ഇന്തോ-ഗംഗാ സമതലങ്ങളെ മൂടി വിഷപ്പുക; നാസയുടെ ഉപഗ്രഹ ചിത്രം പറയുന്നത്

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് പുകമഞ്ഞ് ഏറ്റവും രൂക്ഷമായി ദൃശ്യമാകുന്നത്.
ഇന്തോ-ഗംഗാ സമതലങ്ങളെ മൂടി വിഷപ്പുക; നാസയുടെ ഉപഗ്രഹ ചിത്രം പറയുന്നത്
Published on: 

ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്തെ വായുമലിനീകരണ പ്രതിസന്ധി അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വടക്കൻ ഇന്ത്യയിലും പാകിസ്ഥാനിലും വ്യാപിച്ചുകിടക്കുന്ന മലിനീകരണ പുകയുടെ ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. നാസയുടെ ഉപഗ്രഹം ബഹിരാകാശത്തുനിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇവ. 'മോഡറേറ്റ് റെസല്യൂഷൻ ഇമേജിംഗ് സ്പെക്ട്രോറേഡിയോമീറ്റർ' എന്ന ഉപഗ്രഹ സംവിധാനമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഇന്തോ-ഗംഗാ സമതലങ്ങളിലുടനീളം പുകമഞ്ഞിന്റെ കനത്ത ചാരനിറത്തിലുള്ള പാളി പടർന്നുപന്തലിച്ചിരിക്കുന്നതായി ചിത്രത്തിൽ വ്യക്തമാണ്. പാകിസ്ഥാൻ മുതൽ വടക്കൻ ഇന്ത്യ വഴി രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ വരെ ഈ മലിനീകരണ മേഖല വ്യാപിച്ചുകിടക്കുന്നു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് പുകമഞ്ഞ് ഏറ്റവും രൂക്ഷമായി ദൃശ്യമാകുന്നത്. ചിത്രത്തിന്റെ വടക്കൻ ഭാഗത്ത് തലയെടുപ്പോടെ നിൽക്കുന്ന ഹിമാലയൻ പർവ്വതനിരകൾ ഇതിന് നല്ലൊരു ഉദാഹരണമാണ്. മഞ്ഞുമൂടിയ പർവ്വതങ്ങളും മലിനീകരണം നിറഞ്ഞ സമതലങ്ങളും തമ്മിലുള്ള ഈ വൈരുധ്യം അന്തരീക്ഷത്തിലെ പുകമഞ്ഞിന്റെ ഭീകരമായ വ്യാപ്തിയെയാണ് എടുത്തുകാണിക്കുന്നത്.

പ്രതികൂല കാലാവസ്ഥയും മലിനീകരണ സ്രോതസ്സുകളും

എല്ലാ ശൈത്യകാലത്തും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും അയൽരാജ്യമായ പാകിസ്ഥാനിലും വായുവിന്റെ ഗുണനിലവാരം കുത്തനെ താഴാറുണ്ട്. എന്നാൽ ഈ വർഷം സ്ഥിതി കൂടുതൽ സങ്കീർണ്ണമാണ്. വൈക്കോൽ കത്തിക്കലിന് പുറമെ വാഹനങ്ങളിൽ നിന്നുള്ള പുക, വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണ പൊടിപടലങ്ങൾ എന്നിവയും മലിനീകരണ ഭാരം കൂട്ടുന്നു. തണുത്ത താപനില, കാറ്റിന്റെ വേഗത കുറയുന്നത്, അന്തരീക്ഷത്തിലെ താപനില വ്യതിയാനം തുടങ്ങിയ ഘടകങ്ങൾ മലിനീകരണ വസ്തുക്കൾ അന്തരീക്ഷത്തിൽ ലയിച്ചുപോകാതെ തടയുന്നു. ഇതിന്റെ ഫലമായി മലിനീകരണ കണങ്ങൾ ഭൂമിയോട് ചേർന്ന് അടിഞ്ഞുകൂടുകയും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ സ്ഥിരമായ പുകമഞ്ഞ് രൂപപ്പെടുകയും ചെയ്യുന്നു.

ഇന്തോ-ഗംഗാ സമതലങ്ങളെ മൂടി വിഷപ്പുക; നാസയുടെ ഉപഗ്രഹ ചിത്രം പറയുന്നത്
പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുമലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാൾ 50 മടങ്ങ് കൂടുതൽ

ഡൽഹി-എൻ‌സി‌ആർ മേഖലയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്ന്. ഇവിടെ രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരമായ അവസ്ഥയിലാണ്. എന്നാൽ മലിനീകരണ പ്രശ്നം രാജ്യതലസ്ഥാനത്ത് മാത്രം ഒതുങ്ങുന്നില്ലെന്നും ഇന്തോ-ഗംഗാ സമതലങ്ങളുടെ അതിവിശാലമായ പ്രദേശങ്ങളെ ഇത് ബാധിക്കുന്നുണ്ടെന്നും ഉപഗ്രഹചിത്രം അടിവരയിടുന്നു. ശൈത്യകാലത്തെ മലിനീകരണം ഏതെങ്കിലും ഒറ്റപ്പെട്ട നഗരങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും അതിർത്തികൾക്കപ്പുറം കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യനിർമ്മിത പ്രവർത്തനങ്ങളും പരസ്പരം ഇടകലർന്നുണ്ടാകുന്ന ഒരു വലിയ ദക്ഷിണേഷ്യൻ പ്രതിസന്ധിയാണിതെന്നും ഈ ഉപഗ്രഹ ചിത്രം ഓർമ്മിപ്പിക്കുന്നു.

Summary

NASA has released satellite images showing a massive layer of toxic smog spreading across the Indo-Gangetic Plains, covering parts of Pakistan and northern India. Captured by the Moderate Resolution Imaging Spectroradiometer (MODIS), the images reveal a dense grey haze stretching from Pakistan through northern India towards the eastern regions of the country. Punjab, Haryana, Rajasthan and Uttar Pradesh are among the worst-affected regions. The contrast between the snow-covered Himalayan mountain ranges and the pollution-covered plains highlights the vast scale of the air pollution crisis.