'ഡയലോഗടിച്ചാൽ തെറ്റ് വെളുക്കില്ല, മുൻ സർക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വം'; മുഖ്യമന്ത്രിക്കെതിരെ പിണറായി

വിവരക്കേടുകൾ വീരവാദങ്ങളാക്കി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ സ്ഥിരം പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതിയെന്നും പിണറായി ആഞ്ഞടിച്ചു.
'ഡയലോഗടിച്ചാൽ തെറ്റ് വെളുക്കില്ല, മുൻ സർക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വം'; മുഖ്യമന്ത്രിക്കെതിരെ പിണറായി
Published on: 

മുഖ്യമന്ത്രി വി ഡി സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തെ വൈദ്യുതി കരാറിൽ കോടികളുടെ ദുരൂഹ ഇടപാടുകളാണ് നടന്നതെന്നും മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കങ്ങൾ ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണെന്നും അദ്ദേഹം ആരോപിച്ചു. ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുക്കില്ല. രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മെക്കിട്ടുകയറാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണ്. വിവരക്കേടുകൾ വീരവാദങ്ങളാക്കി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ സ്ഥിരം പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതിയെന്നും പിണറായി ആഞ്ഞടിച്ചു.

പ്രതിപക്ഷം ഈ കൊള്ള കയ്യോടെ പിടികൂടിയപ്പോഴാണ് കരാർ റദ്ദാക്കിയതും മുൻ കെഎസ്ഇബി ചെയർമാനെതിരെ പ്രഹസന അന്വേഷണം പ്രഖ്യാപിച്ചതും. ഇതെല്ലാം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയുന്നത് പത്രവാർത്തകളിലൂടെയാണെന്നത് കേരള ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ നാണക്കേടാണെന്നും അദ്ദേഹം പരിഹസിച്ചു.

ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് താൻ വാദിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമായ നുണയാണ്. കൂടിയ നിരക്കിലുള്ള ജിഎൻഎ കരാറിനെക്കാൾ ഭേദം ഹിമാചൽ വൈദ്യുതിയാണെന്ന് താരതമ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തത്. എന്നാൽ ഹിമാചലിൽ നിന്നുള്ള കരാർ ലാഭകരമാണെന്ന് വൈദ്യുതി മന്ത്രി തന്നെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വെല്ലുവിളിക്കാൻ ഉണ്ടെങ്കിൽ അത് സ്വന്തം വൈദ്യുതി മന്ത്രിയോടാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എൻടിപിസിയിൽ നിന്ന് 5 രൂപ 18 പൈസയ്ക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നിരിക്കെ, അതൊക്കെ മറച്ചുവെച്ച് ജിഎൻഎയ്ക്ക് പിന്നാലെ പോയത് ആർക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'ഡയലോഗടിച്ചാൽ തെറ്റ് വെളുക്കില്ല, മുൻ സർക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വം'; മുഖ്യമന്ത്രിക്കെതിരെ പിണറായി
വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സമ്മർദം ചെലുത്തി; ജിഎൻഎ കരാറിൽ ഒപ്പിടിക്കാൻ ശ്രമമെന്ന് വി ഡി സതീശൻ

ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് മുഖ്യമന്ത്രി സ്വയം അപഹാസ്യനാകുകയാണ്. സെക്രട്ടേറിയറ്റിന് പുറത്തുള്ള ഏതോ സംഘവുമായി ഫയലുകൾ ചർച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളോട് സമ്മതിച്ചിരിക്കുന്നു. റൂൾസ് ഓഫ് ബിസിനസ് കാറ്റിൽപ്പറത്തി അദൃശ്യ സംഘവുമായി ചർച്ച നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. ഇവിടെ അന്വേഷണം നേരിടേണ്ടത് ഉദ്യോഗസ്ഥരല്ല, സർക്കാരിനെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി ഇടപാടുകൾക്ക് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി തന്നെയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഡിബിഎഫ്ഒഒ മാതൃകയിലുള്ള കരാറുകൾ സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്. എന്നാൽ എൽഡിഎഫ് സർക്കാർ റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാതെ ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങിയിട്ടില്ല. 2 രൂപ 44 പൈസ മുതൽ 3 രൂപ 83 പൈസ വരെയുള്ള കുറഞ്ഞ നിരക്കിൽ 2,122 മെഗാവാട്ടിന്റെ സുതാര്യമായ 12 ദീർഘകാല കരാറുകളിലൂടെ സംസ്ഥാനത്തിന്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കിയത് എൽഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ സർക്കാരിന്റെ മേൽ കുറ്റംചാരി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണെന്നും, മുഖ്യമന്ത്രിയുടെ പരിഹാസങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാതെ ഈ വിഷയത്തിലെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ ശക്തമായ പോരാട്ടം തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.

Summary

Opposition Leader Pinarayi Vijayan heavily criticized Chief Minister V.D. Satheesan over alleged massive corruption in the state's power contracts. Vijayan accused the CM of creating fake power shortage scares to facilitate dubious deals while bypassing standard procedures and keeping Power Minister Sunny Joseph in the dark. He demanded a comprehensive judicial probe into the CM's actions and the involvement of an "invisible gang" in handling official state files.