പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുമലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാൾ 50 മടങ്ങ് കൂടുതൽ

പുലർച്ചെ 4:20-ന് ഐടിഒ-യിലെ വായു ഗുണനിലവാര സൂചിക തീവ്രം വിഭാഗത്തിൽപ്പെടുത്തിക്കൊണ്ട് 406 ആണ് രേഖപ്പെടുത്തിയത്.
പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുമലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാൾ 50 മടങ്ങ് കൂടുതൽ
Shashi Shekhar Kashyap
Published on: 

ഡൽഹി-എൻസിആർ മേഖലയിൽ ​ദീപാവലി ആഘോഷങ്ങൾ വീണ്ടും കടുത്ത വായുമലിനീകരണത്തിന് വഴിതെളിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ കർശനമായ നിയന്ത്രണങ്ങളും മാർ​ഗനിർദേശങ്ങളും നിലവിലുണ്ടായിരുന്നിട്ടും അത് നടപ്പിലാക്കുന്നതിൽ മലിനീകരണ നിയന്ത്രണ ഏജൻസികൾ പൂർണമായും പരാജയപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ന് പുലർച്ചെയോടെ ദേശീയ തലസ്ഥാനത്തെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം ഇന്ദർലോക്ക് ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗങ്ങളിലും കട്ടിയുള്ള പുകമഞ്ഞ് രൂപപ്പെടുകയും പ്രഭാതത്തിൽ കാഴ്ചാപരിധി ഗണ്യമായി കുറയുകയും ചെയ്തു. പുലർച്ചെ 4:20-ന് ഐടിഒ-യിലെ വായു ഗുണനിലവാര സൂചിക തീവ്രം വിഭാഗത്തിൽപ്പെടുത്തിക്കൊണ്ട് 406 ആണ് രേഖപ്പെടുത്തിയത്. ഇതിനുപുറമെ രാജീവ് ചൗക്കിൽ 381-ഉം സൗത്ത് എക്സ്റ്റൻഷനിൽ 360-ഉം എക്യുഐ രേഖപ്പെടുത്തി വായുനിലവാരം വളരെ മോശം എന്ന അവസ്ഥയിലായിരുന്നു. ഗുരുതരമായ ഈ സാഹചര്യത്തെ തുടർന്ന് ഡൽഹി-എൻസിആർ മേഖലയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം കർശനമായി നടപ്പിലാക്കി.

പടക്കങ്ങൾ പൊട്ടിക്കുന്നത് തടയാൻ യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിന് പുറമെ, ദീപാവലി രാത്രിയിലെ മലിനീകരണ കണക്കുകൾ സുതാര്യമായി ജനങ്ങളെ അറിയിക്കുന്നിതലും അധികൃതർ ​ഗുരുതരമായ വീഴ്ച വരുത്തി. ലജ്പത് ന​ഗറിന് സമീപമുള്ള ആർ കെ പുരം, നെഹ്‍റു ന​ഗർ തുടങ്ങിയ പ്രദേശങ്ങളിൽ രാത്രി ഒൻപത് മണിയോടെ മലിനീകരണം ക്രമാതീതമായി ഉയർന്നതായി തത്സമയ വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, മലിനീകരണം ഏറ്റവും ഉയർന്ന നിലയിലെത്തിയ ഈ നിർണ്ണായക ഘട്ടത്തിൽ, ആർ കെ പുരം, നെഹ്‌റു നഗർ, മുണ്ട്ക, സോണിയ വിഹാർ, ദ്വാരക തുടങ്ങിയ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നത് ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ വെബ്‌സൈറ്റ് പെട്ടെന്ന് നിർത്തിവെച്ചു.

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുമലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാൾ 50 മടങ്ങ് കൂടുതൽ
സിനിമയുടെ പേര് മാറ്റാനും അധികാരം; സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നിര്‍ദേശങ്ങളില്‍ നിര്‍മാതാക്കളില്‍ ആശങ്ക, പ്രതിഷേധം

ജനവാസ മേഖലകളിലെ വിവരങ്ങൾ ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ടപ്പോൾ, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലെ കണക്കുകൾ മലിനീകരണത്തിന്റെ ഭീകരത തുറന്നുകാട്ടുന്നതായിരുന്നു. ജെഎൻയുവിലെ നിരീക്ഷണ കേന്ദ്രത്തിൽ രാത്രി എട്ട് മണിക്ക് ഒരു ക്യുബിക് മീറ്ററിന് 161 മൈക്രോ​ഗ്രാം ആയിരുന്ന PM2.5 അളവ്, രാത്രി പതിനൊന്ന് മണിയോടെ 786 മൈക്രോഗ്രാമായി കുതിച്ചുയർന്നു. അതായത് വെറും മൂന്ന് മണിക്കൂറിനുള്ളിൽ മലിനീകരണത്തിൽ അഞ്ചിരട്ടി വർധനവാണുണ്ടായത്.

അതേസമയം, ജനവാസ മേഖലയായ ആർ കെ പുരത്ത് രാത്രി എട്ട് മണിക്ക് തന്നെ ഈ അളവ് 504 മൈക്രോ​ഗ്രാമും ഒൻപത് മണിയോടെ 924 മൈക്രോ​ഗ്രാമും രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് അവിടെ നിന്നുള്ള വിവരങ്ങൾ ലഭ്യമാകാതെ പോയത്. ദീപാവലി രാത്രികളിൽ ഇത്തരത്തിൽ ഓൺലൈൻ വിവരങ്ങൾ അപ്രത്യക്ഷമാകുന്നത് ഡൽഹിയിൽ ഒരു തുടർക്കഥയായി മാറിയിരിക്കുകയാണ്. എല്ലാ വർഷവും വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ എന്ന കാരണം പറഞ്ഞാണ് സർക്കാരും അധികൃതരും ഈ വീഴ്ചയെ ന്യായീകരിക്കുന്നത്. ഏതു പാർട്ടി അധികാരത്തിലിരുന്നാലും ജനങ്ങളിൽ നിന്നും യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കാൻ ഈ 'സാങ്കേതിക തകരാറുകൾ' ഒരു രക്ഷാമാർഗമായി ഉപയോഗിക്കപ്പെടുന്നു എന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

സുപ്രീം കോടതി രാത്രി പത്ത് മണിവരെ മാത്രമേ പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകിയിരുന്നുള്ളൂവെങ്കിലും ഈ സമയപരിധി കാറ്റിൽപ്പറത്തിക്കൊണ്ട് രാത്രി വൈകിയപം ജനങ്ങൾ പടക്കം പൊട്ടിച്ചു. ഇതിന്റെ ഫലമായി മലിനീകരണം ലോകാരോഗ്യ സംഘടന നിശ്ചയിച്ച സുരക്ഷിത പരിധിയേക്കാൾ അമ്പത് മടങ്ങ് അധികമായി വർധിച്ചുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം, അക്ഷർധാമിൽ ഞായറാഴ്ച രാത്രി പതിനൊന്ന് മണിക്ക് PM2.5 അളവ് ക്യുബിക് മീറ്ററിന് 760.99 മൈക്രോഗ്രാം ആയിരുന്നു.

ഇത് ലോകാരോഗ്യ സംഘടന 24 മണിക്കൂർ കാലയളവിലേക്ക് അനുവദിച്ചിട്ടുള്ള 15 മൈക്രോഗ്രാം എന്ന സുരക്ഷിത പരിധിയുടെ 50.73 ഇരട്ടിയാണ്. നേരത്തെ നവംബർ രണ്ടിന് അംഗീകൃത പരിസ്ഥിതി സൗഹൃദ പടക്കങ്ങളുടെ ഉപയോഗത്തിന് കോടതി ഇളവ് നൽകിയിരുന്നെങ്കിലും, നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടതോടെ നവംബർ ഒൻത് മുതൽ ഡൽഹിയിൽ പടക്കങ്ങൾക്ക് പൂർണ്ണമായ നിരോധനം പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.

Summary

Despite Supreme Court guidelines, Delhi-NCR experienced severe air pollution post-Diwali, with PM2.5 levels exceeding WHO safe limits by over 50 times. Authorities failed to enforce the firecracker time limit, and the Delhi Pollution Control Committee (DPCC) website mysteriously stopped updating real-time data during peak pollution hours. With the AQI plunging into the 'Severe' category, GRAP Stage 3 measures have been implemented, and a complete ban on firecrackers has been reinstated from November 9.