

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ഇന്ധന-വള വിതരണ ശൃംഖലകള്‍ തടസ്സപ്പെടുകയും വിലക്കയറ്റവും ജീവിതച്ചെലവും കുതിച്ചുയരുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ 'ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ആരാണ്?' എന്ന നിരന്തരം ചോദിക്കാറുള്ള ഒരു പഴ ചോദ്യം വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.
വ്യക്തികളാണോ കുടുംബങ്ങളാണോ? അല്ലെങ്കില്‍ മുഴുവന്‍ സമ്പദ്‌വ്യവസ്ഥയോ?, ഉത്തരം വളരെ ലളിതമാണ്. ഇത്തരം പ്രതിസന്ധികള്‍ 'ഉള്ളവരും' 'ഇല്ലാത്തവരും' തമ്മിലുള്ള വലിയ വിടവ് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇത്തരം പ്രതിസന്ധികള്‍ പലപ്പോഴും ഒരു കെ-ആകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥ (K-shaped economy) സൃഷ്ടിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. സമ്പദ്‌വ്യവസ്ഥയിലെ സാമ്പത്തിക വിഭജനവും അസമത്വവും വര്‍ദ്ധിക്കുന്ന പ്രതിഭാസമാണിത്. ഇതില്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു ചെറിയ വിഭാഗം അമിതമായി ഉപഭോഗം ചെയ്യുമ്പോള്‍ വലിയൊരു വിഭാഗം അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോലും കഷ്ടപ്പെടുന്നു.
ഇറാന്‍ യുദ്ധവും കെ-ആകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥയും
ഇറാന്‍ യുദ്ധം ഇതിനകം തന്നെ സമ്പദ്‌വ്യവസ്ഥയില്‍ കെ-ആകൃതിയിലുള്ള മാതൃക വെളിപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇന്ധനവില വര്‍ദ്ധിച്ചപ്പോള്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ എങ്ങനെയാണ് പണം ചിലവഴിച്ചത് എന്നതിനെക്കുറിച്ച് ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ അടുത്തിടെ പഠനം നടത്തിയിരുന്നു. ഉയര്‍ന്ന വരുമാനമുള്ളവരും വരുമാനം കുറഞ്ഞവരും പണം ചിലവഴിക്കുന്നതില്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്ന് പഠനത്തിന്റെ കണ്ടെത്തലുകളില്‍ പറയുന്നു.
മാര്‍ച്ച് മാസത്തില്‍ ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങള്‍ ഇന്ധനത്തിനായി ചിലവാക്കുന്ന തുക വര്‍ദ്ധിപ്പിക്കുകയും അവരുടെ യഥാര്‍ത്ഥ ഉപഭോഗം മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ തങ്ങള്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവ് കുറച്ചു. എങ്കിലും വിലക്കയറ്റം കാരണം അവര്‍ ചിലവാക്കുന്ന തുകയില്‍ വലിയ വര്‍ദ്ധനവുണ്ടായി.
മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രതിവര്‍ഷം 40,000 ഡോളറില്‍ താഴെ വരുമാനമുള്ളവര്‍ (ദരിദ്ര വിഭാഗം) ഇന്ധനത്തിനായി 13.33% കൂടുതല്‍ പണം ചിലവാക്കി. എന്നാല്‍ ഇത്രയും അധികം തുക ചിലവാക്കിയിട്ടും ഇന്ധനവില വര്‍ധനവ് മൂലം അവര്‍ വാങ്ങിയ ഇന്ധനത്തിന്റെ അളവില്‍ 7% കുറവാണുണ്ടായത്.
40,000 ഡോളറിനും 125,000 ഡോളറിനും ഇടയില്‍ വരുമാനമുള്ളവര്‍ (മധ്യവര്‍ഗം) 17% കൂടുതല്‍ പണം ചിലവാക്കിയെങ്കിലും 5% കുറവ് ഇന്ധനം മാത്രമേ അവര്‍ക്ക് വാങ്ങാനായുള്ളൂ. ഉയര്‍ന്ന വരുമാനമുള്ളവര്‍ തങ്ങളുടെ ചിലവ് 20 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കുകയും അതുവഴി അവരുടെ യഥാര്‍ത്ഥ ഇന്ധന ഉപഭോഗത്തില്‍ കാര്യമായ കുറവ് വരാതെ നോക്കുകയും ചെയ്തു.
എന്തുകൊണ്ട് ഈ ഗവേഷണം പ്രസക്തമാകുന്നു?
ഒരു മാസത്തെ കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കി 2,00,000 ഉപഭോക്താക്കളിലാണ് പഠനം നടത്തിയത്. എന്നാല്‍ ഈ സാമ്പത്തികാവസ്ഥ ഒരു മാസത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. യുദ്ധം കഴിഞ്ഞാലും അതിന്റെ അനന്തരഫലങ്ങള്‍ മാസങ്ങളോ വര്‍ഷങ്ങളോ നിലനില്‍ക്കാം. നാല് വര്‍ഷം മുമ്പ് റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഊര്‍ജ്ജ വിപണികളെ തകിടം മറിച്ചപ്പോഴും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്നത്തെ വിലവര്‍ദ്ധനവ് ദീര്‍ഘകാലം നിലനില്‍ക്കുകയും കാലക്രമേണ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍, പാവപ്പെട്ടവര്‍ കൂടുതല്‍ പണം ചിലവാക്കിയാല്‍ പോലും പഴയ അളവില്‍ ഇന്ധനം വാങ്ങാന്‍ പ്രയാസപ്പെടും. എന്നാല്‍ സമ്പന്നര്‍ കൂടുതല്‍ പണം ചിലവാക്കിക്കൊണ്ട് തങ്ങളുടെ ഉപഭോഗം ഒരേ അളവില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും. വെറും പണച്ചിലവിന്റെ കണക്കുകള്‍ മാത്രം നോക്കിയാല്‍ ഇത്തരം പ്രതിസന്ധികളില്‍ ആഴത്തിലുണ്ടാകുന്ന സാമ്പത്തിക വിഭജനം തിരിച്ചറിയാന്‍ കഴിയില്ല.
ഏതൊരു രാജ്യത്തെയും സമ്പന്നരായ ഉപഭോക്താക്കള്‍ക്കും ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ക്കും തങ്ങളുടെ യഥാര്‍ത്ഥ ഉപഭോഗം കുറയ്ക്കാതിരിക്കാന്‍ കൂടുതല്‍ പണം ചിലവാക്കാന്‍ സാധിക്കും. എന്നാല്‍ പാവപ്പെട്ടവര്‍ക്കും ഇന്ത്യയോ ബംഗ്ലാദേശോ പോലുള്ള രാജ്യങ്ങള്‍ക്കും കൂടുതല്‍ പണം ചിലവാക്കിയാലും തങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വരും.
English Summary: Iran war is worsening global fuel and fertilizer supply disruptions, pushing up inflation and living costs worldwide. Economists warn that this is creating a K-shaped economy where wealthy people continue spending with little impact while poor and middle-class families struggle to afford essentials like fuel, food, and transport.