

ഇറാന്‍ യുദ്ധം ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരും ദുര്‍ബലരുമായ ചില സമൂഹങ്ങളില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ വളം നിര്‍മാണക്കമ്പനിയായ യാര ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്വിന്‍ ടോറെ ഹോല്‍സെതറിന്റേതാണ് മുന്നറിയിപ്പ്.
വളം വില കുതിച്ചുയരുന്നതും ദൗര്‍ലഭ്യതയും മൂലം ദരിദ്ര രാജ്യങ്ങളെ, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളെ താങ്ങാനാവുന്നതിലധികം വില നല്‍കി വളം വാങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും ലോകനേതാക്കള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സ്വിന്‍ ടോറെ ഹോല്‍സെതർ പറഞ്ഞു. ആഗോളതലത്തില്‍ വളത്തിനായി ഒരു 'ലേലം വിളി' സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. 60 രാജ്യങ്ങളില്‍ പ്ലാന്റുകളും 140 രാജ്യങ്ങളില്‍ വിപണനവുമുള്ള നോര്‍വീജിയന്‍ ബഹുരാഷ്ട്ര കമ്പനിയാണ് യാര ഇന്റര്‍നാഷണല്‍.
''വളത്തിനുവേണ്ടി ഒരു ആഗോള ലേലം വിളി നടന്നാല്‍, അത് ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് അപ്രാപ്യമാകും', അദ്ദേഹം പറഞ്ഞു. 'യഥാര്‍ത്ഥത്തില്‍ ആഫ്രിക്ക വലിയൊരു ഭക്ഷ്യ ഉല്‍പ്പാദക കേന്ദ്രമാകാന്‍ ശേഷിയുള്ള മേഖലയാണ്. സ്വയംപര്യാപ്തതയ്ക്ക് മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ പോലും ശേഷിയുണ്ട് അവര്‍ക്ക്. എന്നാല്‍ നിലവില്‍ അവര്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നവരാണ്. ഭക്ഷണത്തിന് വേണ്ടി ഒരു ആഗോള മത്സരം നടന്നാല്‍ യൂറോപ്പില്‍ പട്ടിണിയുണ്ടാകില്ല, എന്നാല്‍ നമ്മള്‍ ആരുടെ പക്കല്‍നിന്നാണ് ആ ഭക്ഷണം തട്ടിയെടുക്കുന്നത് എന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം,'' ടോറെ ഹോല്‍സെതര്‍ പറഞ്ഞു.
അതേസമയം, യുദ്ധത്തിന്റെ ആഘാതം വിതരണ ശൃംഖലകളെ ആഴത്തില്‍ ബാധിച്ച് തുടങ്ങിയതായി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എസ് ആൻഡ് പി ഗ്ലോബല്‍ മുന്നറിയിപ്പ് നല്‍കി. ഇന്ധനത്തിനും വളത്തിനും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഭക്ഷ്യ ശൃംഖലയ്ക്ക് വെല്ലുവിളിയാണെന്ന് എസ് ആൻഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗം മേധാവി ക്രിസ് റോജേഴ്‌സ് പറഞ്ഞു. എത്യോപ്യ, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
വളം നിര്‍മാണത്തിലെ പ്രധാന ഘടകമായ യൂറിയയുടെ ആഗോള വിതരണത്തിന്റെ 35 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. ഫെബ്രുവരി അവസാനം ഇറാനില്‍ യുദ്ധം ആരംഭിച്ചതോടെ യൂറിയയുടെ വില 60 മുതല്‍ 70 ശതമാനം വരെ വര്‍ദ്ധിച്ചതായി യാര ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. വളം നിര്‍മ്മാണത്തിന് ആവശ്യമായ അമോണിയയുടെ വിതരണം യുദ്ധം മൂലം നിലച്ചു. വിഷവാതകമായതിനാല്‍ യുദ്ധസാഹചര്യത്തില്‍ ഇത് സൂക്ഷിക്കുന്നത് അപകടകരമാണ്. ഇത് പരിഗണിച്ച് ഖത്തര്‍ പോലുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
സബ്-സഹാറന്‍ ആഫ്രിക്കയില്‍ വിതയ്ക്കല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ വളത്തിന്റെ വിലക്കയറ്റം പ്രാദേശിക കര്‍ഷകര്‍ക്ക് ഒരു വെല്ലുവിളിയാണ്. യൂറോപ്പില്‍ കര്‍ഷകര്‍ക്ക് സബ്‌സിഡികള്‍ ലഭ്യമാണെങ്കിലും ആഫ്രിക്കയില്‍ അത്തരം സംവിധാനങ്ങളില്ല. കര്‍ഷകരെ സഹായിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇതിനകം തന്നെ നടപടി സ്വീകരിച്ചിരുന്നു. സബ്-സഹാറന്‍ ആഫ്രിക്കയിലും അതേ പിന്തുണ നല്‍കണം. കൃഷിയെ ഒരു ബിസിനസ് പോലെയാണ് പരിഗണിക്കേണ്ടതെന്നും ഹോല്‍സെതര്‍ കൂട്ടിച്ചേര്‍ത്തു.