ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി നിലകൊള്ളുന്ന ശക്തമായ ന്യൂനമര്‍ദം ഇന്ന് അതിതീവ്ര ന്യൂനമര്‍ദമായി മാറുകയും 26-ന് രാവിലെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതലാണ് മഴ പ്രതീക്ഷിക്കുന്നത്. കൂടാതെ കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് ആണ്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലര്‍ട്ട് നിലവിലുണ്ട്. കൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.
റെഡ് അലര്‍ട്ട് ഉള്ള ജില്ലകളില്‍ മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിക്കുകയും അത്യാവശ്യമല്ലാത്ത യാത്രകളും പുഴകളില്‍ ഇറങ്ങുന്നതും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 51 (ബി) പ്രകാരം നടപടി സ്വീകരിക്കുന്നതാണ്.
കള്ളക്കടല്‍ ജാഗ്രതയും മത്സ്യബന്ധന വിലക്കും
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശതുള്ളവര്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കി.മീ വരെ ഉയര്‍ന്നേക്കാമെന്നതിനാല്‍ ഒക്ടോബര്‍ 26 വരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നത് പൂര്‍ണമായും വിലക്കിയിട്ടുണ്ട്.
വയനാട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സാഹസിക ടൂറിസം, ട്രക്കിങ് എന്നിവയ്ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെയും ആനക്കാംപൊയില്‍- കള്ളാടി തുരങ്ക പാത നിര്‍മ്മാണ പ്രദേശത്ത് താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗല്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ടും ആകെ 34 ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കൊടൈക്കനാലിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുകയും നീലഗിരിയില്‍ നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുന്നു. കര്‍ണാടകത്തില്‍ ബെംഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ, കൊടക് തുടങ്ങി 14 ജില്ലകളില്‍ വിവിധ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുകയും മലയോര-തീരദേശ മേഖലകളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
The India Meteorological Department (IMD) has warned of extremely heavy rainfall in Kerala over the coming days as a low-pressure system over the Bay of Bengal is expected to intensify into a cyclonic storm. Red alerts have been issued for Malappuram, Kozhikode and Wayanad on October 25, while Idukki and Palakkad are under red alert for October 26. Orange and yellow alerts have also been issued for several other districts. Authorities have advised people in red-alert districts to avoid unnecessary travel and refrain from entering rivers. Restrictions have been imposed on fishing along the Kerala, Karnataka and Lakshadweep coasts until October 26 due to strong winds and rough sea conditions. Coastal areas of Thiruvananthapuram are also likely to experience high waves and coastal flooding.