യമാലിനെതിരെ വിദ്വേഷ പ്രചാരണങ്ങളുമായി ഇസ്രയേല്‍ മാധ്യമങ്ങള്‍, മുഖവിലയ്ക്കെടുക്കാതെ കാമ്പനൂ; പലസ്തീൻ വിഷയത്തിൽ ബാഴ്സലോണയുടെ നിലപാടിന് പിന്നിലെ ചരിത്രം

ഹമാസിന് ഏറ്റവും പ്രിയപ്പെട്ട കളിക്കാരനെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങൾ താരത്തെ വിശേഷിപ്പിച്ചത്
യമാലിനെതിരെ വിദ്വേഷ പ്രചാരണങ്ങളുമായി ഇസ്രയേല്‍ മാധ്യമങ്ങള്‍, മുഖവിലയ്ക്കെടുക്കാതെ കാമ്പനൂ; പലസ്തീൻ വിഷയത്തിൽ ബാഴ്സലോണയുടെ നിലപാടിന് പിന്നിലെ ചരിത്രം
Published on

ലാലി​ഗ കിരീടം നേടിയ ബാഴ്സലോണ ടീമിന്റെ വിക്ടറി പരേഡിൽ പലസ്തീൻ പതാക വീശിയ സൂപ്പർതാരം ലാമിൻ യമാലിന്റെ ചിത്രം കഴിഞ്ഞ ദിവസം ലോകത്താകമാനം ചർച്ചയായിരുന്നു. താരത്തിന്റെ ആഘോഷം അന്താരാഷ്ട്ര മാധ്യമങ്ങളും സോഷ്യൽമീഡിയയും വൻപ്രാധാന്യത്തോടെയാണ് വാർത്തയാക്കിയത്. പിന്നാലെ നിരവധി ഐക്യദാർഢ്യങ്ങളും വിമർശനങ്ങളും താരം നേരിട്ടെങ്കിലും അതിർവരമ്പുകള്‍ ലംഘിക്കുന്ന ആക്രമണമാണ് ഇസ്രേയേൽ മാധ്യമങ്ങള്‍ നടത്തിയത്. ഇസ്രയേൽ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും സോഷ്യൽ മീഡിയയും വംശീയവും അധിക്ഷേപകരവുമായ ഭാഷയില്‍ യമാലിനെ ആക്രമിച്ചു.

ഭീകരതയുടെ പതാക ഉയർത്തിയ ലാമിൻ യമാലിനെ ഇസ്രായേൽ ജനങ്ങൾ വെറുക്കുന്നെന്ന് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ ടെല​ഗ്രാം ചാനലിലൂടെ അറിയിച്ചു. ഹമാസിന് ഏറ്റവും പ്രിയപ്പെട്ട കളിക്കാരൻ, ഭീകരസംഘടനയുട പ്രതീകം, ഒരു ഉപകാരവുമില്ലാത്ത വിഡ്ഢി തുടങ്ങിയ തലക്കെട്ടോടുകൂടിയ വാർത്തകളാണ് ഇസ്രായേൽ മാധ്യമങ്ങളായ ചാനൽ 12, സ്പോർട്സ് 5, യെദിയോത്ത് അഹ്‌റോനോത്ത്, ചാനൽ 14, സ്പോർട്സ് 1 എന്നിവരൊക്കെ വാർത്ത പ്രസിദ്ധീകരിച്ചത്. ആയിരക്കണക്കിന് ഇസ്രയേൽ ജനങ്ങളാണ്, ചാനലുകളുടെ സോഷ്യൽ മീഡിയ വാർത്തകൾക്കുതാഴെ യമാലിനെതിരെ വംശീയവും അധിക്ഷേപവുമായ കമെന്റുകൾ പോസ്റ്റ് ചെയ്യുന്നത്.

എന്നാൽ ഇസ്രയേൽ അധിക്ഷേപങ്ങളെ യമാലും ബാഴ്സലോണയും എങ്ങനെയാവും സ്വീകരിക്കുകയെന്നതാണ് കായികലോകം ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ബാഴ്സലോണ ഇസ്രയേൽ ഭീഷണികളെ ​ഗൗനിക്കുകപോലും ഇല്ലെന്നതാണ് വസ്തുത. വിക്ടറി പരേഡിൽ യമാൽ പലസ്തീൻ പതാക വീശിയത് ഇസ്രയേലിനോടുള്ള ബാഴ്സലോണയുടെ യഥാർത്ഥ നിലപാട് തന്നെയാണ്. ​ഗസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടുക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച പ്രവിശ്യയാണ് ബാഴ്സലോണ. മാത്രമല്ല, തങ്ങളുടെ പതിനൊന്നാം ജില്ലയായി ​ഗസയെ പ്രഖ്യാപിച്ച് 12 കോടി രൂപ ഭക്ഷണത്തിനും മരുന്നിനുമായി വകയിരുത്തിയാണ് ബാഴ്സലോണ മേയർ പലസ്തീനോടുള്ള ഐക്യദാർ‍ഢ്യം പ്രകടിപ്പിച്ചത്. ​ഗാസ പുനരുദ്ധാരണത്തിനായി ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിക്ക് നൽകിവരുന്ന സാമ്പത്തിക സഹായം രണ്ട് കോടിയിൽനിന്ന് നാല് കോടിയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

യമാലിനെതിരെ വിദ്വേഷ പ്രചാരണങ്ങളുമായി ഇസ്രയേല്‍ മാധ്യമങ്ങള്‍, മുഖവിലയ്ക്കെടുക്കാതെ കാമ്പനൂ; പലസ്തീൻ വിഷയത്തിൽ ബാഴ്സലോണയുടെ നിലപാടിന് പിന്നിലെ ചരിത്രം
തമ്മില്‍തല്ലി ഇല്ലാതാകുന്ന 'റോയൽ' മാഡ്രിഡ്; പ്രതാപം വീണ്ടെടുക്കാൻ പെരസിന്റെ തന്ത്രങ്ങൾ മതിയാകുമോ?

കറ്റലോണിയൻ തലസ്ഥാനമായ ബാഴ്സലോണ ലോകത്താകമാനം അറിയപ്പെടുന്നത് തങ്ങളുടെ ഫുട്ബോൾ വശ്യതകൊണ്ടുമാത്രമല്ല. ബാഴ്സലോണ പൊതുവെ പ്രതിഷേധങ്ങളുടേയും സമരങ്ങളുടേയും ന​ഗരമാണ്. 1939ൽ ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോ സ്പെയിനിന്റെ അധികാരം പിടിച്ചെടുത്തതോടെ കാറ്റലോണിയക്കുണ്ടായിരുന്ന സ്വയംഭരണാധികാരം എടുത്തുകളഞ്ഞതുമുതലുള്ള സമരങ്ങളുടെ ചരിത്രം പറയാനുണ്ട് ബാഴ്സലോണക്ക്. 1975ൽ ഫ്രാങ്കോ അന്തരിച്ചതോടെ സ്പെയിൻ ജനാധിപത്യത്തിലേക്ക് മടങ്ങിയെങ്കിലും തങ്ങൾക്കുണ്ടായിരുന്ന സ്വയംഭരണാധികാരവും ഭാഷയും തിരിച്ചുപിടിക്കാനായി വീണ്ടും നാല് വർഷംകൂടി തെരുവിറങ്ങേണ്ടിവന്ന ജനതയാണ് കറ്റാലിയൻസ്.

പലസമയങ്ങളിലായി ലോകത്ത് നടന്നിട്ടുള്ള മനുഷ്യക്കുരുതികൾക്കെതിരെയുള്ള തങ്ങളുടെ നിലപാടറിയിക്കാൻ തെരുവിലിറങ്ങാറുള്ളവരാണ് ബാഴ്സലോണിയൻ ജനത. പലസ്തീനിലേക്ക് ​​ഭക്ഷണവും മരുന്നുകളുമായി കപ്പലയക്കുകയും, ഇസ്രായേൽ പിടിച്ചുവെച്ച കപ്പലിലുണ്ടായിരുന്ന തങ്ങളുടെ 2 മനുഷ്യാവകാശപ്രവർത്തകരെ സ്പെയിൻ സർക്കാറിനെ സമ്മർദത്തിലാക്കി പുറത്തിറക്കുകയും ചെയ്തത് കഴിഞ്ഞ ആഴ്ച്ചയാണ്. ബാഴ്സലോണക്കെതിരെ ആ​ഗോളതലത്തിൽ ഉയരുന്ന വിമർശനങ്ങൾ കേവലം കായിക തലത്തിൽനിന്ന് മാറി രാഷ്ട്രീയമായി മാറുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്.

English Summary: Lamine Yamal gained massive global media attention after waving a Palestinian flag during Barcelona's La Liga title victory parade, triggering widespread support internationally but also severe backlash. In response, Israeli politicians, media outlets, and social media users heavily targeted the 18-year-old winger, subjecting him to coordinated public attacks, racism, and intense verbal abuse.

Madism Digital
madismdigital.com