

ഡൽഹിയിൽ ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു. പകൽ സമയങ്ങളിലെ കടുത്ത ചൂടിനൊപ്പം രാത്രിയിലും താപനില ഉയർന്ന നിലയിൽ തുടരുന്നതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രാത്രിയാണ് വ്യാഴാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില ഗണ്യമായി ഉയർന്നതോടെ വൈദ്യുത ഉപഭോഗവും കുത്തനെ ഉയർന്നിട്ടുണ്ട്. തീപിടിത്ത നിരക്കും വർധിക്കുന്നതായിട്ടാണ് റിപ്പോർട്ടുകളും. വേനല്‍ക്കാല രോഗ വ്യാപനം രാജ്യ തലസ്ഥാനത്ത് രൂക്ഷമാണെന്ന് നേരത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
സഫ്ദർജംഗ് കാലാവസ്ഥാ കേന്ദ്രത്തിൽ വ്യാഴാഴ്ച കുറഞ്ഞ താപനില 31.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇത് 2012ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന രാത്രി താപനിലയാണ്. അതേസമയം, സഫ്ദർജംഗിൽ പരമാവധി താപനില 43.6 ഡിഗ്രി സെൽഷ്യസിലെത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇതിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. റിഡ്ജ് മേഖലയിൽ 45.3 ഡിഗ്രി സെൽഷ്യസും മുംഗേഷ്പൂരിൽ 46.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടി നിരവധി പേർ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ തണൽ കേന്ദ്രങ്ങളിലേക്ക് എത്തുകയാണ്. എയർ കൂളറുകൾ, ഫാനുകൾ, കുടിവെള്ളം എന്നിവയോടെ സജ്ജീകരിച്ച കേന്ദ്രങ്ങളിൽ വിശ്രമസൗകര്യവും ഒരുക്കിയിട്ടുണ്ട്. ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും ഉയരുന്നതായി അധികൃതർ അറിയിച്ചു.
റാം മനോഹർ ലോഹ്യ ആശുപത്രിയിൽ രണ്ട് ഹീറ്റ് സ്ട്രോക്ക് കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികളെയും ചികിത്സയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉയർന്ന ശരീരതാപനില, ഛർദ്ദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗികളെ ആശുപത്രിയിലെത്തിച്ചത്. സർ ഗംഗാ റാം ആശുപത്രിയിലും ചൂട് സംബന്ധമായ അസ്വസ്ഥതകളുമായി എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതായി അധികൃതർ വ്യക്തമാക്കി. കഠിനമായ ചൂടിൽ ദീർഘനേരം തുടരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നും ചികിത്സ വൈകിയാൽ തലച്ചോർ, ഹൃദയം, വൃക്കകൾ എന്നിവയ്ക്ക് ഗുരുതരമായ ആഘാതമുണ്ടാകാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡ് നിരക്കിലേക്ക് ഉയരുകയാണ്. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 3.31ന് ഡൽഹിയിലെ വൈദ്യുതി ഉപയോഗം 8,231 മെഗാവാട്ടായി. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കായ 8,302 മെഗാവാട്ടിനോട് അടുത്ത നിലയാണിത്. വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം 9,000 മെഗാവാട്ട് കടക്കാമെന്നാണ് വിലയിരുത്തൽ.
അതേസമയം, ചൂട് മൂലമുള്ള തീപിടിത്ത സംഭവങ്ങളും വർധിച്ചിരിക്കുകയാണ്. ഡൽഹി ഫയർ സർവീസസിന്റെ കണക്കുകൾ പ്രകാരം ഈ ആഴ്ച ശരാശരി ഓരോ ഏഴ് മിനിറ്റിലും തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടാഗോർ ഗാർഡൻ, സിറാസ്പൂർ, ഗുലാബി ബാഗ്, യമുന തീരപ്രദേശം എന്നിവിടങ്ങളിലായി വ്യാഴാഴ്ച മാത്രം നിരവധി വലിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ആളപായമൊന്നും ഉണ്ടായിട്ടില്ല. ഡൽഹിയിൽ വെള്ളിയാഴ്ചയും ഉഷ്ണതരംഗ സാഹചര്യം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. ഇതിനെ തുടർന്ന് മെയ് 27 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള വരണ്ട കാറ്റ് ശക്തമായി തുടരുന്നതിനാലാണ് ചൂട് കുറയാത്തതെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. പടിഞ്ഞാറൻ മേഖലയിൽ രൂപപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തിൽ സമീപ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാമെങ്കിലും ഡൽഹിയിൽ അതിന്റെ സ്വാധീനം കാര്യമായി അനുഭവപ്പെടാൻ സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
English Summary: Delhi is facing severe heatwave conditions with record-high night temperatures, rising hospital admissions, increased power demand, and frequent fire incidents across the city.