തമിഴക രാഷ്ട്രീയത്തിൽ 'മാജിക് നമ്പറി'നായി വിജയ്; ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലോ ഗവർണറുടെ മുൻപിലോ? കോടതി വിധിയും കമ്മിഷനുകളും പറയുന്നത്

ചില ജുഡീഷ്യല്‍ കമ്മിഷനുകള്‍ ശിപാര്‍ശ ചെയ്തതും കോടതി വിധികള്‍ വഴി വ്യാഖ്യാനിക്കപ്പെട്ടതുമായ മാര്‍ഗനിര്‍ദേശങ്ങളാണ് തൂക്കുസഭ വരുമ്പോള്‍ പലപ്പോഴും ആശ്രയിക്കാറുള്ളത്
തമിഴക രാഷ്ട്രീയത്തിൽ 'മാജിക് നമ്പറി'നായി വിജയ്; ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലോ ഗവർണറുടെ മുൻപിലോ? കോടതി വിധിയും കമ്മിഷനുകളും പറയുന്നത്
Published on

തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴക വെട്രി കഴക (ടിവികെ)ത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത് നേരിയ ആശ്വാസം നല്‍കിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 118 എന്ന മാജിക് നമ്പറിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. 234 സീറ്റുകളുള്ള സഭയിൽ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ 'തൂക്കുസഭ' എന്ന അവസ്ഥയാണിപ്പോള്‍. ഇത്തരമൊരു സാഹചര്യത്തില്‍ സർക്കാർ രൂപീകരണത്തിൽ. ചെറിയ പാര്‍ട്ടികളോ സ്വതന്ത്രരോ നിര്‍ണ്ണായക ശക്തികളായി മാറും. തൂക്കുസഭയാണെങ്കില്‍ അവിടെ ഗവര്‍ണറുടെ റോള്‍ പ്രധാനമാണ്. ആ സവിശേഷ സാഹചര്യത്തെയാണ് തഴിഴ്നാട് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.

കോടതിയിലേക്കു നീളുന്ന പോരാട്ടം

സാധാരണഗതിയിൽ സർക്കാർ രൂപീകരണത്തിന് ഏറ്റവും വലിയ ഒറ്റകക്ഷിയെയോ വലിയ സഖ്യത്തെയോ ഗവര്‍ണര്‍ ക്ഷണിക്കുകയാണ് പതിവ്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അവര്‍ക്ക് അവസരം നല്‍കും.

തമിഴ്നാട്ടിൽ 108 സീറ്റുള്ള, ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ക്ഷണിച്ചിരുന്നു. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ടിവികെയ്ക്ക് ഉണ്ടെങ്കിലും ഇനിയും അഞ്ച് പേരുടെ പിന്തുണകൂടി ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ 118 എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തുമായി വരാൻ ഗവര്‍ണര്‍ വിജയ്‌യോട് ആവശ്യപ്പെട്ടു. 112 എംൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്താണ് വിജയ് ഗവർണർക്കു നൽകിയത്. ഇനിയും ആറു പേരുടെ കൂടി പിന്തുണ വേണം.

രണ്ടു തവണ കൂടിക്കാഴ്ച നടത്തിയപ്പോഴും ഒരേ സമീപനമാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടിവികെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ഭൂരിപക്ഷം സഭയിൽ തെളിയിക്കാൻ രണ്ടാഴ്ച അനുവദിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ഇതിനു വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന ഗവർണർക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നുകഴിഞ്ഞു. ലോക് ഭവനിലെ പുൽത്തകിടികളിലല്ല, സഭയിലാണ് സർക്കാരുകളെ തീരുമാനിക്കുന്നതെന്ന് കോൺഗ്രസ് വിമർശനമുയർത്തി.

ഭരണഘടന അനുശാസിക്കുന്നത്

ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 164(1) പ്രകാരമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അവര്‍ക്ക് അവസരം നല്‍കും. സഭയ്ക്കുള്ളില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാം. ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടി വരും. ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അനുച്ഛേദം 356 പ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.

തമിഴക രാഷ്ട്രീയത്തിൽ 'മാജിക് നമ്പറി'നായി വിജയ്; ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലോ ഗവർണറുടെ മുൻപിലോ? കോടതി വിധിയും കമ്മിഷനുകളും പറയുന്നത്
വേണം 10 പേരുടെ പിന്തുണ, പറഞ്ഞ ആദർശം വിട്ട് ബിജെപി കൂട്ട് തേടുമോ? തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്ക്കു മുന്നിലെ വഴികൾ

,തൂക്കുസഭ വരുമ്പോൾ നടപടിക്രമം എന്ത്?

ചില ജുഡീഷ്യല്‍ കമ്മിഷനുകള്‍ ശിപാര്‍ശ ചെയ്തതും കോടതി വിധികള്‍ വഴി വ്യാഖ്യാനിക്കപ്പെട്ടതുമായ മാര്‍ഗനിര്‍ദേശങ്ങളാണ് തൂക്കുസഭ വരുമ്പോള്‍ പലപ്പോഴും ആശ്രയിക്കാറുള്ളത്. 1983-ലെ സര്‍ക്കാരിയ കമ്മിഷനും 2010-ലെ പുഞ്ചി കമ്മിഷനും ഈ വിഷയത്തില്‍ സുപ്രധാനമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരെയാണ് ക്ഷണിക്കേണ്ടതെന്ന കാര്യത്തില്‍ ഇരു കമ്മിഷനുകളിലും അവ്യക്തതകള്‍ നിലനിന്നിരുന്നു.

ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യത്തെയോ, ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ, അതോ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെയോ എന്നതായിരുന്നു ആ ആശയക്കുഴപ്പം. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങളും നിലവിലുണ്ട്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പരിശോധിക്കുന്നതിനായി രൂപീകരിച്ച സര്‍ക്കാരിയ കമ്മിഷന്‍ ഇത്തരം സാഹചര്യങ്ങളില്‍ ഗവര്‍ണര്‍മാര്‍ പാലിക്കേണ്ട മുന്‍ഗണനാക്രമത്തെക്കുറിച്ചും ആദ്യകാല ചട്ടക്കൂടുകളില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിയെ ക്ഷണിക്കുമ്പോള്‍ ചില മുന്‍ഗണന ക്രമങ്ങള്‍ കമ്മിഷന്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് ഭൂരിപക്ഷമുള്ള സഖ്യം, മറ്റുള്ളവരുടെ പിന്തുണയുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷി, തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യം, പുറത്തുനിന്നുള്ള പിന്തുണയെ ആശ്രയിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം എന്നിങ്ങനെയുള്ള മുന്‍ഗണനയാണ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശിച്ചത്.

തമിഴക രാഷ്ട്രീയത്തിൽ 'മാജിക് നമ്പറി'നായി വിജയ്; ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലോ ഗവർണറുടെ മുൻപിലോ? കോടതി വിധിയും കമ്മിഷനുകളും പറയുന്നത്
വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു; 'അപമാനിക്കാനാണെങ്കിൽ പങ്കെടുക്കില്ല', ലോകകപ്പിൽ വീണ്ടും ഇടഞ്ഞ് ഇറാൻ

പതിറ്റാണ്ടുകള്‍ക്കു ശേഷം പുഞ്ചി കമ്മിഷന്‍ ഈ വിഷയം വീണ്ടും പരിശോധിച്ചു. സര്‍ക്കാരിയ കമ്മിഷന്റെ ചട്ടക്കൂടിനെ പൊതുവില്‍ അംഗീകരിക്കുകയും ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ഏജന്റുമാരായല്ല, മറിച്ച് ഭരണഘടനാപരമായ നിഷ്പക്ഷതയോടെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഭൂരിപക്ഷം നിര്‍ണയിക്കാന്‍ എത്രയും വേഗം സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും കമ്മിഷന്‍ പറഞ്ഞു. കൂടാതെ, തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങള്‍ക്ക് ജനവിധി അനുകൂലമായാല്‍ അവയ്ക്ക് തിരഞ്ഞെടുപ്പിനുശേഷമുള്ള ക്രമീകരണങ്ങളേക്കാള്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശിച്ചു.

സുപ്രീം കോടതി വിധി പറയുന്നത്

ഈ ശിപാര്‍ശകള്‍ ഉണ്ടായിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിക്കാണോ അതോ അംഗസംഖ്യ കൂടുതലുള്ള തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണോ ആദ്യം അവസരം ലഭിക്കേണ്ടതെന്ന കാര്യത്തില്‍ അവ്യക്തത തുടര്‍ന്നു. സമയാസമയങ്ങളില്‍ സുപ്രധാന വിധിന്യായങ്ങളിലൂടെ സുപ്രീം കോടതി ഈ പ്രക്രിയയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

എസ്.ആര്‍ ബൊമ്മൈ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ഒരു സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് ഗവര്‍ണറുടെ വ്യക്തിപരമായ തീരുമാനത്തിലൂടെയല്ല, മറിച്ച് നിയമസഭയ്ക്കുള്ളിലെ വിശ്വാസ വോട്ടെടുപ്പിലൂടെയാണെന്ന് കോടതി വ്യക്തമാക്കി. തന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ടതിനെയും അനുച്ഛേദം 356 ദുരുപയോഗം ചെയ്തതിനെയും ചോദ്യം ചെയ്ത് മുന്‍ കര്‍ണാടക മുഖ്യമന്ത്രി 1994-ല്‍ ഫയല്‍ ചെയ്ത കേസാണ് എസ്.ആര്‍ ബൊമ്മൈ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ.

2006-ല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്‍പ് നിയമസഭ പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് ബിഹാറിലെ രാഷ്ട്രീയ നേതാവ് രാമേശ്വര്‍ പ്രസാദ് കേസ് നല്‍കിയിരുന്നു. ഈ കേസില്‍, അകാലത്തില്‍ സഭ പിരിച്ചുവിടുന്നതിനെതിരെ കോടതി മുന്നറിയിപ്പ് നല്‍കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ന്യായമായ അവസരം നല്‍കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഈ മാര്‍ഗനിര്‍ദേശങ്ങളും കീഴ്‌വഴക്കങ്ങളുമാകും തമിഴ്നാട് മുഖ്യമന്ത്രി കസേരയിലേക്കുള്ള വിജയ്‌യുടെടെ പാത ഇനി തീരുമാനിക്കുക.

തമിഴക രാഷ്ട്രീയത്തിൽ 'മാജിക് നമ്പറി'നായി വിജയ്; ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലോ ഗവർണറുടെ മുൻപിലോ? കോടതി വിധിയും കമ്മിഷനുകളും പറയുന്നത്
ആരാകും മുഖ്യമന്ത്രി? തലപൊക്കി ഗ്രൂപ്പുകള്‍; തിരുവനന്തപുരത്ത് തിരക്കിട്ട ചര്‍ച്ചകള്‍

അതേസമയം, ഭൂരിപക്ഷം സീറ്റുകളുള്ള പാര്‍ട്ടിയെ അവഗണിക്കുകയും തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്ത ചരിത്രം ഗവര്‍ണര്‍മാര്‍ക്കുണ്ട്. 2018 ഏപ്രിലില്‍ ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ ഇത് സംഭവിച്ചു. ഈ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. പകരം ബിജെപി നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യങ്ങള്‍ അധികാരം പിടിച്ചെടുത്തു.

വിജയ്‌യുടെ മുന്നിലുള്ള വെല്ലുവിളികള്‍

പേരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് വിജയിച്ചത്. ഒരു സീറ്റ് രാജിവയ്‌ക്കേണ്ടി വരുന്നതോടെ പാര്‍ട്ടിയുടെ അംഗബലം 107 ആയി കുറയും. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയെന്ന നിലയില്‍ നിയമസഭാ സ്പീക്കറും ടിവികെയില്‍ നിന്നാവാനാണ് സാധ്യത. അതോടെ സഭയിലെ ടിവികെ എംഎല്‍എമാരുടെ എണ്ണം 106 ആയി മാറും. വോട്ടെടുപ്പില്‍ തുല്യത വരുന്ന സാഹചര്യത്തില്‍ മാത്രമേ സ്പീക്കര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അനുവാദമുള്ളൂ. ഇങ്ങനെവന്നാല്‍ വിശ്വാസ വോട്ടെടുപ്പ് സമയത്ത് സഭയില്‍ ഹാജരാകാന്‍ സാധ്യതയുള്ള എംഎല്‍എമാരുടെ ആകെ എണ്ണം 232 ആയി കുറയും. അപ്പോള്‍ ഭൂരിപക്ഷത്തിന് 117 വോട്ടുകള്‍ വേണം. ടിവികെയ്ക്ക് 11 എംഎല്‍എമാരുടെ പിന്തുണ കൂടി അധികമായി വേണ്ടിവരും.

47 എംഎല്‍എമാരുള്ള ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായി (എഐഎഡിഎംകെ) ടിവികെ കൈകോര്‍ത്താല്‍ ഈ സംഖ്യ എളുപ്പത്തില്‍ മറികടക്കാം. എന്നാല്‍ എഐഎഡിഎംകെയിലെ 11 എംഎല്‍എമാരുടെ വ്യക്തിപരമായ പിന്തുണ മാത്രം വിജയ്ക്ക് ലഭിച്ചാല്‍ പോരാ. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടാതിരിക്കാന്‍ ആ പാര്‍ട്ടിയുടെ മൊത്തത്തിലുള്ള പിന്തുണ തന്നെ വേണം. കൂറുമാറ്റ നിരോധന നിയമം മറികടക്കണമെങ്കില്‍ ആ പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗം (32 എംഎല്‍എമാര്‍) ടിവികെയില്‍ ലയിക്കണം. ഇത് പ്രായോഗികമായി പ്രയാസകരമാണ്.

മറ്റൊരു വഴി കോണ്‍ഗ്രസ് (5), പിഎംകെ (4), സിപിഐ (2), സിപിഎം (2), വിസികെ (2), ഐയുഎംഎല്‍ (2), ഡിഎംഡികെ (1) തുടങ്ങിയ പാര്‍ട്ടികളെ കൂടെക്കൂട്ടാം. ഇതില്‍ കോണ്‍ഗ്രസ് നിലവില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു സാധ്യത വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കലാണ്. സഭയില്‍ ഹാജരാകുന്ന എംഎല്‍എമാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. അതിനാല്‍, ടിവികെ ഇതര എംഎല്‍എമാരില്‍ ചിലര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ട അംഗസംഖ്യ കുറയും. അതിനാല്‍ വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ ഉറപ്പാക്കാന്‍ ശരിയായ പാര്‍ട്ടികളെയും വ്യക്തികളെയും ആകര്‍ഷിക്കാന്‍ വിജയ്യുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും കഴിവിനെ ആശ്രയിച്ചിരിക്കും തമിഴ്നാടിന്റെ ഭാവി.

English Summary: With 234 seats in total, the Tamil Nadu Assembly is currently a hang assembly, as no single party secured the magic number of 118 required for a clear majority. Vijay's party, TVK has emerged as the single largest party. While the Congress has pledged support, TVK still falls short of the required strength.

Madism Digital
madismdigital.com