കേരളത്തിലെ വേനൽക്കാലത്തിന്റെ പ്രത്യേകതയാണ് 'കൺവെക്റ്റീവ് സ്റ്റോമുകൾ' അഥവാ അതിവേഗം രൂപംകൊള്ളുന്ന ഇടിമിന്നലോടു കൂടിയ മഴ. ഇടിമുഴക്കം, മിന്നൽ, കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന കനത്ത മഴ, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ്, പെട്ടെന്നുള്ള താപനില മാറ്റം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവ സംഭവിക്കാമെങ്കിലും വേനൽക്കാലത്ത്, പ്രത്യേകിച്ച് മെയ് മാസത്തിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കേരളത്തിൽ പ്രീ-മൺസൂൺ (വേനൽമഴ), പോസ്റ്റ്-മൺസൂൺ (തുലാവർഷം) കാലഘട്ടങ്ങളിൽ അതിവേഗം രൂപംകൊള്ളുന്ന ഇടിമിന്നലോട് കൂടിയ ഇത്തരം മഴകൾ ഓരോ വര്‍ഷവും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്.
വേനല്‍ക്കാലത്ത് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാമാറ്റം കനത്ത മഴ, അപകടകരമായ ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിങ്ങനെ മൂന്ന് ഭീഷണികൾ ഒരേസമയം ഉയർത്തുന്നുവെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) അറ്റ്‌മോസ്ഫെറിക് സയൻസസ് വിഭാഗം മേധാവി അഭിലാഷ് എസ്, കൃഷ്ണകുമാർ ഇ.കെ, റഡാർ ഗവേഷണ കേന്ദ്രത്തിലെ സഹപ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ പഠനത്തില്‍ പറയുന്നത്. ഇത്തരം മഴ റോഡുകളെ വെള്ളത്തിലാക്കാനും വൈദ്യുതി ബന്ധം തകർക്കാനും സ്വത്തിനും ആശയവിനിമയ ശൃംഖലകള്‍ക്കും ഉപജീവനമാർഗങ്ങൾക്കും നാശമുണ്ടാക്കാനും കാരണമാകുന്നു.
മേഘങ്ങളുടെ മുകൾഭാഗത്തെ താപനില (Brightness Temperature) മൈനസ് 33 ഡിഗ്രി സെൽഷ്യസ് താഴുന്നതും കാറ്റിന്റെ വേഗത 30 നോട്ട്സിന് (മണിക്കൂറിൽ 55.6 കി.മീ) മുകളിൽ പോകുന്നതും വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് 2021 മുതൽ 2024 വരെയുള്ള മെയ് മാസങ്ങളിലെ മഴയെക്കുറിച്ച് പഠിച്ച സംഘം കണ്ടെത്തിയിട്ടുണ്ട്. മൈനസ് 33 താപനില അങ്ങേയറ്റം ഉയരമുള്ളതും കരുത്തുറ്റതുമായ ഇടിമേഘങ്ങളുടെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളിയായ ഭൂസ്പർശമണ്ഡല (Troposphere) ത്തിന്റെ ഉപരിതലത്തില്‍ ഏകദേശം 15 കിലോമീറ്റർ വരെ ഉയരത്തിൽ എത്തുന്ന ഈ മേഘങ്ങൾ അന്തരീക്ഷത്തിലെ താപത്തിന്റെയും ഈർപ്പത്തിന്റെയും ശക്തമായ ചലനത്തെയാണ് അടയാളപ്പെടുത്തുന്നത്.
കേരളത്തിലുടനീളമുള്ള ആഘാതം
കേരളത്തിൽ വേനൽമഴക്കാലത്താണ് ഇടിമിന്നൽ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ മിന്നൽ രേഖപ്പെടുത്തുന്നത്. പഠനങ്ങൾ പ്രകാരം ഏകദേശം 75 ശതമാനം മിന്നലുകളും മഴയുള്ള ദിവസങ്ങളിലാണ് സംഭവിക്കുന്നത്. ഇത് പുറംജോലികളിൽ ഏർപ്പെടുന്നവർക്കും മറ്റും വലിയ അപകടസാധ്യതയുണ്ടാക്കുന്നു.
പ്രതിവർഷം കേരളത്തിൽ 70 പേരെങ്കിലും ഇടിമിന്നലേറ്റ് മരിക്കുന്നുണ്ടെന്നാണ് കണക്ക്. കോട്ടയത്തെ കൂടാതെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് ഏറ്റവും അപകടസാധ്യതയുള്ള മറ്റു മേഖലകൾ. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷത്തിൽ ചൂടും ഈർപ്പവും വർധിപ്പിക്കുന്നത് ഈ പ്രതിഭാസങ്ങളെ കൂടുതൽ തീവ്രമാക്കുന്നു. എല്ലാ വീടുകളില്‍ മിന്നല്‍ രക്ഷാ കവചവും മിന്നല്‍ സുരക്ഷാ ഉപകരണവും സ്ഥാപിക്കേണ്ട സ്ഥിതിവിശേഷത്തിലേക്ക് കേരളം മാറിയിട്ടുണ്ട് എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രണ്ടു മുതല്‍ 20 കിലോമീറ്റര്‍ വരെയാണ് ഇടിമിന്നല്‍ മേഘങ്ങളുടെ വ്യാപ്തി. അതുകൊണ്ട് തന്നെ ഇവയുടെ കൃത്യമായതും നേരത്തെയുള്ളതുമായ പ്രവചനം വളരെ സങ്കീര്‍ണമാണ്. ഓരോ മണിക്കൂറിലും ധാരാളം ഇടിമിന്നലാണ് ലോകത്താകമാനം നടക്കുന്നത്. എന്നാല്‍ എല്ലാ ഇടിയും മിന്നലും മേഘത്തില്‍ നിന്നും തറയില്‍ പതിക്കില്ല. ഭൂമിയുടെ ഉപരിതലത്തിനും ഇടിമേഘത്തിന്റെ അടിഭാഗത്തിനും ഇടയിലുണ്ടാകുന്ന മിന്നലുകളാണ് അപകടം ഉണ്ടാക്കുന്നത്. ഇത്തരം മിന്നലുകളുടെ ചാലകങ്ങള്‍ പതിക്കുന്ന പ്രദേശത്തുള്ള മരങ്ങള്‍, ചെടികള്‍, മനുഷ്യര്‍, പക്ഷിമൃഗാധികള്‍, വീടുകള്‍ തുടങ്ങിയവയ്ക്കെല്ലാം ഇതിന്റെ ആഘാതം ബാധിക്കുന്നു.
ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങള്‍ കാരണമായ മരണങ്ങളില്‍ 39 ശതമാനവും ഇടിമിന്നല്‍ മൂലമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപിക്കുന്നു. ഒരു വര്‍ഷം ശരാശരി 2000 ആളുകള്‍ ഇടിമിന്നലേറ്റ് ഇന്ത്യയില്‍ മരണപ്പെടുന്നു എന്നാണ് കണക്കു. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതി, മിന്നല്‍ സാന്ദ്രത എന്നിവയ്ക്ക് പുറമേ ജനസാന്ദ്രത, സാക്ഷരത നിരക്ക്, നഗരവല്‍ക്കരണം, കെട്ടിടങ്ങളുടെ സ്വഭാവം തുടങ്ങിയ ഘടങ്ങള്‍കൂടി മിന്നലേറ്റുള്ള മരണങ്ങില്‍ വലിയ പങ്കുവഹിക്കുന്നു. ന്യൂനമർദ്ദത്തിന്റെയും മൺസൂൺ കാറ്റുകളുടെയും ഫലമായി കേരളത്തില്‍ വേഗം കൂമ്പാര മേഘങ്ങൾ രൂപപ്പെടുന്നുണ്ട്. കൂമ്പാരമേഘങ്ങളുടെ ഉയര്‍ന്ന ഭാഗത്ത് കൂടുതല്‍ ഹിമകണങ്ങളും ഐസ് പരലുകളും രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം മേഘങ്ങളാണ് വലിയ തോതിലുള്ള ഇടിമിന്നലിനു കാരണമാകുന്നത്. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് കൂമ്പാരമേഘങ്ങളെ സൃഷ്ടിക്കുന്നത്.
ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങനെ?
വേനൽക്കാലത്തെ കഠിനമായ ചൂട് കാരണം ഭൂമിക്ക് മുകളിലുള്ള വായു പെട്ടെന്ന് ചൂടുപിടിക്കുകയും ഈർപ്പമുള്ള വായു അതിവേഗം അന്തരീക്ഷത്തിന്റെ മുകളിലത്തെ തട്ടിലേക്ക് ഉയരുകയും ചെയ്യുന്നു. ഇത് വലിയ കാർമേഘങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇത്തരം കാർമേഘങ്ങൾക്കുള്ളിലെ ജലകണികകളും മഞ്ഞുപാളികളും തമ്മിലുള്ള ഘർഷണം മൂലം വലിയ തോതിൽ സ്റ്റാറ്റിക് വൈദ്യുതി (Static electricity) ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മേഘങ്ങൾക്കുള്ളിലും ഭൂമിയും മേഘങ്ങളും തമ്മിലും ഇലക്ട്രിക് ഡിസ്ചാർജ് ആയി പുറത്തു വരുന്നതാണ് ഇടിമിന്നൽ. മൺസൂണിന് തൊട്ടുമുമ്പുള്ള (പ്രീ-മൺസൂൺ) മാസങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇടിമിന്നലിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. ഉയർന്ന ചൂട് കാരണം വായു ലംബമായ ഉയരുന്ന പ്രതിഭാസം പെട്ടെന്നുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും വഴിതെളിക്കുന്നു. അതേസമയം, താപനില വർധിക്കുന്നതും ഇടിമിന്നലിനുള്ള സാധ്യത വർധിക്കുന്നതിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. താപനിലയിലെ ഓരോ ഡിഗ്രി സെൽഷ്യസ് വര്‍ധിക്കുന്നതിന് അനുസരിച്ച് ഇടി മിന്നൽ സാന്ദ്രതയിൽ 12% വർധനവ് ഉണ്ടാകും.
ഇടിമിന്നല്‍ എന്തുകൊണ്ട് അപകടകരമാകുന്നു?
മിന്നല്‍ ഒരു വന്‍തോതിലുള്ള വൈദ്യുത പ്രവാഹമാണ്. ഒരു സാധാരണ ഇടിമിന്നലില്‍ ഏകദേശം 300 ദശലക്ഷം വോള്‍ട്ട് വരെ വൈദ്യുതി ഉണ്ടാകാം. ഇത് മനുഷ്യശരീരത്തിലൂടെ കടന്നുപോകുമ്പോള്‍ ഹൃദയസ്തംഭനം, നാഡീവ്യൂഹത്തിന്റെ തകരാര്‍, ആന്തരിക അവയവങ്ങള്‍ വെന്തുപോകല്‍ എന്നിവ സംഭവിക്കുന്നു. മിന്നല്‍ പിണരുകള്‍ കടന്നുപോകുന്ന വായു പെട്ടെന്ന് ചൂടാകുകയും ഈ ചൂട് മൂലം വായു പെട്ടെന്ന് വികസിക്കുകയും ചെയ്യുന്നു. ഇതാണ് 'ഇടിമുഴക്കം' എന്ന ശബ്ദമുണ്ടാക്കുന്നത്. ഈ താപം നേരിട്ടേറ്റാല്‍ ശരീരം കരിഞ്ഞുപോകും. കേരളത്തിൽ പ്രധാനമായും ഉച്ചയ്ക്ക് ശേഷമാണ് ഇടിമിന്നൽ കൂടുതൽ കാണപ്പെടുന്നത്. ഉയർന്ന മരങ്ങൾ, കെട്ടിടങ്ങൾ, ടവറുകൾ എന്നിവ മിന്നലിനെ വേഗത്തിൽ ആകർഷിക്കുന്നതിനാൽ അത്തരം സ്ഥലങ്ങളിൽ നിന്ന് മിന്നൽ സമയത്ത് മാറിനിൽക്കേണ്ടത് അത്യാവശ്യമാണ്.
അപകട സാധ്യതയും കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളും കണക്കിലെടുത്ത് കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ മുൻകരുതലെടുക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിശക്തമായ കാറ്റും ഇടിമിന്നലും സംസ്ഥാന സവിശേഷ ദുരന്തങ്ങളായി കേരളം 2015-ൽ തന്നെ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ മുന്നറിയിപ്പുകൾ നൽകാനായി നിലവില്‍ അത്യാധുനിക സംവിധാനങ്ങൾ സർക്കാർ ഉപയോഗിക്കുന്നുണ്ട്. ലൈറ്റ് വെയിറ്റ് റൂഫുകൾ കാറ്റിൽ പറന്നുപോകുന്ന സാഹചര്യം ഒഴിവാക്കാൻ അവയുടെ നിർമ്മാണത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2022-ൽ കേരളം ഒരു 'ലൈറ്റ്നിംഗ് ആക്ഷൻ പ്ലാൻ' പുറത്തിറക്കി. ഇതിന്റെ ഭാഗമായി എർത്ത് നെറ്റ്‌വർക്സ് (Earth Networks) പോലെയുള്ള സംവിധാനങ്ങൾ വഴി തത്സമയ മിന്നൽ മുന്നറിയിപ്പുകൾ നൽകിവരുന്നു. കൂടാതെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വികസിപ്പിച്ച ദാമിനി (Damini) ആപ്പും ലഭ്യമാണ്.
English Summary: Kerala is witnessing a rise in dangerous summer “convective storms”, sudden thunderstorms with lightning, heavy rain, strong winds, and hail especially during the pre-monsoon season. Experts say climate change, rising temperatures, and Kerala’s unique geography between the Arabian Sea and Western Ghats are intensifying these events. Districts including Kottayam, Ernakulam, Idukki, and Pathanamthitta face high lightning risk, with around 70 lightning-related deaths reported annually in the state.