ആഗോളതലത്തില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ മലിനീകരണം നേരിയ തോതില്‍ കുറയുമെന്ന് പ്രവചിക്കപ്പെടുമ്പോഴും, ഇന്ത്യയിലെ ഉദ്വമന നിരക്കില്‍ വര്‍ധന. ഇന്ത്യയുടെ കാര്‍ബണ്‍ മലിനീകരണം 4.4% എന്ന ഉയര്‍ന്ന നിരക്കില്‍ വര്‍ധിക്കുമെന്ന് 'ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്റ്റ്' പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുര്‍ക്കിയിലെ അന്റാലിയയില്‍ നടക്കുന്ന 31-ാമത് ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ (COP31) സമര്‍പ്പിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
ആഗോള മലിനീകരണം കുറയാന്‍ കാരണം ഇറാന് സംഘര്‍ഷം
പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നുള്ള എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിനെ ബാധിച്ച ഇറാന് സംഘര്‍ഷമാണ് ആഗോളതലത്തില്‍ ഇന്ധന ഉദ്വമനം കുറയാന്‍ പ്രധാന കാരണമായത്. ഇന്ധന ക്ഷാമവും ഉയര്‍ന്ന വിലയും കാരണം ലോകരാജ്യങ്ങള്‍ സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളിലേക്ക് അതിവേഗം തിരിഞ്ഞത് കാര്‍ബണ്‍ അളവ് കുറയ്ക്കാന്‍ സഹായിച്ചു. ഇതേതുടര്‍ന്ന് എണ്ണയില്‍ നിന്നുള്ള ആഗോള മലിനീകരണത്തില്‍ 1.9% കുറവുണ്ടായിട്ടുണ്ട്.
കാര്‍ബണ്‍ ബജറ്റും ഭീഷണിയും
എക്സെറ്റര്‍, ഈസ്റ്റ് ആംഗ്ലിയ തുടങ്ങിയ പ്രമുഖ സര്‍വ്വകലാശാലകളിലെയും തൊണ്ണൂറിലധികം അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഈ പഠനം തയ്യാറാക്കിയത്. ഈ വര്‍ഷം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് 38.2 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. വനനശീകരണം ഉള്‍പ്പെടെയുള്ള ഭൂവിനിയോഗ മാറ്റങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം 43.3 ശതകോടി ടണ്ണായി ഉയരും.
ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ പരിമിതപ്പെടുത്താന്‍ ഇനി അന്തരീക്ഷത്തിലേക്ക് പുറന്തള്ളാന്‍ സാധിക്കുന്ന പരമാവധി കാര്‍ബണിന്റെ അളവ് 150 ശതകോടി ടണ്‍ മാത്രമാണ്. നിലവിലെ നിരക്ക് തുടര്‍ന്നാല്‍ വെറും നാല് വര്‍ഷം കൊണ്ട് ഈ പരിധി അവസാനിക്കും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ സാന്ദ്രത 427.7 ppm (parts per million) ആയി ഉയര്‍ന്നിട്ടുണ്ട്. ഇത് വ്യവസായവല്‍ക്കരണത്തിന് മുമ്പുള്ള കാലത്തേക്കാള്‍ 54% കൂടുതലാണ്.
വ്യത്യസ്ത രാജ്യങ്ങളിലെ സ്ഥിതി
ആഗോളതലത്തില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളലിന്റെ 32% ചൈനയില്‍ നിന്നാണെങ്കിലും, ഇത്തവണ ഉദ്വമനം 0.9% കുറയും. പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വന്‍തോതിലുള്ള ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനവും വനവല്‍ക്കരണവുമാണ് ചൈനയ്ക്ക് തുണയായത്. അമേരിക്കയില്‍ കല്‍ക്കരി ഉപയോഗം കുറഞ്ഞതോടെ മലിനീകരണം 1.3% കുറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ 1.5 ശതമാനവും ജപ്പാനില്‍ ഒരു ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ അവസ്ഥയും പ്രതിസന്ധിയും
മറ്റു പ്രമുഖ രാജ്യങ്ങളിലെല്ലാം കാര്‍ബണ്‍ മലിനീകരണം കുറയുമ്പോഴാണ് ഇന്ത്യയില്‍ 4.4 ശതമാനത്തിന്റെ വര്‍ധന പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കായ 3.5%-നേക്കാള്‍ വളരെ കൂടുതലാണിത്. ഊര്‍ജ്ജ ആവശ്യകത വര്‍ധിക്കുന്നതും വികസന പ്രവര്‍ത്തനങ്ങളും കല്‍ക്കരി ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇന്ധനങ്ങളെ വന്‍തോതില്‍ ആശ്രയിക്കുന്നതുമാണ് ഇന്ത്യയിലെ വര്‍ധനവിന് കാരണം.
എല്‍ നിനോയും വനനശീകരണവും
മണ്ണ്, സമുദ്രങ്ങള്‍ എന്നിവ വഴിയുള്ള പ്രകൃതിദത്ത കാര്‍ബണ്‍ ആഗിരണം പഴയപടിയായെങ്കിലും എല്‍ നിനോ പ്രതിഭാസം വരുംവര്‍ഷങ്ങളില്‍ തിരിച്ചടിയാകും. തെക്കുകിഴക്കന്‍ ഏഷ്യയിലെ കാട്ടുതീയും വരള്‍ച്ചയും മൂലം ഭൂവിനിയോഗ മാറ്റങ്ങളില്‍ നിന്നുള്ള മലിനീകരണം 5.1 ശതകോടി ടണ്ണായി ഉയരും. വനനശീകരണം മൂലം വര്‍ഷത്തില്‍ 3.8 ശതകോടി ടണ്‍ കാര്‍ബണ്‍ പുറന്തള്ളപ്പെടുമ്പോള്‍, വനവല്‍ക്കരണം വഴി ഇതിന്റെ പകുതി മാത്രമാണ് ആഗിരണം ചെയ്യപ്പെടുന്നത്.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും എണ്ണ പ്രതിസന്ധിയും മൂലം താല്‍ക്കാലികമായി മലിനീകരണം കുറയുന്നത് ശാശ്വതമായ പരിഹാരമല്ലെന്ന് പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ പിയറി ഫ്രീഡ്ലിംഗ്സ്റ്റൈന് ചൂണ്ടിക്കാട്ടുന്നു. പുനരുപയോഗ ഊര്‍ജ്ജ സാങ്കേതികവിദ്യകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഉപയോഗം വിപുലീകരിക്കുന്നതിലൂടെ മാത്രമേ ആഗോള കാര്‍ബണ്‍ മലിനീകരണം സ്ഥിരമായി കുറയ്ക്കാന്‍ സാധിക്കൂ എന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
Global carbon emissions from fossil fuels are expected to decline slightly in 2026, but India is projected to record a significant increase of 4.4%, according to the latest report by the Global Carbon Project. The findings highlight the growing gap between India's emission trends and those of other major economies, including China, the United States, Japan and the European Union. The report estimates that global fossil fuel CO2 emissions will reach 38.2 billion tonnes in 2026. Including emissions from land-use changes such as deforestation, total global CO2 emissions could rise to 43.3 billion tonnes. The decline in global oil-related emissions is partly attributed to disruptions in oil transportation through the Strait of Hormuz amid the Iran conflict, which have encouraged several countries to accelerate their transition towards renewable energy sources.