മാന്ത്രിക സംഖ്യയിലെത്താന്‍ ടിവികെയ്ക്ക് ഇനിയും കാത്തിരിക്കണം: തമിഴ്നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു

മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനെ രാത്രി വൈകി സന്ദര്‍ശിച്ച വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാളവളന്‍ ടിവികെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇതുവരെ ഒരു കത്തും നല്‍കിയിട്ടില്ലെന്ന് സൂചിപ്പിച്ചിരുന്നു
മാന്ത്രിക സംഖ്യയിലെത്താന്‍ ടിവികെയ്ക്ക് ഇനിയും കാത്തിരിക്കണം: തമിഴ്നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു
Published on

നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരം ഉറപ്പിച്ചു എന്ന് കരുതിയിരുന്ന ഘട്ടത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ നാടകീയ അട്ടിമറികള്‍ ഉണ്ടായത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇതോടെ വീണ്ടും മുറുകി. രണ്ട് നിയമസഭാ സീറ്റുകള്‍ വീതമുള്ള സിപിഐയും സിപിഐഎമ്മും ടിവികെയ്ക്ക് പിന്തുണ നല്‍കുന്നുവെന്ന് പ്രഖ്യാപനം ഉണ്ടായതോടെ വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) യും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും (ഐയുഎംഎല്‍) പിന്തുണക്കുമെന്ന പ്രതീക്ഷ ടിവികെ നേതാക്കളും അണികള്‍ക്കും ഉണ്ടായി.

ഇതോടെ വിജയ്‌യുടെ പനയൂരിലെ വീടിനു മുന്നില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങുകയും ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ നടക്കുമെന്ന് പരസ്യമായി പറയുകയും ചെയ്തു. എന്നാല്‍ വൈകുന്നേരത്തോടെ കണക്കുകള്‍ വീണ്ടും പിഴച്ചു. ടിവികെയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വിസികെ തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനെ രാത്രി വൈകി സന്ദര്‍ശിച്ച വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാളവളന്‍ ടിവികെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇതുവരെ ഒരു കത്തും നല്‍കിയിട്ടില്ലെന്ന് സൂചിപ്പിച്ചിരുന്നു.

ഇടതുപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് തോള്‍ തിരുമാളവളന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി വൈകിയിട്ടും പിന്തുണ അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് നല്‍കിയില്ല. ഇതോടെ വിജയ്‌യുടെ പാര്‍ട്ടി സാങ്കേതികമായി ഭൂരിപക്ഷത്തിന് പിന്നിലായി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ചയില്‍ 116 എംഎല്‍എമാരുടെ പിന്തുണ മാത്രമേ വിജയിക്ക് രേഖാമൂലം ഉണ്ടായിരുന്നുള്ളൂ എന്ന് ഗവര്‍ണറുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മാന്ത്രിക സംഖ്യയിലെത്താന്‍ ടിവികെയ്ക്ക് ഇനിയും കാത്തിരിക്കണം: തമിഴ്നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു
തമിഴക രാഷ്ട്രീയത്തിൽ 'മാജിക് നമ്പറി'നായി വിജയ്; ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലോ ഗവർണറുടെ മുൻപിലോ? കോടതി വിധിയും കമ്മിഷനുകളും പറയുന്നത്

വെള്ളിയാഴ്ച പകലും രാത്രിയുമായി തിരുമാളവളന്‍ ടിവികെ, എഐഎഡിഎംകെ (ഇപിഎസ് വിഭാഗം), ഡിഎംകെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തമിഴ് രാഷ്ട്രീയ സിനിമകളെ വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റുകളാണ് പിന്നീട് ഉണ്ടായത്. തിരുമാളവളനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി ഇപിഎസും സ്റ്റാലിനും പുതിയ നീക്കങ്ങള്‍ നടത്തുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വിസികെ വൃത്തങ്ങളില്‍ നിന്ന് പുറത്തുവന്നു.

മറ്റൊരു വശത്ത് ഒരു എംഎല്‍എ മാത്രമുള്ള എഎംഎംകെ നേതാവ് ടിടിവി ദിനകരന്‍ രാത്രി 9 മണിയോടെ ഗവര്‍ണറെ കണ്ട് പരാതി നല്‍കിയത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. വിജയ്‌യുടെ പാര്‍ട്ടി കുതിരക്കച്ചവടം നടത്തുകയാണെന്നും തന്റെ എംഎഎല്‍ കാമരാജിനെ കാണാനില്ലെന്നും തടങ്കലില്‍ വെച്ചിരിക്കുകയാണെന്നുമായിരുന്നു ദിനകരന്റെ ആരോപണം. ഇതിനെത്തുടര്‍ന്ന് കാണാതായ എംഎല്‍എയെ കണ്ടെത്താന്‍ ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതോടെ ശനിയാഴ്ച നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഗവര്‍ണര്‍ റദ്ദാക്കി.

തമിഴ്നാട്ടില്‍ വിജയിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സഹായിക്കുന്നതിനായി ഉപാധികളില്ലാതെ പിന്തുണയ്ക്കുന്ന കാര്യം സിപിഎമ്മും സിപിഐയും എക്‌സില്‍ പങ്കുവെച്ചിരുന്നു. ഗവര്‍ണര്‍ക്ക് അയച്ച കത്തുകളും ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പുറത്തിറക്കി. അതേസമയം, പുതിയ മന്ത്രിസഭയില്‍ ചേരില്ലെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയില്‍ നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് ഇരു ഇടതുപാര്‍ട്ടികളുടെയും നേതാക്കള്‍ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്.

English Summary: Tamil Nadu remains politically uncertain as Vijay’s TVK is still short of a majority despite support from CPI and CPI(M). VCK leader Thol Thirumavalavan has not officially backed TVK yet, while AMMK leader T T V Dhinakaran accused the party of horse-trading, leading Governor Rajendra Arlekar to cancel the expected swearing-in ceremony.

Madism Digital
madismdigital.com