

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. സംസ്ഥാന വ്യാപകമായി ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കൻ കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. വായു ഒരു കേന്ദ്രത്തെ ചുറ്റി ഭ്രമണം ചെയ്യുന്ന അവസ്ഥയെയാണ് ചക്രവാതചുഴി എന്ന് എന്ന് പറയുന്നത്. ഈ സാഹചര്യത്തിൽ താഴ്ന്ന അന്തരീക്ഷത്തിൽ മേഘ രൂപീകരണം കൂടുകയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഉയരുകയും ചെയ്യും. കൂടാതെ തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴി മുതൽ തെക്കുപടിഞ്ഞാറൻ മധ്യപ്രദേശ് വരെ കർണാടകയുടെ ഉൾഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
മേയ് 11 വരെ മഴ തുടരും
ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മേയ് 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നൽ സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കണമെന്നും വലിയ മരങ്ങളുടെ ചുവട്ടിൽ അഭയം തേടരുതെന്നും മുന്നറിയിപ്പുണ്ട്.
English Summary: The India Meteorological Department (IMD) has issued a yellow alert in four Kerala districts due to heavy rain, thunderstorms, and strong winds. Rain is expected to continue across the state until May 11, with warnings extended to more districts in the coming days