കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ ഈയിടെ പുറത്തുവന്ന വിധി, രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന ഒന്നാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പോലുള്ള ഏജന്‍സികള്‍ക്ക് കള്ളപ്പണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും. കേവലം ഊഹാപോഹങ്ങളുടെയും അജ്ഞാത വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഒരാളെ പി എം എല്‍ എ നിയമത്തിന്റെ കുരുക്കില്‍ പെടുത്താന്‍ കഴിയില്ലെന്ന് ജസ്റ്റിസ് വിക്രം ഡി ചൗഹാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുന്നു.
അലഹബാദ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി നിയമവിദഗ്ധര്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. ഒരു വ്യക്തിയുടെ കൈവശമുള്ള ആസ്തി അജ്ഞാതമായ വരുമാന സ്രോതസില്‍നിന്ന് വന്നതാണെന്ന കാരണത്താല്‍ മാത്രം അതു കള്ളപ്പണമാണെന്നു കരുതാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി.
പി എം എല്‍ എ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം, കുറ്റകൃത്യത്തില്‍നിന്നുള്ള വരുമാനമെന്നത് ഏതെങ്കിലും ഒരു ഷെഡ്യൂള്‍ഡ് ഒഫന്‍സ് അഥവാ പ്രെഡിക്കേറ്റ് ഒഫെന്‍സുമായി ബന്ധപ്പെട്ടതാകണം. ഈ ബന്ധം ശാസ്ത്രീയമായി തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്കു ബാധ്യതയുണ്ട്. അല്ലാത്തപക്ഷം, അത് നിയമത്തിന്റെ പരിധിയില്‍ വരില്ല. ഈ കേസില്‍, പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പ്രാഥമിക കേസുകളില്‍ പലതിലും ക്ലോഷര്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുവെന്ന കാര്യം കോടതി ഗൗരവമായെടുത്തു. അടിസ്ഥാന കുറ്റകൃത്യം തന്നെ നിലനില്‍ക്കുന്നില്ലെങ്കില്‍, അതില്‍നിന്ന് ലഭിച്ച വരുമാനം എന്ന വാദത്തിന് പ്രസക്തിയില്ലെന്നു കോടതി നിരീക്ഷിച്ചു.
ഈ വിധി പ്രധാനമായും ചോദ്യം ചെയ്യുന്നത് ഇ ഡി പോലുള്ള ഏജന്‍സികളുടെ അന്വേഷണത്തിന്റെ വ്യാപ്തിയാണ്. ഒരു വ്യക്തിയെ കേസില്‍ പ്രതിചേര്‍ക്കുമ്പോള്‍, ആസ്തിയും കുറ്റകൃത്യവും തമ്മിലുള്ള നേരിട്ടുള്ള കണ്ണി തെളിയിക്കാന്‍ ഏജന്‍സികള്‍ക്കു കഴിയണം. ഈ കേസില്‍, ഉത്തര്‍പ്രദേശിലെ സ്റ്റോണ്‍ ക്രഷര്‍ യൂണിറ്റ് വാങ്ങാന്‍ ഉപയോഗിച്ച പണം ഹിമാചല്‍ പ്രദേശിലെ അനധികൃത ഖനനത്തില്‍ നിന്നുള്ളതാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഏജന്‍സിക്ക് കഴിഞ്ഞില്ല.
കേവലം സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ ദീര്‍ഘകാലം ജയിലില്‍ പാര്‍പ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നു കോടതി ഓര്‍മിപ്പിച്ചു. വിചാരണ പൂര്‍ത്തിയാകുന്നതിനു മുന്‍പേ തടവില്‍ കഴിയേണ്ടിവരുന്നതു ശിക്ഷയായി മാറാന്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ മുന്‍കാല നിലപാടുകളും ഈ ഉത്തരവില്‍ എടുത്തുപറയുന്നുണ്ട്.
ദീര്‍ഘകാലം ജയിലില്‍ കഴിയുന്നവര്‍ക്കു ജാമ്യം നിഷേധിക്കുന്നതു നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. സമാനമായ കേസുകളില്‍ കൂട്ടുപ്രതികള്‍ക്കു ജാമ്യം ലഭിച്ചിട്ടുണ്ടെങ്കില്‍, വിചാരണ വൈകുന്ന സാഹചര്യത്തില്‍ പ്രതിക്കു ജാമ്യം നല്‍കുന്നതു നിഷേധിക്കാനാവില്ല. ഈ വിധി പി എം എല്‍ എ നിയമത്തിലെ കടുപ്പമേറിയ വ്യവസ്ഥകള്‍ക്കു നിയന്ത്രണമായി പ്രവര്‍ത്തിക്കും.
ഇനി മുതല്‍, കുറ്റകൃത്യവുമായി ബന്ധമില്ലാത്ത സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനോ, വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനോ മുന്‍പ് ഏജന്‍സികള്‍ക്കു ശക്തമായ തെളിവുകള്‍ ഹാജരാക്കേണ്ടി വരും. ജനാധിപത്യത്തില്‍ നിയമവാഴ്ചയെന്നതു കേവലം അധികാരപ്രയോഗമല്ല, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നീതിനിര്‍വഹണമാണെന്ന് ഈ വിധി അടിവരയിടുന്നു. വരുംകാലങ്ങളില്‍ മറ്റു കേസുകളിലും ഈ വിധി ഒരു മുന്‍വിധിയായിഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്.
The recent judgment of the Allahabad High Court on the Prevention of Money Laundering Act (PMLA) is being seen as a significant ruling that could reshape the way India's financial crime investigation agencies operate. Agencies such as the Enforcement Directorate (ED) will now have to exercise greater caution while registering money laundering cases. The Bench headed by Justice Vikram D. Chauhan observed that a person cannot be prosecuted under the PMLA merely on the basis of suspicion or because the source of their income is unknown. The landmark ruling has sparked extensive discussions among legal experts across the country.