഷണം എന്നിവയാണ് കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യാനുള്ള വഴികളെന്ന് ബോധവത്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ പൊതുജനാരോഗ്യ സംവിധാനങ്ങൾ സജ്ജമാകണമെന്നും കമ്മിഷൻ റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. യുകെയിൽ അസഹനീയമായ ചൂടിൽ വലഞ്ഞ് പോകുന്ന ആരോഗ്യ സംവിധാനങ്ങൾ ഉൾപ്പെടെ പരാമർശിച്ചാണ് ഈ മുന്നറിയിപ്പ്.

ഉക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ ഫോസിൽ ഇന്ധന ആശ്രിതത്വം യഥാർത്ഥത്തിൽ എന്താണ് അർഥമാക്കുന്നതെന്ന് കാണിച്ചുതന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഡയറക്ടർ ഡോ.ഹാൻസ്‌ക് ക്ലൂഗ് ചൂണ്ടിക്കാട്ടുന്നുണ്ട്. സമ്മർദ്ദത്തിലാകുകയോ തകർന്നുപോകുകയോ ചെയ്യുന്ന ആരോഗ്യസംവിധാനങ്ങൾ, തടസ്സപ്പെടുന്ന ഭക്ഷ്യ-ഇന്ധന വിതരണങ്ങൾ, സമ്മർദ്ദത്തിലായ സമൂഹങ്ങൾ എന്നിവ അതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറയുന്നു.

"സർക്കാരുകൾ ഇന്നെടുക്കുന്ന തീരുമാനങ്ങൾ ഭാവിതലമുറ ഏതൊക്കെ അസുഖങ്ങൾക്ക് വിധേയപ്പെടണം എന്ന് തീരുമാനിക്കും. കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിന് അടിയന്തമായി സർക്കാരുകൾ ഇടപെടണം. ലോകാരോഗ്യസംഘടനയുടെ യൂറോപ്യൻ മേഖലയിലെ 53 സംസ്ഥാനങ്ങളിലെങ്കിലും കാലാവസ്ഥാ വ്യതിയാനം ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ". ഡോ.ക്ലൂഗ് കൂട്ടിച്ചേർക്കുന്നു..

English Summary: Experts have urged the World Health Organization to declare the climate crisis a global public health emergency, warning that climate change is rapidly becoming one of the biggest threats to human health worldwide. Rising heatwaves, floods, food shortages and the spread of infectious diseases are already putting immense pressure on healthcare systems across countries. The experts said an emergency declaration could trigger stronger international coordination and faster action, potentially helping save millions of lives.

Madism Digital
madismdigital.com