

കെ. കാമരാജ്, എം. കരുണാനിധി, എം.ജി രാമചന്ദ്രന്‍, ജെ. ജയലളിത തുടങ്ങിയ അതികായന്മാര്‍ രൂപപ്പെടുത്തിയ തമിഴ്നാടിന്റെ 'ഇരു പാര്‍ട്ടി' രാഷ്ട്രീയ മണ്ഡലത്തില്‍ കേവലം രണ്ട് വയസ്സ് പ്രായമുള്ള ഒരു പാര്‍ട്ടിയും അതിനെ നയിക്കുന്ന ഒരു സിനിമാ താരവും സൃഷ്ടിച്ചിരിക്കുന്ന വൻ പ്രകമ്പനം തമിഴ്നാട്ടിൽ മാത്രമല്ല അലയൊലി സൃഷ്ടിച്ചിരിക്കുന്നത്. അത് ദക്ഷിണേന്ത്യയിലും അതും കടന്ന് രാജ്യത്താകമാനവും വലിയ ചർച്ചയ്ക്കു കാരണമായിരിക്കുകയാണ്. ഈ വിജയം വിജയ് എന്ന ജനപ്രപിയ സിനിമാ താരത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടുണ്ടായ താല്‍ക്കാലിക തരംഗമാണോ അതോ രാഷ്ട്രീയമായ ഘടനാമാറ്റമാണോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകൾക്കാണു തുടക്കമിട്ടിരിക്കുന്നത്.
തമിഴ്‌നാട് രാഷ്ടീയത്തില്‍ ഡിഎംകെ, എഐഎഡിഎംകെ കക്ഷികളുടെ ആധിപത്യത്തിന് ഇന്റര്‍വെല്‍ കൊടുത്ത്, രാഷ്ട്രീയ കണക്കുകൂട്ടലുകളെ ആകെ തെറ്റിച്ചുകൊണ്ടാണ് തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന മാന്ത്രിക സംഖ്യയില്‍ എത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെങ്കിലും ഭരണം പിടിക്കാമെന്ന ആത്മവിശ്വാസം ടിവികെക്കുണ്ട്. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍, തമിഴ്നാട്ടില്‍ ഭരണത്തിലേറാന്‍ ടിവികെയ്ക്ക് മുന്നിലുള്ള പ്രധാന സാധ്യതകള്‍ ഇവയാണ്:
ചെറുകക്ഷികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുക
10 എംഎൽഎമാരെ ഒപ്പം നിർത്താൻ കഴിഞ്ഞാൽ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം തികയക്കാം. ഇതിനായി, നിര്‍ണായകമായ സീറ്റുകള്‍ കയ്യിലുള്ള ചെറുകക്ഷികളെ വശത്താക്കുകയെന്നാണ് ഒന്നാമത്തെ വഴി. നിലവിലെ പ്രധാന ബ്ലോക്കുകള്‍ക്ക് പുറത്തുള്ള പാര്‍ട്ടികളുടേയോ സഖ്യം മാറാന്‍ തയ്യാറുള്ളവരുടേയോ പിന്തുണ തേടേണ്ടി വരും. കോണ്‍ഗ്രസ്, ഐയുഎംഎല്‍, ഇടത് പാര്‍ട്ടികള്‍, വിസികെ തുടങ്ങിയ പാര്‍ട്ടികള്‍ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസിന് അഞ്ചും വിസികെ, സിപിഐ (എം), സിപിഐ, ഐയുഎംഎല്‍ പാർട്ടികൾക്കു രണ്ടു വീതവും സീറ്റാണുള്ളത്.
ടിവികെ കോണ്‍ഗ്രസ് പിന്തുണ തേടുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും ഔദ്യോഗികമായി സംഭാഷണങ്ങളൊന്നും നടന്നിട്ടില്ല. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് ഇതില്‍ എന്ത് തീരുമാനമെടുക്കും എന്നത് അനിശ്ചിതത്വത്തിലാണ്. ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും സഖ്യകരാറുകളും കോണ്‍ഗ്രസിന്റെ തീരുമാനത്തെ സ്വാധീനിച്ചേക്കാം. അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിട്ടുണ്ട്.
പുറത്തുനിന്നുള്ള പിന്തുണ
ആശയപരമായ വ്യത്യാസങ്ങള്‍ കാരണം ഔദ്യോഗിക സഖ്യം രൂപീകരിക്കുന്നത് സങ്കീര്‍ണമാണെങ്കില്‍ ചെറുകക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണ തേടാനായിരുന്നു ടിവികെ ശ്രമം. ഈ സാഹചര്യത്തില്‍, ചെറുകക്ഷികള്‍ മന്ത്രിസഭയുടെ ഭാഗമാകാതെ തന്നെ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ്, ബജറ്റ്, അവിശ്വാസ പ്രമേയം തുടങ്ങിയ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ടിവികെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യും. ഇത് നയപരമായ കാര്യങ്ങളില്‍ വിജയ്ക്ക് സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവസരമൊരുക്കും.
പ്രതിപക്ഷ സഖ്യങ്ങളില്‍നിന്നുള്ള കൂറുമാറ്റം
ഡിഎംകെ, എഐഎഡിഎംകെ സഖ്യങ്ങളെ പിളര്‍ത്തുക എന്നതാണ് ടിവികെയ്ക്ക് മുന്നിലുള്ള മറ്റൊരു സാധ്യത. വിജയ് തരംഗം ഇതുപോലെ തുടരുകയാണെങ്കില്‍, തങ്ങളുടെ നേതൃത്വത്തില്‍ അതൃപ്തിയുള്ള എംഎല്‍എമാരോ പാര്‍ട്ടികളിലെ വിഭാഗങ്ങളോ ഭാവിയെക്കരുതി ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.
ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാം
ഭൂരിപക്ഷം തെളിയിക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സാങ്കേതികമായി ടിവികെയ്ക്ക് ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാം. എന്നാല്‍, ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഓരോ ബില്ലും പാസാക്കാനും ഭരണം നിലനിര്‍ത്താനും പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വരും. ചരിത്രപരമായി ഇത്തരം സര്‍ക്കാരുകള്‍ അസ്ഥിരതയ്ക്കും ഇടക്കാല തിരഞ്ഞെടുപ്പിനും കാരണമാകാറുണ്ട്.
എഐഎഡിഎംകെ നിലപാട് എന്താവും?
മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം 2016-ന് മുന്‍പുണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കാന്‍ കഷ്ടപ്പെടുന്ന എഐഎഡിഎംകെ ഇപ്പോഴും തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ശക്തിയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഐഎഡിഎംകെ ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള സാധ്യത ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും കാണുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച യാതൊരു സൂചനകളും ഇരുകക്ഷികളിൽനിന്നും പുറത്തുവന്നിട്ടില്ല. വരുന്നതാവട്ടെ ടിവികെയും എഐഎഡിഎംകെയും ഒന്നിക്കുന്നതിന് വിരുദ്ധമായ പ്രസ്താവനകളും. ടിവികെയില്‍നിന്ന് സഖ്യത്തിനുള്ള എന്തെങ്കിലും വാഗ്ദാനം വന്നാല്‍ അത് പാര്‍ട്ടി നിരസിക്കുമെന്നാണ് തിങ്കളാഴ്ച വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെ മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് സി. പൊന്നയ്യന്‍ പറഞ്ഞത്.
സഖ്യത്തിനു മുന്നിലുള്ള മറ്റൊരു പ്രധാന തടസ്സം ബിജെപിയോടുള്ള ടിവികെയുടെ നിലപാടാണ്. എഐഎഡിഎംകെ-ബിജെപി സഖ്യത്തിനൊപ്പം ചേരില്ലെന്ന് ടിവികെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ തങ്ങളുടെ 'പ്രത്യയശാസ്ത്ര ശത്രു' എന്നാണ് ടിവികെ വിശേഷിപ്പിക്കുന്നത്. വിഭജന രാഷ്ട്രീയത്തോടും അഴിമതിയോടുമുള്ള എതിര്‍പ്പ് ചൂണ്ടിക്കാട്ടി ടിവികെയ്ക്ക് എഐഎഡിഎംകെയിലോ ബിജെപിയിലോ താല്‍പ്പര്യമില്ലെന്ന് പാര്‍ട്ടിയുടെ തന്ത്രജ്ഞനായ ജോണ്‍ ആരോഗ്യസാമി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയം=സിനിമ
തമിഴ്‌നാട് രാഷ്ട്രീയം ചരിത്രപരമായി സിനിമയും കൂടി ചേര്‍ന്ന സവിശേഷ സമവാക്യമാണ്. കരുണാനിധിയും എംജിആറും, ജയലളിതയും ഈ സമവാക്യത്തിലൂടെ അധികാരത്തിലേറിയവരാണ്. എന്നാല്‍ ഇവരുടെ വിജയം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായതല്ല. അത് സംഘടന, രാഷ്ട്രീയ പരിശീലനം, കേഡര്‍ ശക്തി, നയങ്ങള്‍ എന്നിവയിലൂടെയൊക്കെ ഉണ്ടാക്കി എടുത്തതാണ്. ഈ ചരിത്രത്തിലെക്കാണ് ശൈശവകാലത്തിലുള്ള ഒരു പാര്‍ട്ടിയുടെ കടന്നുവരവ്. ആരാധന സംഘടന പാര്‍ട്ടിയാക്കി മാറ്റി, അധികാര രാഷ്ട്രീയത്തില്‍ അങ്കത്തിനെത്തിയ വിജയിയെ ഇതേ കാരണം പറഞ്ഞാണ് എതിരാളികള്‍ തള്ളികളഞ്ഞത്. വ്യക്തിഹത്യ നടത്തിയും അണികളെ നിരക്ഷരരെന്ന് പരിഹസിച്ച് തള്ളിയും വിജയിയുടെ കുടുംബവിഷയം ചര്‍ച്ചയാക്കിയും വലിയൊരു പിആര്‍ വര്‍ക്കാണ് ഡിഎംകെ നടത്തിയത്. ഇവിടെ തെറ്റുപറ്റി. പെട്ടെന്ന് മുളച്ച സംഘടനാ സംവിധാനം അല്ലായിരുന്നു വിജയിയുടേത്.
വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് സംഘടന രണ്ടു പതിറ്റാണ്ടോളം തമിഴ്‌നാട്ടില്‍ നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ മൂലധനമാക്കി മാറ്റിയാണ് വിജയ് കന്നി മത്സരത്തിനിറങ്ങിയത്. രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി കടക്കുന്നതിന് മുമ്പ് തന്നെ ശക്തമായ സംഘടനാപരമായ അടിത്തറ അദ്ദേഹം സൃഷ്ടിച്ചിരുന്നു. കൂടാതെ, സിനിമയില്‍നിന്ന് മാറിനില്‍പ്പ് പ്രഖ്യാപിച്ച്, താന്‍ മുഴുവന്‍ സമയം രാഷ്ട്രീയത്തിലേക്കാണെന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് നല്‍കി.
കമൽഹാസനും രജനികാന്തും പരാജയപ്പെട്ടിടത്ത് വിജയ് വിജയിച്ചു. എങ്ങനെ? ഇവിടെയാണ് നേരത്തെ പറഞ്ഞ തന്ത്രപരമായ നീക്കത്തിന്റെ പ്രസക്തി. 2010ന് ശേഷമുള്ള വിജയ്യുടെ സിനിമകളെയും അദ്ദേഹം തന്ത്രപരമായി ഉപയോഗിച്ചു. റൊമാന്റിക്, ആക്ഷന്‍ നായക പരിവേശങ്ങളില്‍ നിന്നും സാമൂഹ്യനീതി വിഷയമാക്കിക്കൊണ്ട് പുറത്തുവന്ന സിനിമകളില്‍ അദ്ദേഹം മെക്കാനിക് ആയും മത്സ്യത്തൊഴിലാളി ആയും, ചേരിയില്‍ താമസിക്കുന്ന കഥാപാത്രമായും കര്‍ഷകനായുമൊക്കെ പ്രത്യക്ഷപ്പെട്ടു. ഇതിനൊക്കെ മുകളില്‍ എല്ലാ സിനിമകളിലും ദരിദ്രരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും വൃദ്ധരുടെയുമെല്ലാം രക്ഷകനായും സംരക്ഷകനായും പ്രത്യക്ഷപ്പെട്ടു. 2009 ലാണ് വിവിധ ആരാധകസംഘടനകളെ ഏകോപിപ്പിച്ച് വിജയ് മക്കള്‍ ഇയക്കം രൂപീകരിക്കുന്നതും. അച്ഛന്‍ എസ്.എ. ചന്ദ്രശേഖറായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചത്. പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, യുവതികള്‍ക്ക് വിവാഹസഹായം, മികച്ചവിജയം നേടുന്നവര്‍ക്ക് ഉപഹാരം, സൗജന്യമായി നിയമസഹായം നല്‍കുന്ന സ്ഥാപനങ്ങള്‍, കുട്ടികള്‍ക്ക് റൊട്ടിയും മുട്ടയും പാലും. വര്‍ഷങ്ങളായി എല്ലാ മെയ് ദിനത്തിലും വിജയ് ഓട്ടോ ഡ്രൈവര്‍മാരുടെ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. എം.ജി.ആര്‍ റിക്ഷാക്കാരെ സംഘടിപ്പിച്ചതിന് സമാനമാണ് ഇത്.
മാത്രമല്ല, 2018 മെയ് മാസം തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീട്ടില്‍ ആദ്യം എത്തിയ താരം വിജയ് ആണ്. നീറ്റ് പരീക്ഷയിലെ പരാജയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ വീട്ടിലും വിജയ് എത്തി. നീറ്റിനെതിരെ നിലപാടെടുത്ത് മുന്നോട്ടുവന്നു. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് വേണ്ടി നിരന്തരം സംസാരിച്ചു. സാമൂഹിക ഐക്യം തകര്‍ക്കുന്ന പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കാന്‍ പാടില്ലെന്നു പരസ്യമായി പറഞ്ഞു. ഈ ഇടപെടലുകള്‍ എല്ലാം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ഗുണകരമായിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
English Summary: The political landscape of Tamil Nadu, long dominated by the DMK and AIADMK, has been shaken by the two-year-old party Tamizhaga Vettri Kazhagam, led by superstar Vijay. Winning 108 seats, TVK has emerged as the single-largest party, though it remains 10 seats short of the majority mark