

വെള്ളം ജീവന്റെ അടിസ്ഥാനമാണ്, മഴ ശുദ്ധ ജലത്തിന്റെ ഉറവിടവും. മഴ പെയ്യുമ്പോള്‍ ഭൂമിയില്‍ ഉണ്ടാകുന്ന പ്രകമ്പനം വിത്തുകളുടെ വളര്‍ച്ചയിലും നിര്‍ണായകമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( എംഐടി) മെക്കാനിക്കല്‍ എഞ്ചിനിയര്‍മാരായ നിക്കോളാസ് മാക്രിസ്, കാഡിന്‍ നവാറോ എന്നിവർ നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്.
നെൽ കൃഷിയിൽ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 8000 വിത്തുകളാണ് ഉപയോഗിച്ചിട്ടുള്ളത്. വെള്ളത്തിൽ വളരുന്ന വിളയെന്ന നിലയിലാണ് നെല്ലിനെ പരീക്ഷണത്തിന് ഉപയോഗിച്ചത്. 3 സെ.മീ. ആഴത്തിൽ വെള്ളം നിറച്ച്, ആറു ദിവസത്തോളം വ്യത്യസ്ത തീവ്രതയുള്ള മഴത്തുള്ളികളുടെ കമ്പനങ്ങൾ വിത്തുകൾക്ക് നൽകിയായിരുന്നു പരീക്ഷണം. വിത്തുകളുടെ സ്ഥാനം മാറ്റി വെള്ളത്തിന്റെ ആഴവും മഴത്തുള്ളികളുടെ ദൂരവും വ്യത്യാസപ്പെടുത്തി പരിശോധനകൾ നടത്തി. ഈ വ്യത്യാസങ്ങൾ വിത്തിന്റെ മുളപ്പിക്കൽ നിരക്കിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും പരിശോധിക്കാനായിരുന്നു പരീക്ഷണം.
ഇങ്ങനെ മഴത്തുള്ളികളുടെ കമ്പനം ലഭിച്ച വിത്തുകൾക്ക് 37 ശതമാനം വരെ വേഗത്തിൽ മുളയ്ക്കുന്നതായി കണ്ടെത്തിയതിനൊപ്പം, മഴത്തുള്ളികളിൽ നിന്നുള്ള കമ്പനം വിത്തുകളിൽ ചലനം ഉണ്ടാക്കുകയും, അതിലൂടെ വിത്തിന്റെ വളർച്ച ആരംഭിക്കാനുള്ള സിഗ്നൽ നൽകുകയും ചെയ്യുന്നതായും കണ്ടെത്തി. അതേസമയം, വെള്ളത്തിൽ മാത്രമല്ല, മണ്ണിന്റെ ഉപരിതലത്തിന് അടുത്തുള്ള വിത്തുകൾക്ക് ഈ കമ്പനം കൂടുതൽ അനുഭവപ്പെടുന്നതിനാൽ അവ വേഗത്തിൽ മുളയ്ക്കാൻ സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
വെള്ളത്തിനടിയിലെ ശബ്ദകമ്പനങ്ങൾ വായുവിനേക്കാൾ ശക്തമായി പകരുന്നതിനാൽ വിത്തുകൾക്ക് ഈ കമ്പനം കൂടുതൽ വ്യക്തമായി അനുഭവപ്പെടുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. വിത്തുകളിൽ മഴയുടെ പ്രകമ്പനം ഉണ്ടാക്കുന്നത് 'സ്റ്റാറ്റോലിത്തുകൾ' എന്ന കോശഘടകങ്ങളാണെന്നും, ഇവ ഗുരുത്വാകർഷണത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഘടകമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ഗവേഷകർ അഭിപ്രായപ്പെടുന്നത്, മറ്റ് സസ്യവിത്തുകളും പരിസ്ഥിതിയിലെ ശബ്ദങ്ങളോട് പ്രതികരിക്കാമെന്നാണ്. അതിനാൽ, ഒരു വിത്ത് മഴത്തുള്ളി പതിക്കുന്ന സ്ഥലത്തിന് ഏതാനും സെന്റിമീറ്റർ ദൂരത്തിനുള്ളിൽ ആണെങ്കിൽ, വെള്ളത്തിനകത്തോ മണ്ണിനകത്തോ അനുഭവിക്കുന്ന ശബ്ദമർദ്ദം, വായുവിൽ ഏതാനും മീറ്റർ ദൂരത്തിൽ ഒരു ജെറ്റ് എഞ്ചിന്റെ അടുത്ത് നിൽക്കുമ്പോൾ അനുഭവിക്കുന്നതിനു തുല്യമായിരിക്കുമെന്നാണ്.
English Summary: A new study by MIT researchers reveals that vibrations caused by falling raindrops can significantly accelerate seed germination. Experiments on over 8,000 rice seeds showed that those exposed to rain-like vibrations sprouted up to 37% faster. The study highlights how acoustic energy triggers internal cellular responses, particularly through statolith movement, helping seeds “sense” rainfall. This discovery opens new possibilities in agriculture by understanding how natural sound vibrations influence plant growth.