രാജ്യത്തെ അണക്കെട്ടുകളില്‍ വെള്ളമില്ല; ഇടുക്കി ഡാമില്‍ ഇനിയുള്ളത് 10.62% മാത്രം വെള്ളം, ദക്ഷിണേന്ത്യ വന്‍ കുടിവെള്ള-വൈദ്യുതി പ്രതിസന്ധിയിലേക്കോ?

കേന്ദ്ര ജല കമ്മീഷന്റെ റിസര്‍വോയര്‍ സ്റ്റോറേജ് ബുള്ളറ്റിന്‍ പ്രകാരം, 178 പ്രധാന അണക്കെട്ടുകളിലായി നിലവില്‍ 126.717 ബിില്യണ്‍ ക്യൂബിക് മീറ്റര്‍ (ബിസിഎം) വെള്ളമാണുള്ളത്. ഇത് ഇവയുടെ മൊത്തം സംഭരണശേഷിയുടെ 68.58% മാത്രമാണ്
രാജ്യത്തെ അണക്കെട്ടുകളില്‍ വെള്ളമില്ല; ഇടുക്കി ഡാമില്‍ ഇനിയുള്ളത് 10.62% മാത്രം വെള്ളം, ദക്ഷിണേന്ത്യ വന്‍ കുടിവെള്ള-വൈദ്യുതി പ്രതിസന്ധിയിലേക്കോ?
Published on: 

ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണ്‍ ഔദ്യോഗികമായി അവസാനിച്ചെങ്കിലും രാജ്യത്തെ പ്രധാന ജലസംഭരണികളില്‍ ഭൂരിഭാഗവും ഇനിയും നിറഞ്ഞിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേന്ദ്ര ജല കമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ പ്രധാനപ്പെട്ട 178 ജലസംഭരണികളിലെ മൊത്തം ജലശേഖരം അവയുടെ പൂര്‍ണ്ണ ശേഷിയേക്കാള്‍ 31 ശതമാനത്തോളം കുറവാണ്. ഇത് വരും മാസങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമത്തിനും കൃഷി തടസ്സപ്പെടുന്നതിനും ഇടയാക്കുമെന്ന വലിയ ആശങ്ക ഉയര്‍ത്തുന്നു.

ഒക്ടോബര്‍ 15-ന് പുറത്തുവിട്ട കേന്ദ്ര ജല കമ്മീഷന്റെ റിസര്‍വോയര്‍ സ്റ്റോറേജ് ബുള്ളറ്റിന്‍ പ്രകാരം, 178 പ്രധാന അണക്കെട്ടുകളിലായി നിലവില്‍ 126.717 ബില്യണ്‍ ക്യൂബിക് മീറ്റര്‍ (ബിസിഎം) വെള്ളമാണുള്ളത്. ഇത് ഇവയുടെ മൊത്തം സംഭരണശേഷിയുടെ 68.58% മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജലശേഖരത്തില്‍ 41.193 ബിസിഎം (24.53 ശതമാനം) കുറവുണ്ടായതായി ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി സംഭരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സാധാരണ അളവിനേക്കാള്‍ 24.930 ബിസിഎം (16.44 ശതമാനം) കുറവാണ്. രാജ്യത്തെ മൊത്തം ഉപയോഗയോഗ്യമായ ജലസംഭരണ ശേഷിയുടെ 71.67 ശതമാനവും ഈ പ്രധാന അണക്കെട്ടുകളിലാണ്.

തെക്കന്‍-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

അണക്കെട്ടുകളിലെ ജലനിരപ്പ് സാധാരണ സംഭരണ അളവിനേക്കാള്‍ കുറവായതിനാല്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ട്. തമിഴ്നാട്ടിലെ ആലിയാര്‍ റിസര്‍വോയറില്‍ സാധാരണ ജലനിരപ്പിനെക്കള്‍ 50 ശതമാനത്തില്‍ താഴെ മാത്രം വെള്ളമുള്ളത്. മേട്ടൂര്‍ അണക്കെട്ടില്‍ ഇനി 32.49 ശതമാനമാണ് വെള്ളമുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമില്‍ കേവലം 10.62% മാത്രം വെള്ളമാണ് ശേഷിക്കുന്നത്. പെരിയാര്‍ റിസര്‍വോയറില്‍ ഇത് 46.43 ശതമാനമാണ്. ആന്ധ്രാപ്രദേശിലെ സോമസില റിസര്‍വോയറില്‍ സാധാരണ സംഭരണത്തിന്റെ 22.05 ശതമാനവും ശ്രീശൈലത്തില്‍ 33.64 ശതമാനവും വെള്ളമാണുള്ളത്.

രാജ്യത്തെ അണക്കെട്ടുകളില്‍ വെള്ളമില്ല; ഇടുക്കി ഡാമില്‍ ഇനിയുള്ളത് 10.62% മാത്രം വെള്ളം, ദക്ഷിണേന്ത്യ വന്‍ കുടിവെള്ള-വൈദ്യുതി പ്രതിസന്ധിയിലേക്കോ?
ഹണ്ടര്‍ മൂണ്‍: ഹാലോവീന് മുന്നേ ആകാശത്ത് വിസ്മയമൊരുക്കാന്‍ 'ഒക്ടോബര്‍ പൂര്‍ണചന്ദ്രന്‍' എത്തുന്നു

കര്‍ണാടകയിലെ ഘടപ്രഭ (22.56%), തുംഗഭദ്ര (22.54%), ഷോലയാര്‍ (23.62%) എന്നീ പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് വലിയ തോതില്‍ താഴ്ന്നു. മഹാരാഷ്ട്രയിലെ പല റിസര്‍വോയറുകളിലും വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജെയ്ക്വാഡിയില്‍ 15.55 ശതമാനം, ഉജ്ജനിയില്‍ 10.62 ശതമാനം, മഞ്ചരയില്‍ 12.45 ശതമാനം, ലോവര്‍ തെര്‍ണയില്‍ 28.24 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. സാധാരണ ജലനിരപ്പിന്റെ 50 മുതല്‍ 80 ശതമാനം വരെ വെള്ളമുള്ള 42 റിസര്‍വോയറുകളെക്കൂടി ബുള്ളറ്റിന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 11 എണ്ണത്തില്‍ 51 മുതല്‍ 60 ശതമാനം വരെയും 14 എണ്ണത്തില്‍ 61 മുതല്‍ 70 ശതമാനം വരെയും 17 എണ്ണത്തില്‍ 71 മുതല്‍ 80 ശതമാനം വരെയുമാണ് വെള്ളമുള്ളത്. അതേസമയം, ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട 20 റിസര്‍വോയറുകളില്‍ 12 എണ്ണത്തിലും ജലനിരപ്പ് സാധാരണ നിലയിലോ അതിനു താഴെയോ ആണ്. ഇത് ജലസേചനം, കുടിവെള്ള വിതരണം, വൈദ്യുതി ഉല്‍പ്പാദനം എന്നിവയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.

നദീതടങ്ങളിലെ ജലത്തിന്റെ അളവ്

നദീതടങ്ങള്‍ തിരിച്ചുള്ള വിലയിരുത്തലില്‍, ദക്ഷിണേന്ത്യയിലെ ജീവനാഡിയായ പെണ്ണാര്‍ (72.32% കുറവ്), കാവേരി (60.50% കുറവ്) നദീതടങ്ങളാണ് ഏറ്റവും കടുത്ത ജല ദൗര്‍ലഭ്യം നേരിടുന്നത്. കൃഷ്ണ (32.59% കുറവ്), സബര്‍മതി (38.03%) സിന്ധു, മാഹി എന്നീ നദീതടങ്ങളും ജലക്ഷാമത്തിന്റെ വക്കിലാണ്. കൂടാതെ കച്ച്-സൗരാഷ്ട്ര, ലൂണി നദീമേഖലകളും ജലദൗര്‍ലഭ്യമുള്ളവയുടെ പട്ടികയില്‍ പെടുന്നു. പെണ്ണാറിനും കന്യാകുമാരിക്കും ഇടയില്‍ കിഴക്കോട്ട് ഒഴുകുന്ന നദീതടങ്ങളിലും തടരിക്കും കന്യാകുമാരിക്കും ഇടയില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദീതടങ്ങളിലും ജലക്ഷാമം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, നര്‍മ്മദ നദീതടത്തിലെ ജലശേഖരം സാധാരണയേക്കാള്‍ 7.81 ശതമാനം കൂടുതലാണ്. മഹാനദി തടത്തില്‍ 2.95 ശതമാനവും സ്വര്‍ണ്ണരേഖാ തടത്തില്‍ 30.74 ശതമാനവും അധിക ജലശേഖരമുണ്ട്. ഗംഗ, തപ്തി, ഗോദാവരി, ബ്രഹ്‌മപുത്ര, ബ്രാഹ്‌മണി-വൈതരണീ എന്നീ നദീതടങ്ങളില്‍ ജലനിരപ്പ് സാധാരണ നിലയ്ക്ക് അടുത്താണ്. പ്രാദേശികമായ മഴ ലഭ്യതയിലെ വലിയ വ്യത്യാസങ്ങളാണ് ഇത്തരം ഒരു പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണ്‍സൂണ്‍ വിടവാങ്ങിയെങ്കിലും അണക്കെട്ടുകളില്‍ വെള്ളമില്ലാത്തത് വരാനിരിക്കുന്ന വേനല്‍ക്കാലം അതീവ കഠിനമായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കൃത്യമായ ജലവിനിയോഗ പദ്ധതികളും കരുതല്‍ നടപടികളും ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ കുടിവെള്ള-കാര്‍ഷിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താം.

Summary

India’s major reservoirs are holding significantly less water than usual even after the official end of the 2026 monsoon season, raising concerns about potential drinking water shortages, agricultural disruption and reduced hydropower generation in the coming months. According to the Central Water Commission’s reservoir storage bulletin released on October 15, the country’s 178 major reservoirs contain 126.717 billion cubic metres (BCM) of water, equivalent to 68.58% of their total capacity. This is 24.53% lower than the corresponding period last year and 16.44% below the average storage level of the past decade.

Madism Digital
madismdigital.com